മലപ്പുറം: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെറ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള ഭൂമിയുള്‍പ്പെടെയുള്ള 67 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് വാര്‍ത്തയായിരിക്കയാണ്. മൊത്തത്തില്‍ നോക്കുമ്പോള്‍ പോപ്പുലര്‍ ഫ്രണ്ടും രാഷ്ട്രീയപാര്‍ട്ടിയായ എസ്ഡിപിഐയുമായി ബന്ധപ്പെട്ട് 129 കോടി രൂപയുടെ സ്വത്തുവകകള്‍ ഇതിനോടകം കണ്ടുകെട്ടിയിട്ടുണ്ട്.

ഇതില്‍ എറ്റവും പ്രധാനപ്പെട്ടതാണ് മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് പുല്‍പറ്റ പഞ്ചായത്തിലെ ഗ്രീന്‍വാലി ഫൗണ്ടേഷന്‍. 24 ഏക്കര്‍ വിസ്തൃതിയിലാണ് ഇഗ്രീന്‍വാലി അക്കാദമി പ്രവര്‍ത്തിച്ചിരുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരകേന്ദ്രമായ ഇവിടെ അടച്ചുപൂട്ടണം എന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങളായി പരാതിയുണ്ടായിരുന്നു. എന്നിട്ടും മാറിമാറി വന്ന സംസ്ഥാന സര്‍ക്കാറുകള്‍ യാതൊരു നടപടിയും എടുത്തിട്ടില്ല. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കയും നേതാക്കളെ അകത്തിടുകയും ചെയ്ത 2022-ലാണ് ഗ്രീന്‍വാലിക്ക് ഇ ഡി നോട്ടീസ് നല്‍കിയത്. അതിന്റെ ഭാഗമായി ഇപ്പോള്‍ ഗ്രീന്‍വാലിയുടെ സകല സ്വത്തുക്കളും കണ്ടുകെട്ടിയരിക്കയാണ്.

'വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ മറവില്‍ ഭീകരകേന്ദ്രം'

വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ മറവില്‍ പ്രവര്‍ത്തിക്കുന്ന ഭീകരകേന്ദ്രം എന്നാണ് എന്‍ഐഎ ഗ്രീന്‍വാലിയെക്കുറിച്ച് പറയുന്നത്. ഐടിഐ, ഡിഗ്രി കോഴ്സുകളുടെ മറവിലാണ് ഈ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.പോപ്പുലര്‍ ഫണ്ടിന്റെ വലുതും പഴക്കം ചെന്നതുമായ ആയുധ, കായിക പരിശീലന കേന്ദ്രങ്ങളിലൊന്നാണിതെന്ന് എന്‍എഐ പറയുന്നു. പുല്‍പറ്റ പഞ്ചായത്തില്‍ ഗ്രീന്‍വാലി ഫൗണ്ടേഷന്‍ ട്രസ്റ്റിനു കീഴിലാണ് 1993 മുതല്‍ അക്കാദമിയുടെ പ്രവര്‍ത്തനം.

എന്‍ഡിഎഫും പിന്നീട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും ഇതുപയോഗിച്ചുവെന്ന് എന്‍ഐഎ വ്യക്തമാക്കി.കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഭയം നല്‍കാനും അക്കാദമി ഉപയോഗിച്ചിട്ടുണ്ട്. മതമൗലികവാദം പ്രചരിപ്പിക്കാനുള്ള ക്ലാസുകളും ധാരാളം നടന്നു. 2023-ല്‍ ഇവിടെ നടത്തിയ പരിശോധനയില്‍, പോപ്പുലര്‍ ഫ്രണ്ട് നേതാവ് സി.എ റഊഫ് അടക്കമുള്ളവര്‍ ഇവിടെ എത്താറുണ്ടായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. അന്ന് ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടന്നിരുന്നു. പരിശോധനയില്‍ കണ്ടെടുത്ത ചില പുസ്തകങ്ങളും മൊബൈല്‍ ഫോണുകളുമടക്കം എന്‍.ഐ.എ സംഘം കൊണ്ടുപോയിരുന്നു.

തീര്‍ത്തും വ്യത്യസ്തമായ രീതിയിലായിരുന്നു ഈ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. ഒരുകാലത്ത് മലപ്പുറം ജില്ലയില്‍ എവിടെ പ്രശ്നം ഉണ്ടായായും പോപ്പുലര്‍ഫ്രണ്ടിനുവേണ്ടി ആളുകള്‍ എത്തുക ഗ്രീന്‍വാലിയില്‍നിന്നായിരുന്നു. രാത്രി ഇവിടെ നടക്കുന്ന പരിശീലനങ്ങളും മറ്റും ശല്യമായതിനാല്‍ നാട്ടുകാരും പലതവണ പരാതി പറഞ്ഞിട്ടുണ്ട്. ഇങ്ങനെ സിപിഎം പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ഒരു വേള മഞ്ചേരിയിലെ ഭീകരകേന്ദ്രം അടച്ചുപൂട്ടണം എന്ന് പറഞ്ഞ്, ഗ്രീന്‍വാലിയിലേക്ക് മാര്‍ച്ച് നടത്തി. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഭീഷണിപ്പെടുത്തിയതോടെ എല്ലാവരും വലിഞ്ഞു. കേരള പൊലീസിനുപോലും ഇങ്ങോട്ട് ഒരു റെയിഡിനുപോകാന്‍ ഭയമായിരുന്നു. വാര്‍ത്ത എഴുതിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ഭീഷണിയുണ്ടായി.

കൃത്യമായ ക്ലാസുകളിലൂടെയും വീഡിയോകളിലൂടെയും ആളുകളെ മസ്തിഷ്‌ക്ക പ്രക്ഷാളനം നടത്തിയിരുന്നത് ഇവിടെയാണെന്ന്, പോപ്പുലര്‍ ഫ്രണ്ടിനെതിരൊയ കുറ്റപത്രത്തില്‍ എന്‍ഐഎ എടുത്തു പറഞ്ഞിരുന്നു. ഇവര്‍ ഐടിഐകളും കമ്പ്യൂട്ടര്‍ക്ലാസുകളുമെല്ലാം നടത്തുന്നതും, വര്‍ഗീയാടിസ്്ഥാനത്തിലായിരുന്നു. തങ്ങള്‍ ഗള്‍ഫില്‍നിന്ന് സമ്പാദിച്ച പണം മറ്റുള്ളവര്‍ കൊണ്ടുപോവുകയാണെന്നും, അതിനാല്‍ എല്ലാ അടിസ്ഥാനത്തിലും സ്വയം പര്യാത്മാവണം എന്ന് പറഞ്ഞുകൊണ്ടാണ്, ആശാരിപ്പണി തൊട്ടുള്ള കാര്യങ്ങള്‍ ഇവിടെ പഠിപ്പിക്കുന്നത് എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും എന്‍ഐഎ കുറ്റപത്രത്തില്‍ ഉണ്ടായിരുന്നു.


ഇത് ശരിയാണെന്ന് ഇവിടെനിന്ന് രക്ഷപ്പെട്ട ഒരു ചെറുപ്പക്കാരനും സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. കേരളാപൊലീസ് വിചാരിച്ചിട്ട് ഒന്നും ചെയ്യാന്‍ കഴിയാത്ത ഒരു ഭീകരകേന്ദ്രത്തിനാണ് കേന്ദ്ര ഏജന്‍സികള്‍ താഴിട്ടിരിക്കുന്നത്.