ചെന്നൈ: ഇലക്ടറല്‍ ബോണ്ട് നല്‍കി രാഷ്ട്രീയ പാര്‍ട്ടികളുടെ കണ്ണില്‍ പൊടിയിടാന്‍ നോക്കിയിട്ടും ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് രക്ഷയില്ല. ഇലക്ടറല്‍ ബോണ്ട് റദ്ദാക്കുന്നതിന് മുമ്പ് 1300 കോടിയുടെ ബോണ്ടുകള്‍ നല്‍കി മാര്‍ട്ടില്‍ ഏറ്റവും വലിയ ദാതാവ് ആയി മാറിയിരുന്നു. എന്നാല്‍, ഇതൊക്കെ മാര്‍ട്ടിന്‍ ചെയ്യുമ്പോഴും ഇഡി അഥവാ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിന്നാലെ കൂടിയിരിക്കുകയായിരുന്നു. 2019 ന് ശേഷം ലോട്ടറി തട്ടിപ്പുകേസുകളിലും, അനധികൃത വില്‍പ്പനയിലും പെട്ടതോടെ ഇഡിയുടെ നിരീക്ഷണത്തിലായിരുന്നു ലോട്ടറി രാജാവ്. മദ്രാസ് ഹൈക്കോടതി പച്ചക്കൊടി വീശിയതോടെ, വിവിധ സ്ഥലങ്ങളിലെ റെയ്ഡില്‍, മാര്‍ട്ടിന്റെ 12.41 കോടിയാണ് ( പണമായി) ഇഡി പിടിച്ചെടുത്തത്.

ഇതുകൂടാതെ 6.42 കോടി മൂല്യമുള്ള സ്ഥിര നിക്ഷേപം മരവിപ്പിച്ചു. ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വ്യവസായിയുടെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡ് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടായിരുന്നു. തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, കര്‍ണാടക, ഉത്തര്‍ പ്രദേശ്, മേഘാലയ, പഞ്ചാബ് എന്നിവിടങ്ങളിലെ മാര്‍ട്ടിന്റെയും മരുമകന്‍ ആധവ് അര്‍ജ്ജുന്റെയും കൂട്ടാളികളുടെയും 22 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്.



തമിഴ്‌നാട് പൊലീസ് അടച്ചുപൂട്ടാന്‍ നോക്കിയ കേസാണ് മദ്രാസ് ഹൈക്കോടതിയുടെ ഇടപെടലോടെ വീണ്ടും സജീവമായത്. മാര്‍ട്ടിന്റെ കോര്‍പറേറ്റ് ഓഫീസുകളില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡുകളില്‍ 8.8 കോടി പിടിച്ചെടുത്തിരുന്നു. 2023 ല്‍ ഇഡി മാര്‍ട്ടിന്റെ 450 കോടി മൂല്യം വരുന്ന സ്വത്തുകള്‍ കണ്ടുകെട്ടിയിരുന്നു. കേരളത്തിലെ ലോട്ടറി തട്ടിപ്പിലൂടെ സിക്കിം സര്‍ക്കാരിന് 900 കോടി നഷ്ടം വരുത്തി എന്ന കേസിലായിരുന്നു കണ്ടുകെട്ടല്‍. മാര്‍ട്ടിന്റെ കമ്പനി ഫ്യൂച്ചര്‍ ഗെയിമിങ് സൊല്യൂഷന്‍സ് ഇന്ത്യയായിരുന്നു സിക്കിം ലോട്ടറീസിന്റെ പ്രധാന വിതരണക്കാര്‍.

രണ്ട് ദിവസം മുന്‍പ് നടന്ന റെയ്ഡിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ഡിജിറ്റല്‍ ഉപകരണങ്ങളും നിര്‍ണായക രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തു.കോയമ്പത്തൂരിലെ മാര്‍ട്ടിന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപനങ്ങളിലും വസതികളിലും ഓഫിസുകളിലും ചെന്നൈ തിരുവല്ലിക്കേണിയിലെ മകന്‍ ടൈസന്റെ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലും തേനാംപേട്ട ജെ.ജെ റോഡിലെ മരുമകന്‍ ആധവ് അര്‍ജുന്റെ അപ്പാര്‍ട്മെന്റിലുമാണ് റെയ്ഡ് അരങ്ങേറിയത്.

മാര്‍ട്ടിന്റെ ഫ്യൂച്ചര്‍ ഗെയിംസ് കമ്പനി നിയമവിരുദ്ധ ഇടപാടുകള്‍ വഴി വ്യാജ ലോട്ടറി ടിക്കറ്റുകള്‍ വ്യാപകമായി വിറ്റഴിച്ചതായി കണ്ടെത്തി. ലോട്ടറി വിപണി നിയമവിരുദ്ധ ഇടപാടുകളിലൂടെ പിടിച്ചെടുക്കാന്‍ ശ്രമിച്ചെന്നും കണ്ടെത്തി. നേരത്തെ ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഉയര്‍ന്നു കേട്ടിരുന്ന കമ്പനിയുടെ പേരാണ് മാര്‍ട്ടിന്റെ ഫ്യൂച്ചര്‍ ഗെയിംസ്. ഫ്യൂച്ചര്‍ ഗെയിംസ് നിയമവിരുദ്ധ ഇടപാടുകള്‍ നടത്തിയെന്നും ഇഡി കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കാന്‍ സമ്മാനം അടിച്ച ലോട്ടറി ഉപയോഗിച്ചുവെന്നും ഇഡി വ്യക്തമാക്കി.

വന്‍ തുക സമ്മാനം നേടിയ ടിക്കറ്റുകള്‍ വാങ്ങി കള്ളപ്പണം വെളുപ്പിച്ചുവെന്നും ഇത് ഖജനാവിന് കനത്ത നഷ്ടമുണ്ടാക്കിയതായും ഇഡി കണ്ടെത്തി. വ്യാജ ലോട്ടറി ടിക്കറ്റുകള്‍ വ്യാപകമായി വിറ്റഴിച്ചു. ലോട്ടറി സമ്മാനം നിശ്ചയിക്കുന്നതിലും ക്രമക്കേട് നടത്തി. ലോട്ടറി വിപണി നിയമവിരുദ്ധ ഇടപാടുകളിലൂടെ പിടിച്ചെടുക്കാന്‍ ശ്രമിച്ചു എന്നടക്കമുള്ള വിവരങ്ങളാണ് ഇഡി പുറത്തുവിട്ടത്. പിടിച്ചെടുത്ത പണത്തിന്റെ ദൃശ്യങ്ങളും ഇഡി പുറത്തുവിട്ടു.

കേരളത്തിലെ ലോട്ടറി തട്ടിപ്പ്

കേരളത്തിലെ ലോട്ടറി നടത്തിപ്പില്‍ സിക്കിം സര്‍ക്കാരിന് സാന്റിയാഗോ മാര്‍ട്ടിന് മേല്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ഇ.ഡി. കണ്ടെത്തിയിരുന്നു. ലോട്ടറി നടത്തിപ്പിന്റെ മറവില്‍ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം സാന്റിയാഗോ മാര്‍ട്ടിനും കമ്പനികളും വെളുപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

2009 ഏപ്രില്‍ മുതല്‍ 2010 ഓഗസ്റ്റ് വരെ കേരളത്തില്‍ നടന്ന അന്യസംസ്ഥാന ലോട്ടറി തട്ടിപ്പ് കേസില്‍ 2016-ല്‍ സാന്റിയാഗോ മാര്‍ട്ടിന്റെ 122 കോടി രൂപയുടെ ആസ്തി വകകള്‍ കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി ഉത്തരവിറക്കി. മാര്‍ട്ടിന്റെ കോയമ്പത്തൂരിലെ ആസ്തികളായിരുന്നു അന്ന് ഇ.ഡി. കണ്ടുകെട്ടിയത്. കേരളത്തില്‍ സിക്കിം, ഭൂട്ടാന്‍ ലോട്ടറി വില്‍പനയുടെ പേരില്‍ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് സാന്റിയാഗോ മാര്‍ട്ടിന്‍ അടക്കമുള്ളവരെ പ്രതികളാക്കി സി.ബി.ഐ. എറണാകുളം സി.ജെ.എം. കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു. കേരളത്തിലെ ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട് 4500 കോടി രൂപ സിക്കിം സര്‍ക്കാരിന് മാര്‍ട്ടിന്‍ നഷ്ടം വരുത്തിയതായി സി.ബി.ഐ. കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഇത്. സി.ബി.ഐയുടെ ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് 2002-ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം മാര്‍ട്ടിന്റെ ആസ്തികള്‍ കണ്ടുകെട്ടാന്‍ ഇ.ഡി. നടപടി തുടങ്ങിയത്. സിക്കിം സര്‍ക്കാരും സാന്റിയാഗോ മാര്‍ട്ടിനുമായുളള ലോട്ടറി വിപണന കരാറില്‍ നിരവധി ക്രമക്കേടുകളുള്ളതായി ഇ.ഡി. അന്വേഷണത്തില്‍ കണ്ടെത്തി.

ലോട്ടറി നടത്തിപ്പിന്റെ മറവില്‍ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം സാന്റിയാഗോ മാര്‍ട്ടിനും കമ്പനികളും വെളുപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോയമ്പത്തൂര്‍ ജില്ലയില്‍ സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള 122 കോടിയുടെ 83 ആസ്തികളാണ് ഇ.ഡി. കണ്ടുകെട്ടിയത്.

5000 കോടിയുടെ ആസ്തിയെങ്കിലും സാന്റിയാഗോ മാര്‍ട്ടിന് ഉണ്ട് എന്നായിരുന്നു ഇ.ഡിയുടെ വിലയിരുത്തല്‍. ഇതില്‍ 400 കോടിയുടെ ആസ്തികള്‍ കണ്ട്കെട്ടാനാണ് അന്ന് ഇ.ഡി. തീരുമാനിച്ചത്. ഇതില്‍ ആദ്യ ഘട്ടമായി 122 കോടിയുടെ ആസ്തികളാണ് ഇ.ഡി. കണ്ടുകെട്ടിയത്. അന്ന് ആദ്യമായിട്ടായിരുന്നു സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ നിരവധി കേസുകള്‍ നേരിടുന്ന സാന്റിയാഗോ മാര്‍ട്ടിന്റെ ആസ്തികള്‍ സര്‍ക്കാര്‍ കണ്ടുകെട്ടിയത്.