പത്തനംതിട്ട: ഭഗവൽ സിങും ലൈലയും ഷാിഫിയും ചേർന്ന് നടത്തിയ നരബലികൾ ഇലന്തൂർ എന്ന കൊച്ചുഗ്രാമത്തിന്റെ ചരിത്രത്തിൽ രണ്ടാമത്തേതാണ്. ആദ്യ നരബലി നടന്നത് 25 വർഷം മുൻപാണ്. ഹോമിയോ ഡോക്ടർ ആയിരുന്ന ശശിരാജപ്പണിക്കർ കാമുകിയെ സ്വന്തമാക്കാൻ വേണ്ടി സ്വന്തം മകളെ പീഡിപ്പിച്ചു ബലി കൊടുത്തതാണ് ആദ്യത്തേത്. കുട്ടിയുടെ മാതാവായ രണ്ടാം ഭാര്യയെ ബോധിപ്പിക്കാൻ വേണ്ടി മൂധേവി എന്ന പിശാചിനിയുടെ കഥ മെനഞ്ഞ ശശിരാജപ്പണിക്കർ ബാധ മകളുടെ ശരീരത്തിലാണുള്ളതെന്ന് പറഞ്ഞാണ് ക്രൂരമായ പീഡനം നടത്തിയതും നാലര വയസുകാരി അശ്വിനി നരബലിക്ക് ഇരയായതും.

1997 ഓഗസ്റ്റിലാണ് ഇലന്തൂരിനെ നടുക്കിയ ആദ്യ നരബലി നടക്കുന്നത്. ഇലന്തൂർ പരിയാരം പൂക്കോട് കണിയാംകണ്ടത്തിൽ ശശിരാജപണിക്കർ എന്ന ഹോമിയോ ഡോക്ടർ മൂധേവിക്ക് വിളക്കു വച്ചിരുന്നു. ഐശ്വര്യത്തിന്റെ പേരിലാണ് ഇയാൾ അരുംകൊല നടത്തിയത്. കാമുകിയായ ചേർത്തല വാരനാട് ചുങ്കത്തുവിളയിൽ വീട്ടിൽ സീന(24)യെ വിവാഹം കഴിക്കാനുള്ള ലക്ഷ്യമായിരുന്നു മൂധേവി കഥയ്ക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ആദ്യ ഭാര്യ പൊന്നമ്മയെ ഉപേക്ഷിച്ച ശശിരാജപണിക്കർ വൈകാതെ കുറിയന്നൂർ കമ്പോത്രയിൽ സുകുമാരിയമ്മയെ വിവാഹം ചെയ്തു. ഇതിനായി ഇയാൾ പൊന്നമ്മയെ ക്രൂരമായി പീഡിപ്പിച്ചിരുന്നു. ശരീരമാസകലം സിഗരറ്റും സാമ്പ്രാണിയുമൊക്കെ ഉപയോഗിച്ച് പൊള്ളിച്ചു. ശശിരാജനെ ഭയന്നു സ്ഥലം വിട്ടു പോയ പൊന്നമ്മ തിരികെ വന്നപ്പോൾ കാണുന്നത് സുകുമാരിയമ്മയുമായുള്ള താമസമാണ്. പൊന്നമ്മയും കുട്ടികളും തുടർന്നും ഇതേ വീട്ടിൽ തമാസിച്ചുവെങ്കിലും പീഡനം രൂക്ഷമായപ്പോൾ വിട്ടു പോകേണ്ടി വന്നു.

ഏറെനാൾ കഴിയുന്നതിന് മുൻപ് സുകുമാരിയെയും പണിക്കർക്ക് മടുത്തു. പുതിയ കാമുകിയായി രംഗപ്രവേശം ചെയ്തത് ചേർത്തലക്കാരി സീനയായിരുന്നു. പണിക്കർ അടുത്ത വിവാഹത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചെങ്കിലും ഒന്നും വിജയിച്ചില്ല. ഏറെ കഴിയും മുമ്പുതന്നെ സുകുമാരിയമ്മ അശ്വിനിയെ പ്രസവിച്ചു. പിറന്നു വീണപ്പോൾ മുതൽ അശ്വിനിയോട് ശശിരാജപണിക്കർ ക്രൂരതകാട്ടി തുടങ്ങി. മാതാവ് അരികിൽ ഇല്ലാത്തപ്പോഴൊക്കെ ഇയാൾ അശ്വിനിയെ നോവിക്കുക പതിവായിരുന്നു. കുട്ടി അലറിക്കരയുന്നത് കേൾക്കുമ്പോൾ അയാളിൽ ഒരു തരം ആനന്ദം ഉടലെടുക്കുമായിരുന്നു.

കുട്ടി വളരുന്നതിന് അനുസരിച്ച് പീഡനത്തിന്റെ രീതിയും മാറി വന്നു. വിവസ്ത്രയായി നിൽക്കുന്ന പിഞ്ചു കുഞ്ഞിന്റെ ശരീരത്ത് കത്തിച്ച സിഗരറ്റ് കുത്തുന്നത് പതിവായി. പിതാവ് എന്താണ് തന്നോട് ചെയ്തതെന്നറിയാതെ ആ പിഞ്ചു കുഞ്ഞ് ആർത്ത് നിലവിളിക്കുമായിരുന്നു. കരച്ചിൽ കേട്ട് സുകുമാരിയമ്മ ഓടി എത്തുമ്പോൾ കാണുന്നത് പിതാവിന്റെ നേരെ നോക്കി കരയുന്ന കുട്ടിയെ ആയിരിക്കും. കാരണം ചോദിക്കുമ്പോൾ ഉറുമ്പ് കടിച്ചതാണെന്ന് പറഞ്ഞ് ശശിരാജപണിക്കർ ചെറു ചിരിയോടെ തടിതപ്പും.

സ്ത്രീകളെ പീഡിപ്പിച്ച് അതിൽ നിന്നും പ്രത്യേക ആനന്ദം കണ്ടെത്തിയിരുന്ന ശശിരാജപണിക്കർ ക്രൂരമായ രതി വൈകൃതത്തിന് അടിമയായിരുന്നു. ഭാര്യയോടും അയാൾ അത്തരത്തിലാണ് പെരുമാറിയിരുന്നത്. പീഡനം ഭയന്ന് അവർ എല്ലാം മനസിലൊതുക്കി. ആ ഇടയ്ക്കാണ് ചേർത്തല സ്വദേശി സീനയെ ശശിരാജപണിക്കർ പരിചയപ്പെടുന്നത്. ഒരു ദിവസം സീനയുമായി പണിക്കർ പരിയാരത്തുള്ള വീട്ടിലെത്തി. മഹാ മാന്ത്രീക സിദ്ധിയുള്ള യുവതിയാണെന്നും ആദരവോടെ മാത്രമെ ഇടപെടാവൂ എന്നുമായിരുന്നു സുകുമാരിയമ്മയ്ക്ക് നൽകിയ നിർദ്ദേശം. സീനയെ 'മോളെ' എന്നുമാത്രമെ അഭിസംബോധന ചെയ്യാവൂ എന്നും നിർദ്ദേശിച്ചിരുന്നു.

ഒരു ദിവസം സീന വീടിന്റെ ഉമ്മറത്ത് നിലവിളക്ക് കത്തിച്ചു. വിളക്ക് മൂധേവിക്കു വേണ്ടിയാണെന്നും പറഞ്ഞു. മൂധേവി കടാക്ഷിച്ചാൽ ഐശ്വര്യം പറന്നെത്തും. പക്ഷേ വിളക്കിന് മറി കടക്കാൻ പാടില്ല. ദിവസവും മൂധേവിക്ക് വിളക്ക് വെച്ച് പ്രാർത്ഥിക്കണം. കൂടാതെ ഓരോ ദിവസവും മൂധേവിയുമായുള്ള പെരുമാത്തെപ്പറ്റി ഡയറി എഴുതണം. കുട്ടി മൂധേവിയെ മറികടന്നാൽ ഐശ്വര്യം കുറയും. അറിയാതെ അങ്ങനെ സംഭവിച്ചാൽ കുട്ടിയെ പണിക്കർ മർദ്ദിച്ച് ശാപം അകറ്റും. കാണാമറയത്തുള്ള പ്രാർത്ഥനയാണ് മറ്റൊന്ന്. ഈ പ്രാർത്ഥനയിൽ സുകുമാരിയമ്മയ്ക്ക് പങ്കെടുക്കാൻ അവകാശമില്ല. അടച്ചിട്ട മുറിയാലണ് ഈ കർമ്മം നടക്കുന്നത്. അതിനായി സീനയും ശശിരാജപണിക്കരും മുറിക്കുള്ളിൽ കയറും. മണികൂറുകൾ നീണ്ട പ്രാർത്ഥന കഴിഞ്ഞ് ഇരുവരും പുറത്തിറങ്ങിയാൽ സുകുമാരിയമ്മ അവർക്കായി കരിക്ക് തയാറാക്കി നൽകണം.

ഒടുവിൽ പൂജാ കർമ്മങ്ങൾക്ക് ദൈർഘ്യം കൂടിവന്നു. വിളക്കിന് മറികടക്കുന്ന കുട്ടിക്കുള്ള ശിക്ഷാ നടപടികളും വർദ്ധിച്ചുവന്നു. ശരീരമാസകലം സിഗരറ്റ് കുറ്റികൊണ്ടുള്ള പൊള്ളൽ വലിയ വൃണമായിമാറി. ഒരു ദിവസം കുട്ടി വെട്ടി വിറച്ചു. അതി ഭയങ്കരമായ പനി ബാധിച്ചുവെങ്കിലും ചികിത്സിക്കാൻ ശശിരാജപണിക്കർ തയ്യറായില്ല. മൂധേവി കോപിച്ചുവെന്നായിരുന്നു സീനക്ക് കിട്ടിയ വെളിപാട്. ഒടുവിൽ ശരീരത്തിലെ വൃണത്തിലേക്ക് അണുക്കൾ വ്യാപിച്ചു. വൈകാതെ കുട്ടി മരണത്തിന് കീഴടങ്ങി.

നാട്ടുകാർ വിവരം അറിയിച്ചതോടെ പത്തനംതിട്ട എസ്‌പി ആയിരുന്നു ശ്രീലേഖയുടെ നിർദ്ദേശ പ്രകാരം ആറന്മുള പൊലീസ് സ്ഥലത്തെത്തി. ചേദ്യം ചെയ്യൽ പുരോഗമിച്ചതോടെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ സുകുമാരിയമ്മ ഒന്നില്ലാതെ വെളിപ്പെടുത്തി. മൂവരും അറസ്റ്റിലായി. ശശിരാജപണിക്കർക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചു. മറ്റുള്ളവർ ശിക്ഷ പൂർത്തീകരിച്ച് പുറത്തിറങ്ങി. എന്നാൽ ശശിരാജപണിക്കരെ പുറത്തിറക്കാൻ ആരും ഉണ്ടായിരുന്നില്ല. ഒടുവിൽ ഈ വർഷം ആദ്യം തിരുവനന്തപുരം സെൻട്രൽ ജയിലിൽ വച്ച് ശശിരാജപണിക്കർ മരിച്ചു.