കൊച്ചി: എഡിസനെ കുടുക്കിയത് ഡാര്‍ക് നെറ്റിലെ കുടിപ്പകയോ? ആഗോള സംഘങ്ങളുമായുള്ള മൂവാറ്റുപുഴ സ്വദേശി എഡിസണ്‍ ബാബുവിന്റെ 'കെറ്റാമെലോണ്‍' ലഹരി ശൃംഖലയിലേക്ക് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) നുഴഞ്ഞുകയറിയത് ഒരു വര്‍ഷം മുന്‍പാണ്.

ലഹരി ഇടപാടിലെ സാമ്പത്തിക തര്‍ക്കങ്ങളാണ് എഡിസനെ കുടുക്കിയത്. അതിനിടെ ലഹരിയ്ക്കായി ഡാര്‍ക്ക വെബ് സന്ദര്‍ശിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. കെറ്റാമെലോണ്‍ എന്നാല്‍ എഡിസണ്‍ ആണെന്ന് എന്‍സിബി വളരെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. 2023ലെ സംബാഡ കാര്‍ട്ടലിനെ പൂട്ടിയ റെയ്ഡിന്റെ സമയത്തു തന്നെയാണ് ഡിയോളിന് കൊച്ചി ഫോറിന്‍ പോസ്റ്റ് ഓഫിസില്‍ വന്ന ഒരു പാഴ്‌സല്‍ എന്‍സിബി പിടിച്ചെടുക്കുന്നത്. അന്നു തന്നെ എല്ലാം വ്യക്തമായിരുന്നു.

എന്നാല്‍ എഡിസണിലേക്കും മറ്റു കണ്ണികളെക്കുറിച്ചുള്ള വിവരം ലഭിക്കാനായി കാത്തിരിക്കുകയായിരുന്നെന്ന് എന്‍സിബി. പിടിയിലായ എഡിസണും മൂവാറ്റുപുഴ സ്വദേശിയായ അരുണ്‍ തോമസും പറവൂര്‍ സ്വദേശിയായ കെ.വി.ഡിയോളും ബിടെക്കിന് സഹപാഠികളായിരുന്നു. എഡിസണും അരുണും പ്രതിയായ ഒരു കേസും ഡിയോളും ഭാര്യയും പ്രതിയായ രണ്ടാമതൊരു കേസുമാണ് എന്‍സിബി റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2023ല്‍ പാഴ്‌സല്‍ കിട്ടിയിട്ടും കെറ്റമിന്‍ അടങ്ങിയ പാഴ്‌സലിലെ വിലാസം വ്യാജമായിരുന്നതിനാല്‍ അന്ന് ഡിയോളിനെ പിടികൂടാനായില്ല. എന്നാല്‍ എഡിസണിന്റെ പിന്നാലെയുള്ള അന്വേഷണത്തിനൊപ്പം ഈ കേസും എന്‍സിബിയുടെ പക്കലുണ്ടായിരുന്നു.

വിദേശത്തു നിന്ന് കെറ്റമിന്‍ ഇറക്കുമതി ചെയ്ത് ചെറിയ അളവില്‍ ഓസ്‌ട്രേലിയയിലേക്കു കയറ്റിവിടുകയായിരുന്നു ഡിയോള്‍ ചെയ്തിരുന്നതെന്നും ഇതിന് എഡിസണിന്റെ സഹായം ഇവര്‍ക്കുണ്ടായിരുന്നു എന്നുമാണ് എന്‍സിബിയുടെ കണ്ടെത്തല്‍. ഡിയോളും ഭാര്യ അഞ്ജു ദേവസിയും ചേര്‍ന്നു നടത്തുന്ന പാഞ്ചാലിമേട്ടിലെ റിസോര്‍ട്ട് ഇവരുടെ സുഹൃദ്‌സംഘങ്ങളുടെ ഒത്തുകൂടല്‍ കേന്ദ്രം കൂടിയായിരുന്നു. ആ സമയത്ത് ലഹരി പാര്‍ട്ടികളും നടന്നു.

2019നു മുന്‍പു തന്നെ ഡിയോളും അഞ്ജുവും പാഞ്ചാലിമേടിലെത്തുകയും 2021ഓടെ റിസോര്‍ട്ടിന്റെ നിര്‍മാണ മടക്കം തുടങ്ങുകയും ചെയ്തിരുന്നു. എഡിസണിനെയും അരുണ്‍ തോമസിനെയും പോലുള്ള സഹപാഠികള്‍ക്കു പുറമെ റിസോര്‍ട്ടില്‍ എത്തിയിരുന്നത് ഡിയോളിന്റെ പറവൂരില്‍ നിന്നുള്ള സുഹൃദ്‌സംഘമായിരുന്നു. അറസ്റ്റിലായ സമയത്ത് നടത്തിയ റെയ്ഡില്‍ കെറ്റാമിന്‍ സൂക്ഷിച്ചിരുന്നതിന്റെ അവശിഷ്ടങ്ങള്‍ ഡിയോളിന്റെ പറവൂരിലെ വീട്ടില്‍നിന്നു പിടിച്ചെടുത്തിരുന്നു.

മൂവാറ്റുപുഴയില്‍ എഡിസണിന്റെ സ്ഥലത്ത് ഇപ്പോള്‍ ബഹുനില ഷോപ്പിങ് കോംപ്ലക്‌സ് ഉയരുന്നുണ്ട്. ഇതിനായി 70 ലക്ഷം രൂപ മുടക്കിയിട്ടുണ്ട് എന്ന് എന്‍സിബി വൃത്തങ്ങള്‍ പറയുന്നു.