- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സിഎംആർഎൽ ജീവനക്കാരെ ചോദ്യം ചെയ്തതോടെ ശശിധരൻ കർത്തക്കായി വലവിരിച്ചു ഇഡി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിൽ കരിമണൽ കമ്പനിയായ സി.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തക്ക് വീണ്ടും എൻഫോഴ്‌സ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടീസ്. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ഹാജരാകാൻ സാധിക്കില്ലെന്ന് അറിയിച്ചെങ്കിലും കർത്തയെ എത്രയും വേഗം ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നൽകി. ഇന്നലെ രാത്രിയാണ് നോട്ടീസ് അയച്ചത്.
ശശിധരൻ കർത്തക്കടക്കമാണ് നോട്ടീസ് നൽകിയിരുന്നതെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ അറിയിച്ച് ഇദ്ദേഹം ഹാജരായിരുന്നില്ല. ഇ.ഡി സമൻസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയ സാഹചര്യത്തിൽ തിങ്കളാഴ്ച ശശിധരൻ കർത്ത ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതായിരുന്നു. ഇന്ന് ഇതുവരെ സിഎംആർഎൽ എംഡി ഹാജരായിട്ടില്ല.
അതേസമയം, മാസപ്പടിക്കേസിൽ കൊച്ചിയിലെ കരിമണൽ കമ്പനിയായ സി.എം.ആർ.എൽ ഉദ്യോഗസ്ഥരെ ഇ.ഡി ചോദ്യം ചെയ്യുന്നത് 23 മണിക്കൂർ പിന്നിട്ടു. കമ്പനി ചീഫ് ഫിനാൻസ് ഓഫിസർ കെ.എസ്. സുരേഷ് കുമാർ, സീനിയർ മാനേജർ എൻ.സി. ചന്ദ്രശേഖരൻ, സീനിയർ ഐ.ടി ഓഫിസർ അഞ്ജു എന്നിവരെയാണ് ഇ.ഡി വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്. ഇതിൽ കമ്പനി ചീഫ് ഫിനാൻസ് ഓഫിസർ കെ.എസ്. സുരേഷ് കുമാർ മടങ്ങിയിട്ടുണ്ട്.
വീണയെ ചോദ്യം ചെയ്യാൻ ഉതകുന്ന മൊഴികൾ ശേഖരിക്കുക എന്നതാണ് ഇഡിയുടെ ലക്ഷ്യമെന്നാണ് സൂചനകൾ. ഇന്നലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മാസപടി വിവാദം മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാക്കി ഉയർത്തി കൊണ്ട് വന്നിരുന്നു. ഏപ്രിൽ 26ന് കേരളത്തിൽ നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് മുമ്പ് വിഷയം വലിയ വിവാദമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വോട്ടെടുപ്പിലേക്ക് കേരളം നീങ്ങുമ്പോൾ മുഖ്യമന്ത്രിയുടെ മകളെ വിളിച്ചു വരുത്താമെന്നും ഇഡിക്ക് കണക്കു കൂട്ടലുണ്ടെന്ന് സൂചനയുണ്ട്.
കേരളത്തിലെ പ്രതിപക്ഷ കക്ഷിയായ യുഡിഎഫും മുഖ്യമന്ത്രിയുടെ മകളുടെ പങ്ക് ചൂണ്ടിക്കാട്ടി രംഗത്തെത്തി. എന്നാൽ വിഷയത്തിൽ പ്രതികരിച്ച് തിരഞ്ഞെടുപ്പ് സമയത്ത് വിഷയം ചർച്ചയാക്കേണ്ടന്ന നിലപാടിലാണ് സംസ്ഥാന സർക്കാറും സിപിഐഎമ്മും. അതേസമയം സിഎംആർഎൽ മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണ തൈക്കണ്ടിയെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ സംഘം ചോദ്യം ചെയ്തിരുന്നില്ല. അതേസമയം എക്സാലോജിക്കുമായി സംശയകരമായ ഇടപാടുകൾ നടത്തിയ സ്ഥാപനങ്ങളുടെ മേധാവിമാരെ എസ്എഫ്ഐഒ താമസിയാതെ ചോദ്യം ചെയ്യും.
12 സ്ഥാപനങ്ങളിൽ നിന്നും ഇതിനോടകം സാമ്പത്തിക ഇടപാടിന്റെ രേഖകൾ ഉൾപ്പടെ എസ്എഫ്ഐഒ ശേഖരിച്ചിട്ടുണ്ട്. ഇത് വിശദമായി പരിശോധിക്കും. എക്സാലോജിക്കുമായി ബന്ധമുള്ള എട്ട് സ്ഥാപനങ്ങളുടെ വിവരങ്ങൾ പരാതിക്കാരനായ ഷോൺ ജോർജ് എസ്എഫ്ഐഒയ്ക്ക് നേരത്തെ കൈമാറിയിരുന്നു. ഈ സ്ഥാപനങ്ങളിൽ നിന്നും രേഖകൾ ആവശ്യപ്പെട്ടിരുന്നു. സാന്റാമോണിക്ക, ജെഡിടി ഇസ്ലാമിക്, അനന്തപുരി എഡ്യുക്കേഷൻ സൊസൈറ്റി, കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളേജ് ഉൾപ്പടെ പല സ്ഥാപനങ്ങളും ചെറുതും വലുതുമായ തുക എക്സാലോജിക്കിന് കൈമാറിയിട്ടുണ്ട്. ഈ തുകയ്ക്ക് സേവനം ലഭിച്ചിട്ടുണ്ടോ എന്നാണ് എസ്എഫ്ഐഒ പ്രധാനമായും പരിശോധിക്കുന്നത്.
വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്ക് സോഫ്ട് വെയർ സേവനത്തിന്റെ പേരിൽ സി.എം.ആർ.എൽ 1.72 കോടി രൂപ നൽകിയെന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ. ഇതുകൂടാതെ വായ്പ എന്ന പേരിലും അരക്കോടിയോളം നൽകി. ഇതുസംബന്ധിച്ചാണ് ഇ.ഡി കള്ളപ്പണം തടയൽ നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കുന്നത്.
സി.എം.ആർ.എൽ കമ്പനിക്ക് സേവനമൊന്നും ലഭ്യമായിട്ടില്ലാതിരിക്കെ തുക കൈമാറിയതിലെ ദുരൂഹതയാണ് ചോദ്യമുനയിൽ. എക്‌സാലോജിക് എന്തു സേവനമാണ് സി.എം.ആർ.എല്ലിന് നൽകിയതെന്നതിന് ഇരു കമ്പനികളും വ്യക്തമായ മറുപടി നൽകിയിട്ടില്ല. ഇരുകമ്പനികളും തമ്മിൽ നടന്ന 1.72 കോടിയുടെ ഇടപാടുകളുടെ രേഖകൾ പരിശോധിച്ച് സി.എം.ആർ.എൽ പ്രതിനിധികളിൽ നിന്ന് പ്രാഥമിക മൊഴിയാണ് രേഖപ്പെടുത്തിയത്.
സി.എം.ആർ.എൽ 2013-14 മുതൽ 2019-20 വരെ കാലയളവിൽ 135 കോടിയുടെ സ്വത്ത് സമ്പാദിച്ചത് വെളിപ്പെടുത്തിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് കണ്ടത്തിയിരുന്നു. ഇതിൽ 95 കോടി ചില രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തികൾക്കും കൈമാറിയതായാണ് കണ്ടെത്തൽ. ഇതുസംബന്ധിച്ച വിശദീകരണവും ഇ.ഡി തേടി. സി.എം.ആർ.എല്ലും എക്‌സാലോജിക്കും ഉണ്ടാക്കിയ സാമ്പത്തിക ഇടപാടിന്റെ രേഖകളും പണം കൈമാറിയ ഇൻവോയ്‌സുകളും ലെഡ്ജർ അക്കൗണ്ടും ഹാജരാക്കാൻ നിർദ്ദേശിച്ചിരുന്നെങ്കിലും ഭാഗികമായി മാത്രം സമർപ്പിച്ചതായാണ് വിവരം.