കൊച്ചി: രാജ്യത്തെ നടുക്കിയ ഇലന്തൂർ നരബലി കേസിലെ മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. 12 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ പ്രതികളെ വിട്ടത്. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി എട്ടാണ് പ്രതികളെ ഈ മാസം 24 വരെ കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡി അപേക്ഷയിൽ വലിയ വാദപ്രതിവാദങ്ങളാണ് കോടതിയിൽ നടന്നത്. പ്രതിഭാഗത്തിന്റെ വാദങ്ങൾ പൂർണമായും തള്ളി കേസിന്റെ മുഴുവൻ വിവരങ്ങളും പുറത്തുവരേണ്ടത് സമൂഹ നന്മയ്ക്ക് ആവശ്യമാണ് എന്നതടക്കമുള്ള പ്രോസിക്യൂഷൻ വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.

കേസിലെ ഒന്നാംപ്രതിയായ ഷാഫി കൊടുംകുറ്റവാളിയാണെന്നും വിശദമായി തന്നെ ചോദ്യംചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഷാഫി പറയാൻ മടിക്കുകയാണെന്നും സൈബർ ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ വിശദമായ ചോദ്യംചെയ്യൽ അനിവാര്യമാണെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കി. ഈ പശ്ചാത്തലമെല്ലാം കണക്കിലെടുത്താണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ട 12 ദിവസത്തെയും കസ്റ്റഡി കോടതി അനുവദിച്ച് നൽകിയത്.

ഇതിനിടെ പ്രതിഭാഗം അഭിഭാഷകൻ ആളൂരിനെ കോടതി വിമർശിക്കുകയും ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ വിട്ടാൽ എല്ലാ ദിവസവും കാണാൻ അനുവദിക്കണമെന്ന ആളൂരിന്റെ ആവശ്യമാണ് കോടതിയെ പ്രകോപിപ്പിച്ചത്. കോടതിക്ക് മേൽ അഭിഭാഷകൻ നിർദ്ദേശം വയ്ക്കേണ്ടെന്ന് കോടതി താക്കീത് നൽകുകയായിരുന്നു. കൊല്ലപ്പെട്ട പത്മയെ തട്ടിക്കൊണ്ടുപോയതല്ല, അവർ സ്വമേധയാ ഷാഫിക്കൊപ്പം പോയാതാണെന്ന വാദവും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ആളൂർ ഉന്നയിച്ചു. കുറ്റകൃത്യം നടന്നത് എറണാകുളം കോടതിയുടെ പരിധിയിലല്ല എന്ന വാദവും പ്രതിഭാഗം ഉന്നയിച്ചു. ഈ വാദങ്ങൾ തള്ളിയാണ് പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി അംഗീകരിച്ചത്. അതേസമയം പ്രതികളെ മുഖം മറച്ചേ തെളിവെടുപ്പിനും മറ്റു കൊണ്ടാകൂ എന്നും കോടതി വ്യക്തമാക്കി.

പ്രതികൾക്ക് മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടോ എന്ന് അന്വേഷിക്കണമെന്നം പണയം വച്ച സ്വർണം അടക്കമുള്ള തെളിവുകൾ കണ്ടെത്തണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. നരബലിയിൽ കൂടുതൽ ഇരകൾ ഉണ്ടോയെന്ന് അന്വേഷിക്കണം, സൈബർ, ഫോറൻസിക് സഹായത്തോടെയുള്ള പരിശോധന വേണം, പ്രതികളെ ഒന്നിച്ചിരുത്തി തെളിവുകൾ പരിശോധിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

മനുഷ്യമാംസം ഭക്ഷിച്ചില്ലെന്ന് പ്രതികൾ

അതേസമയം മനുഷ്യമാംസം ഭക്ഷിച്ചെന്ന ആരോപണം നിഷേധിച്ച് നരബലിക്കേസിൽ പ്രതികളായ ഭഗവൽ സിങ്ങും ഭാര്യ ലൈലയും. ഇരുവരെയും പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്ന കോടതിയിൽ ഹാജരാക്കാൻ കൊണ്ടു വരുമ്പോൾ കാക്കനാട് ജില്ലാ ജയിൽ പരിസരത്തു വച്ചാണ് മാധ്യമപ്രവർത്തകരോടു പ്രതികരിച്ചത്. ജയിലിൽനിന്ന് ഇറക്കുമ്പോൾ മനുഷ്യമാംസം കഴിച്ചോ എന്നു ഭഗവൽ സിങ്ങിനോടു ചോദിക്കുമ്പോൾ ഇല്ല എന്നു മറുപടി നൽകി. ലൈലയെ പുറത്തു കൊണ്ടുവരുമ്പോഴും മാധ്യമപ്രവർത്തകർ ഇതേ ചോദ്യം ആവർത്തിച്ചു. അവരും ഇല്ലെന്നാണ് മറുപടി നൽകിയത്. മൂന്നു പ്രാവശ്യം ഇല്ല എന്ന മറുപടി അവർ നൽകി. അതേസമയം ഭർത്താവ് ഭഗവൽ സിങ്ങിനെ കൊലപ്പെടുത്താൻ ആലോചിച്ചിരുന്നോ എന്ന ചോദ്യത്തോട് ലൈല പ്രതികരിച്ചില്ല. ഷാഫി മാത്രമാണോ ഇതിനു പിന്നിലെന്ന ചോദ്യത്തിനും മറുപടി നൽകാൻ അവർ തയാറായില്ല. ഷാഫിയോടും ഇതേ കാര്യങ്ങൾ ചോദിച്ചെങ്കിലും മറുപടി നൽകാതെയാണ് വാഹനത്തിൽ കയറിയത്.

കഴിഞ്ഞ ദിവസം പൊലീസ് വിളിച്ച പത്രസമ്മേളനത്തിലാണ് പ്രതികൾ മനുഷ്യമാംസം ഭക്ഷിച്ചതായി വിവരമുണ്ടെന്നും ഇതിനു തെളിവു ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കിയത്. ഇതാണ് ഇപ്പോൾ പ്രതികൾ നിഷേധിച്ചിരിക്കുന്നത്. അതേസമയം കേസിന്റെ അന്വേഷണം എങ്ങനെ വേണമെന്ന കാര്യം തീരുമാനിക്കുന്നതിനായി എഡിജിപി വിജയ് സാഖറെയുടെ നേതൃത്വത്തിൽ പൊലീസ് യോഗം ചേർന്നു. ഓൺലൈനായാണ് വിജയ് സാഖറെ യോഗത്തിൽ പങ്കെടുത്തത്. എറണാകുളം സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ എസ്.ശശിധരൻ, കടവന്ത്ര ഇൻസ്പക്ടർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്ത് കേസ് സംബന്ധിച്ച കാര്യങ്ങൾ പങ്കുവച്ചു.

അതിനിടെ ഭഗവൽ സിങ്ങിന്റെ വിശ്വാസം പിടിച്ചുപറ്റി സിദ്ധനായി ഇലന്തൂരിലേക്ക് എത്താൻ ഷാഫിക്ക് വഴി ഒരുക്കിയത് ശ്രീദേവി എന്ന ഫേസ്‌ബുക്ക് അക്കൗണ്ടായിരുന്നു. ഈ അക്കൗണ്ട് പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. റോസാപ്പൂവ് പ്രൊഫൈൽ ചിത്രമായുള്ള 'ശ്രീദേവി'യുമായി മൂന്ന് വർഷത്തോളമാണ് ഭഗവൽ സിങ് നിരന്തരം ചാറ്റ് നടത്തിയത്. ആ വിശ്വാസമായിരുന്നു ഷാഫിയുടെ ആയുധമെന്നാണ് പൊലീസ് വിലയിരുത്തൽ. ഒടുവിൽ പൊലീസ് ക്ലബ്ബിൽ വെച്ച് ഷാഫിയാണ് 'ശ്രീദേവി' എന്ന് ഡിസിപി വെളിപ്പെടുത്തിയപ്പോഴാണ് ഭഗവൽ സിങ് തകർന്നുപോയി. 'തന്നെ വഞ്ചിച്ചല്ലോ'... എന്നായിരുന്നു ഇതിനോടുള്ള ഭഗവൽ സിങിന്റെ പ്രതികരണം. ഇതുകേട്ട് ലൈലയും തകർന്നു പോയി.ഷാഫിയുടെ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. 'ശ്രീദേവി' എന്ന പേരിലുള്ള അക്കൗണ്ടിലെ നൂറിലേറെ പേജുകൾ വരുന്ന സന്ദേശങ്ങൾ വിശദമായി പരിശോധിക്കും. മറ്റേതെങ്കിലും ദമ്പതികളെയും ഷാഫി വലയിലാക്കിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.