കൊച്ചി: ഇടപ്പള്ളിയിലെ ഹോട്ടലിൽ ഒപ്പം താമസിച്ചിരുന്ന യുവതിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലിൻസിക്ക് നാലര കോടി രൂപയുടെ നിക്ഷേപമുണ്ടെന്നും ഇതിൽ നിന്ന് ജസീലിന് പണം നൽകാമെന്ന് ലിൻസി ജസീലിനോട് പറഞ്ഞിരുന്നതായാണ് പൊലീസ് പറയുന്നത്. ജിൻസിയുടെ പക്കൽ പണമില്ലെന്ന് മനസിലാക്കിയ ജസീൽ ഇത് ചോദ്യം ചെയ്തതുകൊലപാതകത്തിൽ കലാശിച്ചുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

പാലക്കാട് തിരുനെല്ലായി ചിറ്റിലപ്പിള്ളി വീട്ടിൽ പോൾസന്റെയും ഗ്രേസിയുടെയും മകൾ ലിൻസി (26) രണ്ട് ദിവസം മുൻപാണ് എറണാകുളം കളമശ്ശേരിയിലെ ഹോട്ടൽമുറിയിൽ സുഹൃത്തും തൃശൂർ വാടാനപ്പള്ളി സ്വദേശിയുമായ ജസീൽ ജലീലിന്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. ലിൻസിയുടെ പിതാവ് നൽകിയ പരാതിയിൽ നടന്ന അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് വരുന്നത്. കഴിഞ്ഞ പതിനാറാം തീയതി മുതലാണ് കൊല്ലപ്പെട്ട ലിൻസിയും തൃശൂർ വാടാനപ്പള്ളി സ്വദേശിയായ ജലീലും കളമശ്ശേരിയിലെ ഹോട്ടലിൽ മുറിയെടുത്ത് താമസമാരംഭിച്ചത്. അതിന് മുൻപ് രണ്ട് മാസത്തോളം എറണാകുളത്തെ പല ഹോട്ടലുകളിലും ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നതായാണ് വിവരം.

ബാംഗ്ലൂരിൽ ബൈജൂസ് ആപ്പിൽ ജോലി ചെയ്യുകയായിരുന്നു കൊല്ലപ്പെട്ട ലിൻസി. ആറ് മാസങ്ങൾക്ക് മുൻപ് ഇവർക്ക് ജോലി നഷ്ടമായി. ഇതോടെയാണ് യുവതി എറണാകുളത്ത് എത്തുന്നത്. വീട്ടുകാരുമായി വലിയ അടുപ്പം ലിൻസി പുലർത്തിയിരുന്നില്ല. ജോലി നഷ്ടമായ കാര്യവും എറണാകുളത്ത് വന്ന വിവരവും ലിൻസി വീട്ടുകാരെ അറിയിച്ചിരുന്നില്ല.

ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴായിരുന്നു ലിൻസിയും ജലീലും പരിചയപ്പെടുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദം സാമൂഹിക മാധ്യമങ്ങൾ വഴി ഊട്ടിയുറപ്പിക്കുകയായിരുന്നു. ലിൻസിക്ക് ഷെയർമാർക്കറ്റിൽ നാലരക്കോടി രൂപയുടെ നിക്ഷേപമുണ്ടെന്നും ഇതിൽ നിന്ന് പത്ത് ലക്ഷം രൂപ ജസീലിന് കൊടുക്കാമെന്നും പറഞ്ഞിരുന്നു. എന്നാൽ ലിൻസിക്ക് നിക്ഷേപമില്ലെന്ന് മനസിലായ ജസീലും ലിൻസിയും തമ്മിൽ തർക്കമുണ്ടാവുകയും പിന്നാലെ മുഖത്ത് മർദ്ദിക്കുകയും നിലത്ത് വീണ ലിൻസിയെ ചവിട്ടുകയും ചെയ്തു.

പിന്നീട് ലിൻസി കുളിമുറിയിൽ വീണ് ബോധരഹിതയായെന്ന് ജലീൽ ലിൻസിയുടെ വീട്ടുകാരെ വിളിച്ച് അറിയിക്കുകയും ചെയ്തു. ലിൻസിയുടെ വീട്ടുകാരെത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലെത്തുമ്പോഴേക്കും ലിൻസിയുടെ മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ പ്രതി ജസീലിനെ ഇപ്പോൾ എളമക്കര പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുകയാണ്.

തൃശൂർ വാടാനപ്പിള്ളി തൃത്തല്ലൂർ ജെസിൽ ജലീലിനെ (36) എളമക്കര പൊലീസ് കഴിഞ്ഞദിവസമാണ് അറസ്റ്റ് ചെയ്തത്. ഹോട്ടലിൽ രണ്ടു ദിവസം മുൻപാണു പാലക്കാട് തിരുനെല്ലായി സ്വദേശിയായ ലിൻസി എന്ന 26 കാരിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് യുവതി മരിച്ചു. തുടർന്ന് എളമക്കര പൊലീസ് നടത്തിയ അന്വേഷണത്തിലാണു കൊലപാതകമാണെന്നു തെളിഞ്ഞത്.

അതേസമയം ലിൻസി ബോധരഹിതയായിട്ടും ആശുപത്രിയിൽ എത്തിക്കാതെ വീട്ടുകാരെ ഫോണിൽ വിളിച്ചു കുളിമുറിയിൽ വീണു ബോധംനഷ്ടപ്പെട്ടതായി യുവാവ് പറയുകയായിരുന്നു. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച തർക്കത്തെ തുടർന്നാണ് കൊലപാതകം എന്ന വിവരം തുടക്കത്തിലെ ഉയർന്നു വന്നിരുന്നു.