എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ ഇഡി അന്വേഷണം അട്ടമറിക്കാൻ വീണ്ടും കേരളാ പൊലീസ് നീക്കം എന്ന് ആരോപണം. കരുവന്നൂരിൽ ഇഡി പിടിച്ചെടുത്ത രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പ്രത്യേക കോടതിയിൽ അപേക്ഷ നൽകി. കോടതി നിലപാട് അതിനിർണ്ണായകമാണ്. കീഴ് കോടതി ആവശ്യം അംഗീകരിച്ചാൽ ഇഡി അപ്പീൽ നൽകും.

അന്വേഷണത്തിന് രേഖകൾ മഹസിറിന്റെ ഭാഗമാക്കണം. എല്ലാ രേഖകളും കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. എന്നാൽ ഇത് തമ്മിലടക്കാനുള്ള നേരമല്ലെന്ന് ഇഡി വ്യക്തമാക്കി. ക്രൈംബ്രാഞ്ച് നടപടി അപക്വമാണ്. നിക്ഷേപകർ സൈസൈറ്റികൾക്ക് മുന്നിൽ യാചിക്കുകയാണ്. ജീവിത സമ്പാദ്യം നഷ്ടമായവരാണിവർ. ഇഡി അന്വേഷണം ശരിയായ ദിശയിൽ നടക്കുകയാണ്. 55 അപേർക്കെതിരായ അന്വേഷണം പൂർത്തിയായെന്നും, രേഖകൾ കൈമാറണമെന്ന ആവശ്യം തള്ളണമെന്നും ഇഡി ആവശ്യപ്പെട്ടു.

രേഖകൾ ക്രൈംബ്രാഞ്ചിന് പകർപ്പായി നൽകിയാൽ പോലും പ്രതികളുടെ കൈയിലേക്ക് അതെത്തുമെന്ന വിലയിരുത്തൽ ഇഡിക്കുണ്ട്. രഹസ്യ തെളിവുകൾ അടിസ്ഥാനമാക്കി വമ്പൻ സ്രാവുകളെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. ഇതിനിടെയാണ് കോടതിയിൽ നിന്നും ഈ രേഖകൾ കൈയിൽ കിട്ടാനുള്ള കേരളാ പൊലീസിന് കീഴിലെ ക്രൈംബ്രാഞ്ചിന്റെ നീക്കം.

കരുവന്നൂരിൽ നിന്നു പാർട്ടി സഖാക്കൾ മോഷ്ടിച്ച പണത്തിന്റെ പങ്കു സിപിഎം ജില്ലാ കമ്മിറ്റിയും പങ്കിട്ടുവെന്ന മൊഴി പാർട്ടിക്കു വൻ തിരിച്ചടിയാണ്. പാർട്ടി അംഗങ്ങൾതന്നെയാണു പാർട്ടി നേതാക്കൾക്ക് എതിരെ മൊഴി നൽകിയിരിക്കുന്നത്. കരുവന്നൂരിലെ തട്ടിപ്പിൽ പാർട്ടിക്കു പങ്കില്ലെന്നും ഉദ്യോഗസ്ഥ തലത്തിൽ നടന്നതാണെന്നുമായിരുന്നു ആദ്യ നിലപാട്. എന്നാൽ പിന്നീടു പാർട്ടിതന്നെ അന്വേഷണം നടത്തി ബാങ്കുമായി നേരിട്ടു ബന്ധപ്പെട്ട സിപിഎം പ്രവർത്തകർക്കു പങ്കുണ്ടെന്നു കണ്ട് അവർക്കെതിരെ നടപടിയെടുത്തു. അപ്പോഴും പറഞ്ഞിരുന്നത് ഇതു ജില്ലാ കമ്മിറ്റി അറിയാതെ താഴെത്തട്ടിൽ നടന്ന കളിയാണെന്നാണ്.

എന്നാൽ ജില്ലാ സെക്രട്ടേറിയറ്റ് മുൻ അംഗം സി.കെ.ചന്ദ്രനെ പല തവണ ചോദ്യം ചെയ്തതോടെ തട്ടിപ്പിന്റെ സ്വഭാവം മാറി. ഈ അന്വേഷണമാണു എ.സി.മൊയ്തീനിലേക്ക് എത്തിയത്. തീർന്നുവെന്നു കരുതിയിരിക്കെയാണ് കേരള ബാങ്ക് വൈസ് ചെയർമാനും സംസ്ഥാന കമ്മിറ്റി അംഗവുമായ എം.കെ.കണ്ണനിലേക്കും അന്വേഷണമെത്തിയത്. ഈ സാഹചര്യത്തിലാണ് ഇഡിയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് നീക്കം.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള കേസുകൾ പരിഗണിക്കുന്ന കോടതിയിലാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി അപേക്ഷ നൽകിയത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. ഇ.ഡിയുടെ അന്വേഷണം തുടങ്ങുന്നതിനു മുമ്പ് കരുവന്നൂർ ബാങ്കിൽ റെയ്ഡ് നടത്തി ക്രൈംബ്രാഞ്ച് സംഘം 92 നിർണായക രേഖകൾ കസ്റ്റഡിയിൽ എടുത്തെന്നും ആവശ്യപ്പെട്ടിട്ടും ഈ രേഖകളോ അതിന്റെ പകർപ്പോ കൈമാറാൻ ക്രൈംബ്രാഞ്ച് തയ്യാറായില്ലെന്നും ഇ.ഡി നേരത്തെ കോടതിയിൽ അറിയിച്ചിരുന്നു.

കേസിൽ ഇ.ഡിയുടെ അന്വേഷണം ഏറെ പുരോഗമിച്ച സാഹചര്യത്തിലാണ് അവരുടെ പരിശോധനയിൽ ലഭിച്ച വിവരങ്ങളും രേഖകളും ഡിജിറ്റൽ തെളിവുകളും തേടി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്.