കൊച്ചി: സി.എം.ആര്‍.എല്‍-എക്‌സാലോജിക് കേസില്‍ തുടര്‍ നടപടികളിലേക്ക് കടന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇതിന്റെ ഭാഗമായി വീണ വിജയന്‍ അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് ഇ.ഡി അപേക്ഷ നല്‍കി. എറണാകുളം സെഷന്‍സ് കോടതിയിലാണ് ഇ.ഡി അപേക്ഷ നല്‍കിയത്. മാസപ്പടി ലിസ്റ്റില്‍ ഇടംപിടിച്ചവരില്‍ നിന്നാകും മൊഴിയെടുക്കുക. സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖരായ പലരും ഇതോടെ ഇഡിക്ക മുമ്പാകെ എത്തി മൊഴി നല്‍കേണ്ടി വരും.

സി.എം.ആര്‍.എല്‍ എക്സാലോജിക് കേസില്‍ എസ്എഫ്‌ഐഒ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ കോടതിയില്‍ അപേക്ഷ നല്‍കി ഇഡി കുറ്റപത്രം വാങ്ങിയിരുന്നു. ഈ കുറ്റപത്രം പരിശോധിച്ചതിന് ശേഷമാണ് കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടേയും പകര്‍പ്പും മുഖ്യമന്ത്രി മകള്‍ വീണ വിജയനടക്കമുള്ളവരുടെ മൊഴിയും ആവശ്യപ്പെട്ട് ഇ.ഡി വീണ്ടും കോടതിയെ സമീപിച്ചത്.

അതേസമയം, സി.എം.ആര്‍.എല്‍ എക്സാലോജിക് ഇടപാടില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരേ ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിലെ രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകന്‍ എം.ആര്‍. അജയന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിന്മേലായിരുന്നു ഹൈക്കോടതി നടപടി.

സി.എം.ആര്‍.എല്‍ എക്സാലോജിക് കരാറിനെതിരായ എസ്.എഫ്.ഐ.ഒ നടപടി ചോദ്യം ചെയ്ത് സി.എം.ആര്‍.എല്‍ ഹൈകോടതിയില്‍ ഹരജി നല്‍കിയിരുന്നു. കേസില്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹൈകോടതിയില്‍ സി.എം.ആര്‍.എല്ലിന്റെ ഹരജി.

യാതൊരു സേവനവും നല്‍കാതെ വീണയുടെ കമ്പനിയായ എക്സാലോജിക് സി എം ആര്‍ എല്ലില്‍ നിന്ന് 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് എസ് എഫ് ഐ ഒ അന്വേഷണത്തില്‍ കണ്ടെത്തിയത്. വീണ അടക്കമുള്ളവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്നാണ് കുറ്റപത്രത്തിലുള്ളത്. വീണയും സി എം ആര്‍ എല്‍ മാനേജിംഗ് ഡയറക്ടര്‍ കര്‍ത്തയും ഉള്‍പ്പെടെ 13 പേരാണ് കേസിലെ പ്രതികള്‍.

പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.സിഎംആര്‍എല്ലിന്റെ സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതകളും എസ്എഫ്ഐഒ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 182 കോടി രൂപ രാഷ്ട്രീയ നേതാക്കള്‍ക്ക് ഉള്‍പ്പെടെ കമ്പനി വകമാറ്റി നല്‍കിയെന്നാണ് കണ്ടെത്തല്‍. ശശിധരന്‍ കര്‍ത്തയുടെ മരുമകന്‍ അനില്‍ ആനന്ദപ്പണിക്കര്‍ക്ക് 13 കോടി രൂപ കമ്മീഷന്‍ ഇനത്തില്‍ വകമാറ്റി നല്‍കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.