കൊച്ചി: കേരള ട്രേഡ് സെന്റർ കെട്ടിട അഴിമതിയുമായി ബന്ധപ്പെട്ട് കേരള ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി മുൻ ചെയർമാൻ കെ.എൻ. മർസൂക് അടക്കമുള്ളവർക്കെതിരായ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. 6.03 കോടിയുടെ സ്വത്ത് ഇ.ഡി താൽക്കാലികമായി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമപ്രകാരമാണ് നടപടി.

ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ മുൻ ഡയറക്ടറാണ് മർസൂക്ക്. ഇദ്ദേഹത്തിന്റെ സഹോദരൻ കെ എൻ ഫസർ, ചേംബർ മുൻ ചെയർമാൻ ഇ പി ജോർജ് എന്നിവരാണ് മറ്റു പ്രതികൾ. മൂവരുടെയും പേരിലുള്ള ഭൂമി, വീടുകൾ, കേരള ട്രേഡ് സെന്ററിലെ ഓഫീസുകൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവയാണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളിപ്പിച്ചതായ പരാതിയുടെ അടിസ്ഥാനത്തിൽ മൂവർക്കുമെതിരെ എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ജി ഗിരീഷ്ബാബുവാണ് പരാതിക്കാരൻ.

ചേംബറിന്റെ ഭാരവാഹിസ്ഥാനം ദുരുപയോഗിച്ച് സ്ഥലവിൽപ്പനയുടെ മറവിൽ ഇവർ കോടികളുടെ കള്ളപ്പണം ഇടപാട് നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ചെറുപുഷ്പം ഫിലിംസുമായി ചേർന്ന് ചേംബർ 2003ൽ മേനക ജങ്ഷനിൽ നിർമ്മിച്ച കേരള ട്രേഡ് സെന്ററിലെ വാണിജ്യാവശ്യത്തിനുള്ള സ്ഥലവിൽപ്പനയുടെ മറവിലായിരുന്നു തട്ടിപ്പ്.

വിൽപ്പനരേഖകളിൽ വിലകുറച്ച് കാണിച്ചശേഷം കോടികൾ കള്ളപ്പണമായി കൈപ്പറ്റിയെന്നാണ് കേസ്. ഇത്തരത്തിൽ പത്തോളം ഇടപാടുകൾ നടത്തി. കെ എൻ ഫസറും ഇ പി ജോർജുമാണ് ഇടനിലക്കാരായത്. ഈ കള്ളപ്പണം ഉപയോഗിച്ച് രാജ്യത്തിനകത്തും പുറത്തും മൂവരും സ്വത്തുക്കൾ സമ്പാദിച്ചു. മിഡിൽ ഈസ്റ്റ് ബ്രോഡ്കാസ്റ്റിങ് നെറ്റ്‌വർക് എന്ന പേരിൽ ചാനൽ കമ്പനി രൂപീകരിക്കാനും കള്ളപ്പണം നിക്ഷേപിച്ചു. ടിവി ന്യൂ എന്ന പേരിൽ ചാനൽ ആരംഭിച്ചെങ്കിലും മർസൂക്കിനെതിരായ കേസുകളുടെ ഭാഗമായി ഇതിന്റെ സംപ്രേഷണം കേന്ദ്ര വാർത്താവിതരണ മന്ത്രാലയം പിന്നീട് തടഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു.

പി കെ കുഞ്ഞാലിക്കുട്ടി വ്യവസായമന്ത്രിയായിരിക്കെ 2003ൽ സംഘടിപ്പിച്ച ജിമ്മിലൂടെയാണ് കേരള ട്രേഡ് സെന്റർ എന്ന അഴിമതിപദ്ധതിയുടെ തുടക്കം. വാണിജ്യ കേന്ദ്രമായി നിർമ്മിക്കാൻ സർക്കാരിൽനിന്ന് ഇളവുകൾ നേടിയെടുത്തശേഷം റിയൽ എസ്റ്റേറ്റ് പദ്ധതിയായി മാറ്റുകയായിരുന്നു. 11 നില നിർമ്മിക്കാനായിരുന്നു അനുമതിയെങ്കിലും 13 നിലയുണ്ടാക്കി. വാണിജ്യാവശ്യത്തിനുള്ള മുറികൾക്കുപുറമെ അപ്പാർട്മെന്റ് നിർമ്മിച്ചതും ട്രേഡ് സെന്ററിനെ വിവാദക്കുരുക്കിലാക്കി. കെട്ടിടനിർമ്മാണത്തിലും വൻ സാമ്പത്തിക ക്രമക്കേട് കണ്ടെത്തി. മർസൂക്കിനായിരുന്നു നിർമ്മാണച്ചുമതല.

എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് കള്ളപ്പണ നിരോധന നിയമപ്രകാരം അന്വേഷണം ആരംഭിച്ചത്. കോടികളാണ് ട്രേഡ് സെന്റർ അക്കൗണ്ടിൽനിന്ന് വകമാറ്റിയതെന്ന് ഇ.ഡി വാർത്തക്കുറിപ്പിൽ പറഞ്ഞു.