- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനില്‍ അംബാനിയുടെ 1,120 കോടിയുടെ ആസ്തികള്‍ ഇഡി കണ്ടുകെട്ടി; കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ തുടര്‍ച്ചയായി നടപടി; ആകെ കണ്ടുകെട്ടിയത് 10,117 കോടിയുടെ സ്വത്തുക്കള്‍; റിലയന്‍സ് ഗ്രൂപ്പിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ അംബാനി ഇടപെടല്‍ നടത്തിയില്ലെന്ന വാദവുമായി കമ്പനി
അനില്‍ അംബാനിയുടെ 1,120 കോടിയുടെ ആസ്തികള്‍ ഇഡി കണ്ടുകെട്ടി
മുംബൈ: അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് വലിയ തിരിച്ചടി. റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ 1,120 കോടി രൂപയുടെ ആസ്തികള്‍ കൂടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. കുറച്ചുകാലങ്ങളായി തുടരുന്ന നടപടികളുടെ ഭാഗമായാണ് ഇപ്പോഴത്തെ നടപടി. മുംബൈയിലെ റിലയന്‍സ് സെന്റര്‍, ഒരു ഗസ്റ്റ് ഹൗസ്, ചില താമസസ്ഥലങ്ങള്‍, ചെന്നൈയിലെ 231 പ്ലോട്ടുകള്‍ എന്നിവ കണ്ടുകെട്ടിയവയില്‍പ്പെടുന്നു.
റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ് (ആര്‍എച്ച്എഫ്എല്‍), റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ് (ആര്‍സിഎഫ്എല്‍) എന്നിവയുടെ ഉടമസ്ഥതയിലുള്ളവയാണ് ഈ സ്വത്തുക്കള്‍. അനില്‍ അംബാനിയുടെ കമ്പനികള്‍ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ തുടര്‍ച്ചയായാണ് ഇഡിയുടെ നടപടി. യെസ് ബാങ്കിലെ ഒരു തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണ് ഇതെന്നാണ് ഇഡി പറയുന്നത്. നേരത്തേ അനില്‍ അംബാനിയുടെ ബിസിനസ് ഗ്രൂപ്പിന്റെ 8,997 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി മരവിപ്പിച്ചിരുന്നു.
പുതിയ നടപടികൂടി ആയതോടെ മൊത്തം 10,117 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം താത്കാലികമായി കണ്ടുകെട്ടിയ 18 സ്ഥാവര സ്വത്തുക്കളില്‍ ബല്ലാര്‍ഡ് എസ്റ്റേറ്റിലെ റിലയന്‍സ് സെന്റര്‍, അന്ധേരി ഈസ്റ്റിലെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ഒരു വാണിജ്യ ഓഫീസ് കെട്ടിടം, സാന്റാക്രൂസിലെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ താമസസൗകര്യങ്ങളും ഒരു ഗസ്റ്റ് ഹൗസും ഉള്‍പ്പെടുന്നു. ഇവയെല്ലാം മുംബൈയിലാണ് സ്ഥിതിചെയ്യുന്നത്.
റിലയന്‍സ് വാല്യൂ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ 231 വസ്തുക്കളും ഏഴ് ഫ്ളാറ്റുകളും ഇതേ ഉത്തരവിന്റെ ഭാഗമായിത്തന്നെയാണ് കണ്ടുകെട്ടിയത്. കണ്ടുകെട്ടിയ സ്വത്തുക്കളില്‍ സ്ഥിരനിക്ഷേപങ്ങള്‍, ബാങ്ക് നിക്ഷേപങ്ങള്‍, റിലയന്‍സ് അനില്‍ അംബാനി ഗ്രൂപ്പിന്റെ ഓഹരികള്‍ എന്നിവ ഉള്‍പ്പെടുന്നു. കണ്ടുകെട്ടലിന്റെ ആകെ മൂല്യം 1,120 കോടിയാണ്.
എന്നാല്‍ റിലയന്‍സ് ഗ്രൂപ്പിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ അംബാനി ഇടപെടല്‍ നടത്തിയിരുന്നില്ലെന്നാണ് കമ്പനികള്‍ ആവര്‍ത്തിച്ച് പറയുന്നത്. ഈ കമ്പനികള്‍ക്കെതിരായ 17,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹത്തെ ഒരിക്കല്‍ ഇഡി ചോദ്യം ചെയ്തിരുന്നു.
ജയ്പൂര്‍-രീംഗസ് ഹൈവേ പ്രോജക്റ്റില്‍ നിന്ന് 40 കോടി രൂപ വിദേശത്തേക്ക് കടത്താന്‍ അനില്‍ അംബാനി ഗ്രൂപ്പ് ശ്രമിച്ചതായാണ് ഇഡി ആരോപിക്കുന്നത്. സൂറത്തിലെ ഷെല്‍ കമ്പനികള്‍ വഴി ഈ പണം ദുബായിലേക്ക് കടത്തിയതായി ഇ.ഡി. പറയുന്നു. 600 കോടി രൂപയിലധികം വരുന്ന ഒരു വലിയ അന്താരാഷ്ട്ര ഹവാല ശൃംഖലയുടെ ഭാഗമാണെന്നാണ് ഇഡി കരുതുന്നത്.
ആര്‍കോം ബാങ്ക് തട്ടിപ്പ് കേസില്‍, തട്ടിപ്പ്, ഗൂഢാലോചന, അഴിമതി എന്നീ കുറ്റങ്ങള്‍ ചുമത്തി സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിനെ തുടര്‍ന്നാണ് ഇ.ഡി. അന്വേഷണം ആരംഭിച്ചത്. 2010 നും 2012 നും ഇടയില്‍ ഇന്ത്യന്‍, വിദേശ ബാങ്കുകളില്‍ നിന്ന് 40,000 കോടി രൂപയിലധികം വായ്പയെടുത്ത ആര്‍കോമും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുമാണ് ഈ അന്വേഷണത്തിന്റെ പരിധിയില്‍ വന്നത്. വായ്പാ അക്കൗണ്ടുകളില്‍ അഞ്ചെണ്ണം പിന്നീട് വായ്പ നല്‍കിയ ബാങ്കുകള്‍ തട്ടിപ്പായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.




