- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഗോകുലം ഗ്രൂപ്പില്‍ ഇഡി പരിശോധനകള്‍ തുടരും; ഫെമ, ആര്‍ബിഐ ചട്ടങ്ങള്‍ ലംഘിച്ചതായുള്ള ആരോപണങ്ങള്‍ക്കിടെ സ്ഥാപനത്തിന്റെ കണക്കുകള്‍ പരിശോധിക്കാന്‍ ഒരുങ്ങി ഇഡി; രേഖകളുമായി ഹാജറാകാന്‍ ഗോകുലം ഗോപാലന്‍ നോട്ടീസ്; ഇഡി പരിശോധന നടക്കവേ കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ ഗോകുലം സിനിമ 'ഒറ്റക്കൊമ്പന്റെ' ചിത്രീകരണം തുടങ്ങി
ഗോകുലം സിനിമ 'ഒറ്റക്കൊമ്പന്റെ' ചിത്രീകരണം തുടങ്ങി
തിരുവനന്തപുരം: തെന്നിന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നായ ഗോകുലം ഗ്രൂപ്പില്‍ ഇഡിയുടെ പരിശോധനകള്‍ തുടരും. ഗോകുലം ഗ്രൂപ്പ് ആര്‍ബിഐ, ഫെമ ചട്ടങ്ങള്‍ ലംഘിച്ചതായി ഇഡി വ്യക്തമാക്കിയതിന് പിന്നാലെ കമ്പനിയുടെ ചെയര്‍മാന്‍ ഗോകുലം ഗോപാലനെ ഇഡി വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി പരിശോധനകള്‍ വീണ്ടും തുടരാനാണ് ഇഡിയുടെ തീരുമാനം. അന്വേഷണത്തിന്റെ ഭാഗമായി ഗോകുലത്തിന്റെ കണക്കുകള്‍ പരിശോധിക്കാനാണ് ഇഡി ഒരുങ്ങുന്നത്. രേഖകളുമായി ഇന്ന് ഹാജറാകണമെന്നാണ് ഇഡി നോട്ടീസ് നല്കിയിരിക്കുന്നത്. ഇഡി കൊച്ചി യൂണിറ്റാണ് ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുക.
നേരത്തെ ഗോകുലത്തില്‍ നടന്ന റെയ്ഡില്‍ ഗോകുലം ഗ്രൂപ്പ് ആര്‍ബിഐ, ഫെമ ചട്ടങ്ങള്‍ ലംഘിച്ചതായി ഇഡി വ്യക്തമാക്കിയിരുന്നു. വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇഡി വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഗോകുലം ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു. 592.54 കോടി രൂപ വിദേശ ഫണ്ട് സ്വീകരിച്ചതായി ഇഡി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. 370.80 കോടി രൂപ പണമായും 220.74 കോടി രൂപ ചെക്കായും ആണ് സ്വീകരിച്ചിരിക്കുന്നത്. വിദേശത്തേക്ക് ചട്ടം ലംഘിച്ച് പണം കൈമാറുകയും ചെയ്തു. ഗോകുലം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ കൂടുതല്‍ റെയ്ഡ് നടക്കുന്നതായും ഇഡി അറിയിച്ചു. പിടിച്ചെടുത്ത രേഖകളില്‍ പരിശോധന തുടരുന്നതായും ഇഡി അറിയിച്ചു.
ഗോകുലം ഗോപാലന്റെ ധനകാര്യ സ്ഥാപനങ്ങളിലെ പരിശോധനക്കിടെ ഒന്നര കോടി രൂപ പിടിച്ചെടുത്തതായി ഇഡി വൃത്തങ്ങളില്‍ നിന്ന് സൂചന ലഭിച്ചിരുന്നു. ചെന്നൈയിലും കോഴിക്കോടുമായി ഗോകുലം ചിറ്റ്‌സിന്റെ അടക്കം ഓഫീസുകളിലും ഗോകുലം ഗ്രൂപ്പിന്റെ കോര്‍പറേറ്റ് ഓഫീസിലും നീലാങ്കരയിലെ വീട്ടിലുമാണ് പരിശോധന നടത്തിയത്. പി എം എല്‍ എ ലംഘനം , വിദേശ നാണയ വിനമയ ചട്ടങ്ങളുടെ ലംഘനം തുടങ്ങിയയുടെ പേരിലായിരുന്നു ഇഡി പരിശോധന.
ഏതാണ്ട് 1000 കോടിയോളം രൂപയുടെ കളളപ്പണ് ഇടപാട് ഗോകുലം സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടന്നെന്നാണ് പറയപ്പെടുന്നത്. ഗോകുലം ഗോപാലന്‍ ഡയറക്ടറായ കമ്പനികള്‍ മറ്റ് സ്ഥാപനങ്ങളില്‍ നടത്തിയ നിക്ഷേപങ്ങളും അന്വേഷണ പരിധിയിലുണ്ട്. കോടികളുടെ വിദേശ സാമ്പത്തിക ഇടപാടുകളാണ് ഫെമാ ചട്ട ലംഘനമായി പരിശോധിക്കുന്നത്. 2017 ല്‍ ആദായ നികുതി വകുപ്പും 2023ല്‍ ഇഡിയും ഗോകുലം ഗോപാലനെതിരെ അന്വേഷണം നടത്തിയിരുന്നു. അതേമയം സ്ഥാപത്തിലെ പണമിടപാടെല്ലാം നിയമപരമാണെന്നാണ് ഗോകുലം ഗോപാലന്‍ വ്യക്തമാക്കുന്നത്.
അതിനിടെ ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന, കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ 'ഒറ്റക്കൊമ്പന്‍' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു. ഗോകുലത്തിലെ ഇഡി പരിശോധനയുടെ പശ്ചാത്തലത്തില്‍ ചിത്രത്തെ സംബന്ധിച്ച ചില അനിശ്ചിതത്വങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍, അതെല്ലാം അസ്ഥാനത്താണെന്ന് തെളിയിച്ചാണ് സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയത്.
അറക്കുളം ശ്രീധര്‍മ്മശാസ്താ ,ശ്രീ മഹാദേവ ക്ഷേത്രത്തില്‍ സുരേഷ് ഗോപി, പൂജപ്പുര രാധാകൃഷ്ണന്‍, വഞ്ചിയൂര്‍ പ്രവീണ്‍, ഗോപന്‍ ഗുരുവായൂര്‍,രാജ് മോഹന്‍ എന്നിവരും നിരവധിജൂനിയര്‍ കലാകാരന്മാരും പങ്കെടുക്കുന്ന രംഗമായിരുന്നു ചിത്രീകരിച്ചു തുടങ്ങിയത്. ജനുവരിയില്‍ ആദ്യ ഘട്ട ചിത്രീകരണം തിരുവനന്തപുരത്ത് പൂര്‍ത്തിയാക്കിയിരുന്നു. സുരേഷ് ഗോപിയുടെ കേന്ദ്ര മന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക തിരക്കും വിഷു- ഈസ്റ്റര്‍ ആഘോഷങ്ങളുടെ തിരക്കും കഴിഞ്ഞാണ് രണ്ടാംഘട്ട ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.
ജൂണ്‍ അവസാനം വരെ നീണ്ടുനില്‍ക്കുന്ന ചിത്രീകരണമാണ് തൊടുപുഴ,പാലാ, ഭരണങ്ങാനം, ഈരാറ്റുപേട്ട ഭാഗങ്ങളിലായി ചാര്‍ട്ടു ചെയ്തിരിക്കുന്നത്. പിന്നീട് മലേഷ്യാ, മക്കൗ എന്നിവിടങ്ങളില്‍ സിനിമയുടെ എന്നിവിടങ്ങളില്‍ സിനിമയുടെ ചിത്രീകരണം ഉണ്ടാകും. ശ്രീ സുരേഷ് ഗോപിയുടെ ഔദ്യോഗിക തിരക്കുകള്‍ക്കിടയില്‍ ലഭ്യമാകുന്ന ഡേറ്റിനനുസരിച്ചു എത്രയും വേഗം ചിത്രീകരണം പൂര്‍ത്തിയാക്കുമെന്ന് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി അറിയിച്ചു.
നവാഗതനായ മാത്യൂസ് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷിബിന്‍ ഫ്രാന്‍സിസാണ് രചന. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി സിനിമയില്‍ എത്തുന്നത്. കബീര്‍ ദുഹാന്‍ സിംഗ്, ഇന്ദ്രജിത്ത് സുകുമാരന്‍, വിജയരാഘവന്‍, ലാലു അലക്‌സ്, ചെമ്പന്‍ വിനോദ്, ജോണി ആന്റെണി, ബിജു പപ്പന്‍, മേഘന രാജ്, സുചിത്ര നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഇവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങള്‍ ഉള്‍പ്പെടെ എഴുപതില്‍പ്പരം അഭിനേതാക്കള്‍ ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
കോ പ്രൊഡ്യൂസേര്‍സ് - വി സി പ്രവീണ്‍, ബൈജു ഗോപാലന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - കൃഷ്ണമൂര്‍ത്തി, ഛായാഗ്രഹണം - ഷാജികുമാര്‍, സംഗീതം - ഹര്‍ഷവര്‍ദ്ധന്‍രമേശ്വര്‍, എഡിറ്റിംഗ്- വിവേക് ഹര്‍ഷന്‍, ഗാനങ്ങള്‍ - വയലാര്‍ ശരത്ച്ചന്ദ്ര വര്‍മ്മ, കലാസംവിധാനം - ഗോകുല്‍ ദാസ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, കോസ്റ്റ്യും ഡിസൈന്‍ - അനീഷ് തൊടുപുഴ, ക്രിയേറ്റിവ് ഡയറക്ടര്‍ - സുധി മാഡിസണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സിദ്ദു പനയ്ക്കല്‍, കാസ്റ്റിംഗ് ഡയറക്ടര്‍ - ബിനോയ് നമ്പാല, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് - കെ.ജെ. വിനയന്‍. ദീപക് നാരായണ്‍ , പ്രൊഡക്ഷന്‍ മാനേജേര്‍ - പ്രഭാകരന്‍ കാസര്‍കോഡ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് - നന്ദു പൊതുവാള്‍, ബാബുരാജ് മനിശ്ശേരി, ഫോട്ടോ - റോഷന്‍, പിആര്‍ഒ - ശബരി.