- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജഡ്ജിമാർക്ക് കോഴ നൽകാനെന്ന പേരിൽ പണപ്പിരിവ്: അഡ്വ. സൈബി ജോസിനെതിരെ ഇഡി അന്വേഷണം; പ്രത്യേക അന്വേഷണ സംഘത്തിൽ നിന്നും ഇഡി വിവരങ്ങൾ തേടി; പരാതിക്കാരനായ അഭിഭാഷകനെ മൊഴി നൽകാൻ വിളിപ്പിച്ചു; ഹൈക്കോടതി വിജിലൻസ് വിഭാഗത്തിന്റെയും റിപ്പോർട്ട് തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
കൊച്ചി: കേരളാ ഹൈക്കോടതിയിലെ ജഡ്ജിമാരെ കേസുകളിൾ സ്വാധീനിക്കാനെന്ന വിധത്തിൽ പണപ്പിരിവ് നടത്തിയ സംഭവത്തിൽ അഡ്വ. സൈബി ജോസിനെതിരെ ഇഡി അന്വേഷണം തുടങ്ങി. സൈബിയുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന കേരളാ പൊലീസിലെ പ്രത്യേക സംഘത്തിൽ നിന്നും എൻഫോഴ്സ്മെന്റ് വിഭാഗം വിവരങ്ങൾ തേടി. വിഷയത്തിൽ ഇഡിക്ക് പരാതി നൽകിയ അഭിഭാഷകനെയും മൊഴി നൽകാനായി വിളിപ്പിച്ചിട്ടുണ്ട്.
നേരത്തെ തന്നെ ഈ വിഷയത്തിൽ ഇഡി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച്ച മൊഴി നൽകാനും നിർദേശിച്ചിരിക്കുന്നത്. ആരോപണം അന്വേഷിച്ച ഹൈക്കോടതി വിജിലൻസ് വിഭാഗത്തിന്റെയും റിപ്പോർട്ട് തേടിയിട്ടുണ്ട്. സൈബിയുമായി ബന്ധപ്പെട്ട കേസിന്റെ അനുബന്ധ രേഖകളും രജിസ്ട്രാറിൽ നിന്നും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളപ്പണം വെളിപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ഇഡി സൈബിക്കെതിരെ കേസെടുത്തത്.
സൈബി നടത്തിയ സാമ്പത്തിക ഇടപാടുകളിലാണ് ഇഡി അന്വേഷണം നടത്തുന്നത്. അതേസമയം അഡ്വക്കേറ്റ് സൈബി ജോസിനെതിരായ പരാതി ബാർ കൗൺസിൽ തള്ളിയിരുന്നു. പരാതിയിൽ കഴമ്പില്ലെന്ന് വ്യക്തമാക്കിയാണ് നടപടി. കേസിൽ സൈബിക്കെതിരെ ഇതുവരെ തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കോതമംഗലം സ്വദേശിയുടെ പരാതിയിൽ ചേരാനല്ലൂർ പൊലീസാണ് സൈബിക്കെതിരെ കേസെടുത്തത്.
കേസിൽ നിന്നും പിന്മാറാൻ 5 ലക്ഷം രൂപ വാങ്ങി എന്നായിരുന്നു പരാതി. പരാതിക്കാരന്റെ ഭാര്യ നൽകിയ കേസ് പിൻവലിപ്പിക്കാൻ സഹായിക്കാമെന്ന വാഗ്ദാനത്തിൽ സൈബി 10 ലക്ഷം ആവശ്യപ്പെട്ടുവെന്നും ഇതിൽ 5 ലക്ഷം സൈബി കൈപ്പറ്റിയെന്നും പരാതിയിൽ പറയുന്നു. പണം വാങ്ങിയിട്ടും കേസ് പിൻവലിച്ചില്ലെന്നും പരാതിക്കാരൻ അറിയിച്ചിട്ടുണ്ട്. പാസ്പോർട്ട് തടഞ്ഞു വെക്കുമെന്ന് സൈബി ഭീഷണിപ്പെടുത്തിയതായും ഇയാൾ ആരോപിച്ചിരുന്നു. എന്നാൽ ഇതിനൊന്നും തന്നെ തെളിവില്ലെന്നാണ് പൊലീസിന്റെ വാദം.
ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന വ്യാജേന കക്ഷികളിൽനിന്ന് പണം വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബിക്കെതിരെ കേസെടുത്തത്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തായിരുന്നു അന്വേഷണം നടത്തിയത്. പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ആയിരുന്ന ഷെയ്ഖ് ദർവേശ് സാഹിബിന്റെ മേൽനോട്ടത്തിൽ ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി കെ.എസ്. സുദർശന്റെ നേതൃത്വത്തിലാണ് അന്വേഷണം. ക്രൈംബ്രാഞ്ച് ഡിറ്റക്ടിവ് ഇൻസ്പെക്ടർമാരായ ശാന്തകുമാർ, സിബി ടോം, ഗ്രേഡ് എസ്ഐമാരായ കലേഷ്കുമാർ, ജോഷി സി. എബ്രഹാം, അമൃതരാജ്, ജയ്മോൻ പീറ്റർ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
ജസ്റ്റിസ് കുഞ്ഞികൃഷ്ണന് നൽകാനെന്ന പേരിൽ 25 ലക്ഷവും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന് നൽകാൻ രണ്ടു ലക്ഷവും ജസ്റ്റിസ് സിയാദ് റഹ്മാന് നൽകാനെന്നുപറഞ്ഞ് 50 ലക്ഷവും വാങ്ങിയതായി അറിയാമെന്ന് ഹൈക്കോടതിയിലെ നാല് അഭിഭാഷകർ മൊഴി നൽകിയതായി ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ പരാതിയെത്തുടർന്ന് ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരമാണ് വിജിലൻസ് രജിസ്ട്രാർ അന്വേഷണം നടത്തിയത്.
പീഡനക്കേസിൽ ഉൾപ്പെട്ട സിനിമ നിർമ്മാതാവിന്റെ പക്കൽനിന്ന് ജഡ്ജിക്ക് നൽകാനെന്ന പേരിൽ സൈബി പണം വാങ്ങിയെന്ന് മൊഴിയുണ്ട്. ഇക്കാര്യം പുറത്തു പറഞ്ഞതിന് സൈബിയും കൂട്ടരും കോടതി പരിസരത്ത് വെച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നും മൊഴിയുണ്ട്. വിവരം ജസ്റ്റിസ് കുഞ്ഞികൃഷ്ണനെയും വിജിലൻസ് രജിസ്ട്രാറെയും അറിയിച്ചതിന് ഭീഷണിപ്പെടുത്തിയതായി മറ്റൊരു അഭിഭാഷകനും മൊഴി നൽകിയിരുന്നു. ധനിക കുടുംബാംഗം അല്ലാതിരുന്നിട്ടും ആഡംബര ജീവിതം നയിച്ചിരുന്ന സൈബിയുടെ വിശ്വാസ്യത സംശയകരമാണെന്നും റിപ്പോർട്ടിൽ പറഞ്ഞു. ചലച്ചിത്ര താരങ്ങൾ അടക്കമുള്ളവർ ഇദ്ദേഹത്തിന്റെ കക്ഷികളാണ്. വിഷയത്തിൽ അന്വേഷണം ആവാമെന്ന നിയമോപദേശമാണ് അഡ്വക്കറ്റ് ജനറലും നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ