- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി വി അന്‍വറിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്; പുലര്‍ച്ച് ഏഴ് മണിയോടെ ഒതായിലെ വീട്ടിലെത്തി എന്‍ഫോഴ്സ്മെന്റ് സംഘം; അടുത്ത സഹായികളുടെ വീട്ടിലും പരിശോധന; സുരക്ഷക്കായി പോലീസ് സംഘവും; ഇഡി എത്തിയത് കേരള ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നും 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിലെന്ന് സൂചന
പി വി അന്‍വറിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്
മലപ്പുറം: മുന്‍ ഇടതു എംഎല്‍എ പി വി അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്. ഏഴ് മണിയോടെയാണ് ഇ ഡി സംഘം അന്‍വറിന്റെ വീട്ടിലെത്തിയത്. മലപ്പുറം ഒതായിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. ഡ്രൈവര്‍ സിയാദ് അടക്കം അന്‍വറിന്റെ അടുത്ത സഹായികളുടെ വീട്ടിലും ഇ ഡി സംഘം എത്തിയെന്നാണ് വിവരം.
കൊച്ചിയില്‍ നിന്നുള്ള ഇ ഡി സംഘമാണ് പരിശോധന നടത്തുന്നത്. വലിയ പൊലീസ് സുരക്ഷയിലാണ് പരിശോധന. കേരള ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നും അന്‍വര്‍ 12 കോടി രൂപ വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ നേരത്തെ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ഈ രേഖകള്‍ ഇ ഡി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് വിവരം.
മലപ്പുറം കെഎഫ്‌സിയിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പി വി അന്‍വര്‍ 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ വിജിലന്‍സും പരിശോധന നടത്തിയരുന്നു. 2015 ല്‍ കെ എഫ് സിയില്‍ നിന്ന് 12 കോടി വായ്പയെടുത്ത അന്‍വര്‍ അത് തിരിച്ചടച്ചില്ലെന്നാണ് ആരോപണം. പലിശയടക്കം 22 കോടി രൂപയാണ് ഇപ്പോള്‍ തിരികെ നല്‍കാനുള്ളത്. ഇത് കെ എഫ് സിക്ക് വന്‍ നഷ്ടം വരുത്തിയത്. ഇടതു സര്‍ക്കാറിനോട് അടുത്ത നിന്ന വേളയില്‍ ഈ കേസുകളെല്ലാം മൂടിവെക്കപ്പെട്ടിരുന്നു. ഇപ്പോള്‍ സര്‍ക്കാറിന് എതിരായ ഘട്ടത്തിലാണ് അന്വേഷണം നടക്കുന്നതും.
ഒരാഴ്ച്ച മുമ്പ് അന്‍വറിന്റെ ഉടമസ്ഥതയിലുള്ള മഞ്ചേരിയിലെ 'സില്‍സില' അമ്യൂസ്മെന്റ് പാര്‍ക്കില്‍ വിജിലന്‍സ് വിഭാഗം പരിശോധന നടത്തിയിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം വിജിലന്‍സ് സംഘം പരിശോധന നടത്തിയത്.
വിവിധ വിഭാഗങ്ങളിലെ രേഖകളും അക്കൗണ്ടുകളും പരിശോധിച്ചു. പാര്‍ക്കിന്റെ നടത്തിപ്പ് ചുമതലയിലുള്ളവരോടും ജീവനക്കാരോടും സംഘം വിവരങ്ങള്‍തേടി. ചില പ്രധാനരേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തതായാണ് വിവരം. ഉച്ചയ്ക്ക് രണ്ടുമണിയോടെ ആരംഭിച്ച പരിശോധന വൈകീട്ട് ആറരയോടെയാണ് അവസാനിച്ചത്. കൂടുതല്‍ വിവരങ്ങള്‍ വിജിലന്‍സ് പുറത്തുവിട്ടിരുന്നില്ല.
അതേസമയം ഇതി മുമ്പ് ക്രഷര്‍ ഇടപാടില്‍ ഇഡി അന്‍വറിനെ ചോദ്യം ചെയ്തിരുന്നു. മംഗലാപുരം ബെല്‍ത്തങ്ങാടിയിലെ ക്രഷര്‍ ഇടപാടിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യല്‍. ക്രഷറില്‍ 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ പി.വി അന്‍വര്‍ തട്ടിയെന്ന് പ്രവാസി എന്‍ജിനീയര്‍ നടുത്തൊടി സലീം പരാതി നല്‍കിയിരുന്നു. വിഷയം അന്വേഷിച്ച ക്രൈം ബ്രാഞ്ച് പി.വി. അന്‍വര്‍ കുറ്റക്കാരനാണെന്ന് വ്യക്തമാക്കി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പിവി അന്‍വര്‍ഇതിനു പിന്നാലെ പരാതിയില്‍ ഇ.ഡിയും കേസെടുക്കുകയും അന്വേഷണം നടത്തുകയുമായിരുന്നു.




