കൊച്ചി: ഇരട്ട നരബലിക്കേസിൽ സംശയങ്ങൾ എല്ലാം നീക്കാൻ പൊലീസ്. നരബലിയും നരഭോജനത്തിന് അപ്പുറം ആവയവ കടത്തിന്റെ സാധ്യതയും തേടും. പ്രതി മുഹമ്മദ് ഷാഫിയുടെ ദുരൂഹ പ്രവർത്തനങ്ങൾക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നു. പത്തനംതിട്ടയ്ക്കു പുറമേ കോട്ടയം, കൊച്ചി, മലയാറ്റൂർ പ്രദേശങ്ങളിലും സമീപകാലത്തു ഷാഫിയുടെ സംശയകരമായ സാന്നിധ്യം വ്യക്തമായിട്ടുണ്ട്. നരബലിക്കു മുൻപുള്ള മാസങ്ങളിൽ കേരളമാകെ സഞ്ചരിച്ച ഷാഫി സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നു പലരെയും ഇലന്തൂരിലേക്കു കൂട്ടിക്കൊണ്ടു വന്നിട്ടുണ്ട്. ഇവരെ കണ്ടെത്തി മൊഴിയെടുക്കും. എന്തിനാണ് ഇവരെ ഇലന്തൂരിലേക്ക് കൊണ്ടു വന്നതെന്ന ചോദ്യം സജീവമാണ്. ഈ സാഹചര്യത്തിലാണ് നീക്കം,

ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഒരാളുടെ രീതിയിലല്ല ഷാഫി സമൂഹമാധ്യമങ്ങളിലൂടെ ഇടപെട്ടിരുന്നത്. ഇലന്തൂർ ദമ്പതികളെ നരബലി നടത്താൻ പ്രേരിപ്പിച്ചതും ആഭിചാരക്രിയകളിലേക്കു നയിച്ചതും സമൂഹമാധ്യമങ്ങളിലൂടെയാണ്. ഇതിൽ ഷാഫിക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നു കണ്ടെത്തും. ഭഗവൽ സിങ്, ലൈല എന്നിവരുടെ വീട്ടിൽ ആയുർവേദ ചികിത്സയ്ക്കു വേണ്ടി സമീപകാലത്ത് തങ്ങിയിട്ടുള്ള ചലച്ചിത്ര പ്രവർത്തകർ അടക്കമുള്ളവരുടെ മൊഴിയും ശേഖരിക്കണം. കേരളത്തിന്റെ പലഭാഗങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുള്ള സ്ത്രീകളെ കാണാതായ കേസുകളുമായി നരബലിക്കേസിലെ പ്രതികൾക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്നും പരിശോധിക്കും. മനുഷ്യ മാംസം ഭക്ഷിച്ചിട്ടില്ലെന്നു കാക്കനാട് ജയിലിൽനിന്നു കോടതിയിലേക്കു കൊണ്ടു പോകുന്നതിനിടെ ഭഗവൽ സിങ്ങും ലൈലയും മാധ്യമങ്ങളോടു പ്രതികരിച്ചു. ഭഗവൽ സിങ്ങിനെ കൊലപ്പെടുത്താൻ ആലോചിച്ചിരുന്നോ എന്ന ചോദ്യത്തിനു ലൈല മറുപടി നൽകിയില്ല.

പ്രതികളെ 24 വരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. 3 ദിവസം കൂടുമ്പോൾ വൈദ്യപരിശോധനയ്ക്കു ഹാജരാക്കി മെഡിക്കൽ റിപ്പോർട്ട് കൈമാറണം. പൊലീസ് കസ്റ്റഡിയിൽ വിട്ട പ്രതികളെ എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു ശേഷം കൊച്ചി പൊലീസ് ക്ലബിൽ എത്തിച്ചു. വൈകുന്നേരത്തോടെ ചോദ്യം ചെയ്യൽ ആരംഭിച്ചു. ഇലന്തൂർ നരബലിക്കഥയിൽ യഥാർഥത്തിൽ സംഭവിച്ചതെന്ത് എന്ന് അറിയാൻ പൊലീസിന് മുന്നിലുള്ള ഏക മാർഗം വൈദ്യൻ ഭഗവൽ സിങ് ആണെന്നാണ് വിലയിരുത്തൽ. ആദ്യത്തെ കൊലപാതകം കഴിഞ്ഞപ്പോൾ മുതൽ പശ്ചാത്താപ വിവശനായിരുന്നു വൈദ്യൻ. രണ്ടാമതൊന്നു കൂടി കഴിഞ്ഞതോടെ ഒന്നും ഉൾക്കൊള്ളാവാനത്ത അവസ്ഥയിലേക്ക് ഇയാൾ മാറി. സ്വതവേ അന്തർമുഖനായിരുന്ന വൈദ്യൻ ഭഗവൽ കൂടുതൽ ഉൾവലിഞ്ഞു.

അപകടം മണത്ത ഷാഫിയും ലൈലയും ചേർന്ന് ഇയാളെ വകവരുത്താൻ പദ്ധതിയിട്ടതും രഹസ്യം ചോരുമെന്ന് കണ്ടു തന്നെയാണ്. ജീവിച്ചിരുന്നാൽ വൈദ്യൻ ഇതൊക്കെ ആരോടെങ്കിലുമൊക്കെ പറയും. അല്ലെങ്കിൽ സാമൂഹിക മാധ്യമങ്ങളിൽ ഹൈകു കവിതയാക്കി എഴുതും. ഇയാൾ പോകുന്നിടത്തും വരുന്നിടത്തുമെല്ലാം പിന്നാലെ നടക്കുന്നതും ഇയാൾ പുറത്തു പറയുമെന്ന് ഭയന്ന് ജീവിക്കുന്നതും പ്രായോഗികമല്ല. പിന്നെയുള്ള വഴി അയാളെ ഇല്ലാതാക്കുക എന്നതായിരുന്നു. അതിനുള്ള തന്ത്രം മെനയുമ്പോഴാണ് ഷാഫിയും ലൈലയും പൊലീസ് പിടിയിലാകുന്നത്. രണ്ടാമത്തെ കൊല നടന്നതിന്റെ പിറ്റേന്ന് തന്നെ തിരുമ്മാൻ വന്നുവെന്ന് മറുനാടനോട് വെളിപ്പെടുത്തിയ മലയാലപ്പുഴ പുതുക്കുളം സ്വദേശി ഷേൻ സദാനന്റെ വാക്കുകളിൽ നിന്നും ലൈല എത്രത്തോളം ഭഗവൽ സിങിനെ ഭയന്നിരുന്നുവെന്ന് വ്യക്തമാണ്. നിഴലു പോലെ ഭഗവൽ സിങിനെ ഒട്ടിയാണ് ലൈല നടന്നിരുന്നതെന്ന് ഷേൻ പറയുന്നു. തന്നോട് സംസാരിക്കാൻ പോലും വൈദ്യൻ വിമുഖത കാണിച്ചിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. മുഖത്ത് നോക്കി സംസാരിക്കില്ലായിരുന്നു.

പാർട്ടിയുടെ പരിപാടികളിൽ സജീവമായിരുന്ന ഭഗവൽ സിങിന്റെ പിന്നാലെ ലൈലയും കൂടി. കോടിയേരിക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള റാലിയിൽ ഇരുവരും ഒന്നിച്ചാണ് പങ്കെടുത്തത്. സിപിഎമ്മിന്റെ പാർട്ടി ഫണ്ട് പിരിവിന് പോയ വൈദ്യനെ ലൈല അനുഗമിച്ചിരുന്നു. ഇടയ്ക്ക് സ്വന്തം കുടുംബവീട്ടിൽ പോയ ലൈലയ്ക്കൊപ്പം വൈദ്യനും ഉണ്ടായിരുന്നു. എല്ലായിടത്തും ഒരേ നിസംഗ മുഖഭാവമായിരുന്നു വൈദ്യന്. പെരുമാറ്റത്തിൽ വലിയ മാറ്റമൊന്നും കണ്ടില്ല. കൊച്ചിയിൽ നിന്ന് കിട്ടിയ സൂചന അനുസരിച്ച് കാണാതായ സ്ത്രീകളെ തേടി ആറന്മുള എസ്ഐയും സംഘവും ഞായറാഴ്ച വൈകിട്ടാണ് വൈദ്യന്റെ വീട്ടിൽ വന്നത്. മൊബൈൽ ഫോണിൽ രണ്ടു സ്ത്രീകളുടെയും ചിത്രങ്ങൾ എസ്ഐ ആദ്യം കാണിച്ചത് വൈദ്യനെയാണ്. അറിയില്ലെന്ന നിലപാടിലായിരുന്നു ഇയാൾ. മുഖത്ത് യാതൊരു ഭാവഭേദവും ഇല്ലായിരുന്നു.

ഈ സ്ത്രീകളുടെ മൊബൈൽ ലൊക്കേഷൻ ഏറ്റവും അവസാനം കണ്ടത് വൈദ്യന്റെ വീട്ടിലാണെന്ന് എസ്ഐ പറഞ്ഞു. ഇങ്ങനെ ചിലർ ഇവിടെ ചികിൽസ തേടി വന്നിട്ടില്ലെന്ന് പറഞ്ഞ് വൈദ്യൻ ഒഴിഞ്ഞു മാറി. ഇവരുടെ മുഖഭാവങ്ങൾ പൊലീസ് മൊബൈൽ ഫോണിൽ പകർത്തുന്നുണ്ടായിരുന്നു. പിന്നീടാണ് ലൈലയെ ചിത്രങ്ങൾ കാണിച്ചത്. പെട്ടെന്ന് ഇവരൊന്നു ഞെട്ടി. ഇക്കാര്യം പൊലീസ് വ്യക്തമാക്കുന്നുണ്ട്. തെളിവായി മൊബൈൽ ദൃശ്യങ്ങളുമുണ്ട്. ഇതോടെയാണ് സ്ത്രീകളുടെ തിരോധാനത്തിൽ ദമ്പതികൾക്കുള്ള പങ്ക് ഉറപ്പിച്ചത്. പിറ്റേന്ന് പുലർച്ചെ ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ലൈലയും ഷാഫിയും നന്നായി ഹോം വർക്ക് ചെയ്തിട്ടാണ് പൊലീസിന് മുന്നിൽ നിൽക്കുന്നത്. അന്വേഷണം വഴി തെറ്റിക്കാനുള്ള എല്ലാ നീക്കങ്ങളും ഇവരുടെ ഭാഗത്ത് നിന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് നരഭോജനം എന്നൊരു കഥ പുറത്തു വന്നത്.

എല്ലാത്തിനും മൂകസാക്ഷി മാത്രമായിരുന്നു വൈദ്യൻ ഭഗവൽ സിങ് എന്നു വേണം കരുതാൻ. അതു കൊണ്ട് തന്നെ അയാളെ മാപ്പുസാക്ഷിയാക്കും. നടന്ന കാര്യങ്ങൾ ഇദ്ദേഹം തുറന്നു പറയുമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്.