- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഛത്തീസ്‌ഗഡിൽ തിരഞ്ഞെടുപ്പിന് നാലുനാൾ മാത്രം അവശേഷിക്കെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇഡി; വിവാദത്തിൽ പെട്ട മഹാദേവ് ബെറ്റിങ് ആപ്പ് പ്രമോട്ടർമാർ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് 508 കോടി കോഴയായി നൽകിയെന്ന് ആരോപണം; മഹാദേവ് ആപ്പ് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചെലവുകൾക്കായി കോടികൾ ഒഴുക്കിയെന്നും ഇഡി
ന്യൂഡൽഹി: ഛത്തീസ്‌ഗഡിൽ ആദ്യ ഘട്ട തിരഞ്ഞെടുപ്പിന് നാലുനാൾ മുമ്പ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇഡി. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് വിവാദത്തിൽ പെട്ട മഹാദേവ് ബെറ്റിങ് ആപ്പ് 508 കോടി കോഴയായി നൽകിയെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആരോപിക്കുന്നത്. വെളിപ്പെടുത്തൽ കോൺഗ്രസ് സർക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്.
5 കോടിയുടെ കള്ളപ്പണവുമായി പിടിയിലായ ഒരാളാണ് ഇക്കാര്യം ഏജൻസിയോട് പറഞ്ഞത്. തന്റെ പക്കലുള്ള പണം ബാഗേൽ എന്ന പേരായ ഒരു രാഷ്ട്രീയക്കാരന് നൽകാൻ വേണ്ടിയുള്ളതാണെന്ന് ഇടനിലക്കാരൻ വെളിപ്പെടുത്തിയെന്നാണ് ആരോപണം. ഛത്തീസ്‌ഗഡിലെ തിരഞ്ഞെടുപ്പ് ചെലവുകൾക്കായാണ് ഈ പണം എത്തിച്ചത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാദേവ് ആപ്പിന്റെ പ്രമോട്ടർമാർ വൻതോതിൽ പണമൊഴുക്കുന്നതായി ഇന്റലിജൻസ് വിവരം കിട്ടിയെന്നും ഇഡി പറയുന്നു. വ്യാഴാഴ്ച ഇഡി ഭിലായിലെ ഹോട്ടൽ ട്രൈറ്റണിലും മറ്റൊരിടത്തും തിരച്ചിൽ നടത്തിയപ്പോഴാണ് അസിം ദാസ് എന്ന ഇടനിലക്കാരനെ പിടികൂടിയത്. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചെലവുകൾക്കായി വൻതോതിൽ പണം എത്തിക്കുകയായിരുന്നു ഇയാളുടെ ദൗത്യം.
അസിം ദാസിന്റെ കാറിൽ നിന്നും വീട്ടിൽ നിന്നുമായി 5.39 കോടി പിടിച്ചെടുത്തു. മഹാദേവ് ആപ്പിന്റെ പ്രമോട്ടർമാർ ബാഗേൽ എന്ന രാഷ്ട്രീയക്കാരന് തിരഞ്ഞെടുപ്പ് ചെലവിനായി ഏൽപ്പിച്ചതാണെന്നാണ് ഇയാളുടെ മൊഴി. ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട ചില ബെനാമി ബാങ്ക് അക്കൗണ്ടുകളും കണ്ടെത്തി. അക്കൗണ്ടിൽ ഉണ്ടായിരുന്ന 15.59 കോടി ഇഡി മരവിപ്പിച്ചു.
അറസ്റ്റിലായ അസിം ദാസിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ ശുഭം സോണി അയച്ച ഒരു ഇ മെയിൽ പരിശോധിച്ചപ്പോൾ മുമ്പും പതിവായി ബാഗേലിന് പണം എത്തിച്ചിരുന്നുവെന്നും ഇതുവരെ 508 കോടി എത്തിച്ചിരുന്നുവെന്നും വ്യക്തമായി. ഇക്കാര്യം ഏജൻസി അന്വേഷിച്ചുവരികയാണ്. ഛത്തീസ്‌ഗഡിൽ നവംബർ 7 നാണ് ആദ്യഘട്ട പോളിങ്. രണ്ടാം ഘട്ടം നവംബർ 17 നാണ്.
പൊലീസുകാരനും പിടിയിൽ
മഹാദേവ് ആപ്പ് കേസുമായി ബന്ധപ്പെട്ട് പൊലീസ് കോൺസ്റ്റബിളായ ഭീം യാദവിനയും ഇഡി അറസ്റ്റ് ചെയ്തു. കഴിഞ്ഞ 3 വർഷത്തിനിടെ, യാദവ് ദുബായിലേക്ക് അനധികൃതമായി യാത്ര ചെയ്തുവെന്നും, മഹാദേവ് പ്രമോട്ടർമാരായ രവി ഉപ്പലിനെയും, സൗരഭ് ചന്ദ്രാകറിനെയും കണ്ടതായും തെളിവ് കിട്ടി. ഇയാൾ മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ഇയാളുടെ യാത്രാ ചെലവുകൾ മഹാദേവ് ആപ്പിന്റെ കള്ളപ്പണം വെളുപ്പിക്കൽ ടിക്കറ്റിങ് കമ്പനിയായ അഹൂജ സഹോദരന്മാരുടെ റാപ്പിഡ് ട്രാവൽസാണ് വഹിച്ചത്. അസിം ദാസിനെയും യാദവിനെയും കോടതിയിൽ ഹാജരാക്കിയതോടെ 7 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.
എന്താണ് മഹാദേവ് ആപ്പ്?
കാർഡ് ഗെയിമുകൾ, ക്രിക്കറ്റ്, ബാഡ്മിന്റൻ, ടെന്നിസ്, ഫുട്ബോൾ തുടങ്ങിയ തത്സമയ ഗെയിമുകളിൽ അനധികൃത വാതുവയ്പ് നടത്തുന്നതിനുള്ള പ്ലാറ്റ്ഫോമാണ് മഹാദേവ് ഓൺലൈൻ ബുക്കിങ് ആപ്ലിക്കേഷൻ. ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രകറും രവി ഉപ്പലുമാണ് ആപ്പിന്റെ പ്രധാന പ്രമോട്ടർമാർ. ഈ ആപ്പിൽ നിന്ന് ഇരുവരും ചേർന്ന് 5,000 കോടി രൂപയോളം സമ്പാദിച്ചതായി ഇഡി പറയുന്നു.

ബെനാമി ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് പുതിയ ഉപയോക്താക്കളെ ചേർക്കുന്നതും, കള്ളപ്പണം വെളുപ്പിക്കുന്നതും. വാതുവയ്‌പ്പായാലും, ലോട്ടറിയായാലും, ഗെയിമുകൾ ആയാലും, മിക്കവാറും കമ്പനിക്ക് നേട്ടവും, കാശ് മുടക്കുന്നവർക്ക് നഷ്ടവുമായിരിക്കും എന്നാണ് ആരോപണം.
സൗരഭ് ചന്ദ്രകറും രവി ഉപ്പലിനും പാക് ബന്ധമുണ്ടെന്നും ആരോപണമുണ്ട്. ഹവാല ഇടപാടുകളിലെ പങ്കാണ് സംശയത്തിന് കാരണം. 200 കോടിയുടെ വിവാഹവുമായി ബന്ധപ്പെട്ട അന്വേഷണമാണ് പാക്കിസ്ഥാനിലെയും, യുഎഇയിലെയും ഹവാല ഇടപാടുകാരുമായുള്ള ഇവരുടെ ബന്ധത്തിലേക്ക് വഴി തെളിച്ചത്.

മുംബൈ, അഹമ്മദാബാദ്, ഛത്തീസ്‌ഗഡ്, വിശാഖപട്ടണം എന്നിവിടങ്ങിലെല്ലാം പണം നഷ്ടപ്പെട്ട നിക്ഷേപകരുടെ പരാതിയിൽ കേസെടുത്തിട്ടുണ്ട്. 70 ഷെൽ കമ്പനികൾ ഉപയോഗിച്ചാണ് ചന്ദ്രകറും കൂട്ടാളികളും, വിദേശ അക്കൗണ്ടുകളിലേക്ക് പണം മുക്കിയതെന്ന് പറയുന്നു. നിലവിൽ ആപ്പ് പ്രമോട്ടർമാർ യുഎഇയിൽ ആണുള്ളത്. അന്താരാഷ്ട്ര ഏജൻസികളുടെ സഹകരണത്തോടെ, ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള മാർഗ്ഗങ്ങളാണ് ഇഡി നോക്കുന്നത്.
ആരാണ് ചന്ദ്രകറും ഉപ്പലും?
ഇരുവരും പ്രാദേശിക വാതുവയ്‌പ്പുകാരായാണ് തട്ടിപ്പ് തുടങ്ങിയത്. പിന്നീട് വിദേശത്തേക്ക് ചേക്കേറി അനധികൃത ആപ്പുണ്ടാക്കി. ഒരുകാലത്ത് ഭിലായിൽ ജ്യൂസ് വിറ്റ് നടന്ന ചരിത്രമുണ്ട് ചന്ദ്രകറിന്. ഉപ്പൽ എഞ്ചിനീയറിങ് ബിരുദധാരിയാണ്. 2018 ലാണ് ഇരുവരും ദുബായിലേക്ക് മാറിയതും ഓൺലൈൻ വാതുവയ്പ് ആപ്പുണ്ടാക്കിയതും.

വിദ്യാർത്ഥികൾ, തൊഴിൽ രഹിതരായ യുവാക്കൾ, കർഷകർ തുടങ്ങിയവരെയാണ് ചുരുങ്ങിയ കാലയളവിൽ പണമുണ്ടാക്കാമെന്ന് വശീകരിച്ച് കെണിയിൽ വീഴ്‌ത്തിയത്. സമീപകാലത്ത് വിദേശത്തെ അനധികൃത വാതുവയ്പ് രംഗത്തെ രാജാവായി മാറി ചന്ദ്രകർ. ഫെയർ പ്ലേ, റെഡ്ഡി അണ്ണ, ലോട്ടസ് 365 എന്നീ ബ്രാൻഡുകൾ കൈപ്പിടിയിലൊതുക്കി. ബേട്ബായി, അംബാനി ബുക്ക് തുടങ്ങിയ പുതിയ ബ്രാൻഡുകൾ തുടങ്ങുകയും ചെയ്തു.
ദുബായിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ചന്ദ്രകറിനും രവി ഉപ്പലിനുമാണ് ലാഭത്തിന്റെ 80 ശതമാനവും കിട്ടുന്നത്. ഇരുവരും ഗെയിമുകളിൽ മാത്രമല്ല. ഇന്ത്യയിലെ വിവിധ തിരഞ്ഞെടുപ്പുകളിലും വാതുവയ്പിന് അവസരം ഒരുക്കിയിരുന്നതായാണ് സൂചന.




