- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
എഡിസണും അരുണ്‍ തോമസും ഡിയോളിന്റെ ക്ലാസ്മേറ്റ്; ഈ ഇഴപിരിയാത്ത കൂട്ടുകെട്ട് ലഹരിയിടപാടിലും തഴച്ചു വളര്‍ന്നു; മുഖ്യസൂത്രധാരന്‍ എഡിസണ്‍; കെറ്റാമെലോണ്‍ മയക്കുമരുന്ന് വില്‍പ്പനശൃംഖലയില്‍ പിടിയിലായ പ്രതികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടും; ഡോ. സ്യൂസിലേക്ക് അന്വേഷണം എത്തുമോ?
കൊച്ചി: ഡാര്‍ക്ക്നെറ്റിലെ കെറ്റാമെലോണ്‍ മയക്കുമരുന്ന് വില്‍പ്പനശൃംഖലയില്‍ പിടിയിലായ പ്രതികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടും. കെറ്റാമെലോണ്‍ സംഘത്തലവന്‍ മൂവാറ്റുപുഴ മുളയംകാട്ടില്‍ വീട്ടില്‍ എഡിസണ്‍, സുഹൃത്ത് അരുണ്‍ തോമസ്, സമാനമായ മറ്റൊരു കേസില്‍ പിടിയിലായ വാഗമണ്ണിലെ റിസോര്‍ട്ട് ഉടമകളായ ഡിയോള്‍, ഭാര്യ അഞ്ജു എന്നിവരുടെ സ്വത്തുക്കളും നിക്ഷേപവും കണ്ടുകെട്ടാനാണ് നീക്കം. നാലുമാസത്തിലേറെ നീണ്ട ദൗത്യത്തിനൊടുവിലാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കൊച്ചി യൂണിറ്റ് കഴിഞ്ഞദിവസം കെറ്റാമെലോണ്‍ ശൃംഖല കണ്ടെത്തി എഡിസനെ അറസ്റ്റ് ചെയ്തത്. വീട്ടില്‍നിന്ന് 1127 എല്‍എസ്ഡി സ്റ്റാമ്പുകളും 131.66 ഗ്രാം കെറ്റാമൈനും 70 ലക്ഷം രൂപയ്ക്കുതുല്യമായ ക്രിപ്റ്റോകറന്‍സിയും പിടിച്ചെടുത്തിരുന്നു. പോലീസിലെ തീവ്രവാദ വിരുദ്ധ സേനയും നടപടികളില്‍ പങ്കാളികളായിരുന്നു.
മൂവാറ്റുപുഴ സബ്ജയിലില്‍ റിമാന്‍ഡിലുള്ള എഡിസനെയും സുഹൃത്ത് അരുണ്‍ തോമസിനെയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ഇതിനായി എന്‍സിബി മൂവാറ്റുപുഴ കോടതിയില്‍ അപേക്ഷ നല്‍കി. തിങ്കളാഴ്ച ഇവരെ കസ്റ്റഡിയില്‍ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന വാഗമണ്ണിലെ റിസോര്‍ട്ട് ഉടമകളായ ഡിയോള്‍, ഭാര്യ അഞ്ജു എന്നിവരെയും അടുത്തദിവസം കസ്റ്റഡിയില്‍ വാങ്ങും. ഡാര്‍ക്ക്നെറ്റ് മയക്കുമരുന്ന് ഇടപാടില്‍ കൂടുതല്‍ വമ്പന്മാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വെബ്സൈറ്റുകള്‍ കൂടാതെ, പ്രതികളുടെ മൊബൈലുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
ഡാര്‍ക്ക്നെറ്റ് മയക്കുമരുന്ന് സംഘത്തിന്റെ ഇന്ത്യയിലെയും വിദേശത്തെയും നിക്ഷേപം, ക്രിപ്റ്റോകറന്‍സി വഴിയുള്ള ഇടപാടുകള്‍, മറ്റു സ്വത്തുവകകള്‍ എന്നിവ കണ്ടുകെട്ടാനാണ് നീക്കം. പ്രതികളെ പിടികൂടിയ ദിവസംതന്നെ ഇന്ത്യയിലെ വിവിധ പണമിടപാട് സ്ഥാപനങ്ങളിലെ അക്കൗണ്ടുകള്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മരവിപ്പിച്ചിരുന്നു. അതേസമയം, ഇവരുടെ വിദേശനിക്ഷേപങ്ങള്‍, ക്രിപ്റ്റോകറന്‍സി ഇടപാട്, മറ്റു സ്വത്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ പൂര്‍ണമായും ലഭിച്ചിട്ടില്ല. എഡിസന്റേതടക്കം മരവിപ്പിച്ച അക്കൗണ്ടുകളില്‍ കാര്യമായ നിക്ഷേപം ഉണ്ടായിരുന്നില്ല.
അതിനിടെ രാജ്യത്തെ ഏറ്റവും വലിയ ഡാര്‍ക്ക്നെറ്റ് മയക്കുമരുന്ന് വില്‍പ്പനശൃംഖലയായ കെറ്റാമെലോണിന് മയക്കുമരുന്ന് എത്തിക്കുന്ന ഡോ. സ്യൂസിലേക്ക് അന്വേഷണം എത്തിക്കാനാകാതെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പ്രതിസന്ധിയിലാണെന്നും സൂചനയുണ്ട്. ഏറ്റവും കൂടുതല്‍ എല്‍എസ്ഡി സ്റ്റാമ്പുകള്‍ ഉല്‍പ്പാദിപ്പിച്ച് ലോകത്താകെ വിതരണം ചെയ്യുന്ന സംഘമാണ് ഡോ. സ്യൂസ്. കാലങ്ങളായി രാജ്യാന്തര അന്വേഷക ഏജന്‍സികള്‍ക്കെല്ലാം തലവേദനയാണ് ഈ സംഘം. എഡിസന്റെ ലഹരിമരുന്നിന്റെ ഉറവിടവും ഡോ. സ്യൂസാണ്. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമുള്ളവരാണ് ഡോ. സ്യൂസ് ഡാര്‍ക്ക്നെറ്റ് സംഘത്തിലെ മുഖ്യസൂത്രധാരന്മാര്‍. ഈ സംഘത്തിലെ ഇടനിലക്കാരായ പലരെയും അന്വേഷണ ഏജന്‍സികള്‍ക്ക് പിടികൂടാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും, സ്യൂസുമായി നേരിട്ട് ബന്ധമുള്ളവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
വിവിധ രാജ്യങ്ങളില്‍ അതീവരഹസ്യമായി സ്യൂസിന്റെ എല്‍എസ്ഡി സ്റ്റാബ് നിര്‍മാണ ലാബുകളുണ്ടെങ്കിലും ഇവരെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളോ ചിത്രങ്ങളോ ഇതുവരെ പുറത്തുവന്നിട്ടില്ല. സംഘാംഗങ്ങള്‍ക്കുപോലും പരസ്പരം അറിയാതെയാണ് ലോകമാകെയുള്ള ഇവരുടെ മാഫിയാപ്രവര്‍ത്തനമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡാര്‍ക്ക്നെറ്റിന്റെ മുഖ്യസൂത്രധാരന്മാരായ ഡോ. സ്യൂസില്‍നിന്ന് പാഴ്സല്‍വഴിയാണ് എഡിസണ്‍ എല്‍എസ്ഡി സ്റ്റാമ്പുകള്‍ എത്തിച്ചിരുന്നത്. തുടര്‍ന്ന് കെറ്റാമെലോണ്‍വഴി ബന്ധപ്പെടുന്നവര്‍ക്ക് പാഴ്സലുകളില്‍ അയക്കുകയായിരുന്നു പതിവ്. ക്രിപ്റ്റോകറന്‍സിയായ മൊനേറോയിലായിരുന്നു ഇടപാടുകള്‍.
എഡിസണിന്റെ മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഡിയോള്‍, ഭാര്യ അഞ്ജു എന്നിവര്‍ കുടുങ്ങിയത്. വാഗമണ്ണില്‍ നിന്നാണ് തോട്ടമുടമകളായ ദമ്പതികളെ പിടികൂടിയത്. പാഴ്സലുകള്‍ വഴി ഇറക്കുമതി ചെയ്യുന്ന കെറ്റമിന്‍ എന്ന മയക്കുമരുന്ന് ചെറിയ ഭാഗങ്ങളാക്കി ഇവര്‍ ഓസ്‌ട്രേലിയയിലേക്ക് അയച്ചിരുന്നതായാണ് പ്രാഥമികവിവരം. രണ്ടു വര്‍ഷമായി ഇടപാട് നടത്തിയിരുന്നു. ഇവരുടെ ലാപ്‌ടോപ്പ് ഉള്‍പ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ സൈബര്‍ വിദഗ്ദ്ധര്‍ പരിശോധിച്ചുവരികയാണ്. എന്‍.സി.ബി തകര്‍ത്ത കെറ്റാമെലോണ്‍ എന്ന ഡാര്‍ക്ക്‌നെറ്റിന് പുറമെ മറ്റ് സംഘങ്ങളുമായും എഡിസണിനും സഹായിയും സുഹൃത്തുമായ അരുണ്‍ തോമസിനും ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.
ഒന്നിലേറെ അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ലോകത്തെ വമ്പന്‍ രാസമയക്കുമരുന്ന് മാഫിയകളുമായി ബന്ധപ്പെടാതെ വിപുലമായ വ്യാപാരം നടത്താന്‍ കഴിയില്ലെന്നാണ് അധികൃതര്‍ കരുതുന്നത്. പാഞ്ചാലിമേട്ടിലെ സണ്‍സെറ്റ് വാലി റിസോര്‍ട്ടിന്റെ ഉടമകളായ ഡിയോള്‍ ഭാര്യ അഞ്ജു എന്നിവരെയാണ് കൊച്ചി എന്‍സിബി യൂണിറ്റ് അറസ്റ്റ് ചെയ്തത്. 2023ല്‍ കൊച്ചിയില്‍ പിടികൂടിയ ലഹരി പാഴ്സലുമായി ബന്ധപ്പെട്ട അന്വേഷണമാണ് റിസോര്‍ട്ടുടമകളായ ദമ്പതികളുടെ അറസ്റ്റിലേക്ക് നയിച്ചത്. വ്യാജ മേല്‍വിലാസവും വിവരങ്ങളാണ് അന്ന് പാഴ്സല്‍ അയക്കാനായി നല്‍കിയിരുന്നതെങ്കിലും ഒന്നര വര്‍ഷത്തിന് ശേഷം അന്വേഷണം ദമ്പതികളില്‍ എത്തിനിന്നു. 2019 മുതല്‍ ഡിയോളിന്റെ നേതൃത്വത്തില്‍ 'റേപ്പ് ഡ്രഗ്ര്' എന്നറിയപ്പെടുന്ന കെറ്റമീന്‍ ഓസ്ട്രേലിയയിലേക്ക് അയക്കുന്നുണ്ടെന്നാണ് എന്‍സിബിയുടെ കണ്ടെത്തല്‍.
കെറ്റമെലോണ്‍ ഡാര്‍ക് നെറ്റ് ലഹരിശൃംഖലയുടെ ബുദ്ധികേന്ദ്രം എഡിസന്‍ ബാബുവിന്റെ ഉറ്റ സുഹൃത്താണ് ഡിയോള്‍. ബിടെക്കിനടക്കം മൂവാറ്റുപുഴയിലെ കോളജില്‍ ഇവര്‍ ഒരുമിച്ച് പഠിച്ചതായുള്ള സ്ഥിരീകരിക്കാത്ത വിവരവും പുറത്തുവരുന്നു. എഡിസനോടൊപ്പം കെറ്റമെലോണ്‍ കേസില്‍ പിടിയിലായ മൂവാറ്റുപുഴ സ്വദേശി അരുണ്‍ തോമസും ഡിയോളിന്റെ ക്ലാസ്മേറ്റാണ്. ഈ ഇഴപിരിയാത്ത കൂട്ടുകെട്ടാണ് ലഹരിയിടപാടിലും തുടര്‍ന്നത്. ഇതില്‍ മുഖ്യസൂത്രധാരന്‍ എഡിസനാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ഡിയോളിനെ കുറിച്ചും വിശദമായ അന്വേഷണം നടത്തേണ്ടി വരും.