- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നരബലിയുടെ ആസൂത്രണം സംബന്ധിച്ച് കൂടുതൽ അന്വേഷണം; തെളിവെടുപ്പ് തുടരും; പ്രതികൾ വീണ്ടും കസ്റ്റഡിയിൽ; രണ്ടുദിവസം അഭിഭാഷകനെ കാണാൻ അനുമതി; നരബലിക്ക് മുമ്പ് ഷാഫി വിവിധ ജില്ലകളിൽ യാത്രചെയ്തിട്ടുണ്ടെന്ന് പൊലീസ്
കൊച്ചി: ഇലന്തൂർ നരബലിക്കേസിൽ റോസ്ലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു. പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒമ്പതുദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. നരബലിക്കേസിലെ പ്രതികളായ ഷാഫി, ഭഗവൽസിങ്, ലൈല എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കാലടി പൊലീസാണ് കോടതിയിൽ അപേക്ഷ നൽകിയിരുന്നത്. രണ്ടുദിവസം, 15 മിനിറ്റ് വീതം അഭിഭാഷകനെ കാണാനും പ്രതികൾക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്.
പത്തുദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടതെങ്കിലും ഒമ്പത് ദിവസമാണ് കോടതി അനുവദിച്ചത്. നരബലിയുമായി ബന്ധപ്പെട്ട ഇരുപത് കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നായിരുന്നു അപേക്ഷയിൽ പൊലീസ് ചൂണ്ടിക്കാണിച്ചിരുന്നത്. മൊഴികളിലെ വൈരുദ്ധ്യം പരിഹരിക്കാൻ പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യംചെയ്യണം, നരബലിയുടെ ആസൂത്രണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തണം, കൂടുതൽ തെളിവെടുപ്പ് നടത്തണം തുടങ്ങിയവയായിരുന്നു പൊലീസിന്റെ വാദം.
നരബലിക്ക് മുമ്പ് മുഖ്യപ്രതിയായ ഷാഫി വിവിധ ജില്ലകളിൽ യാത്രചെയ്തിട്ടുണ്ടെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും പൊലീസ് കോടതിയെ അറിയിച്ചു. കൂടുതൽപേർ ഇവരുടെ കുറ്റകൃത്യത്തിന് ഇരകളായോ എന്നതടക്കം കണ്ടെത്തേണ്ടതുണ്ടെന്നും പ്രതികൾ ഉപയോഗിച്ച കൂടുതൽ ആയുധങ്ങൾ കണ്ടെടുക്കാനുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു. അതേസമയം, കസ്റ്റഡി അപേക്ഷയെ പ്രതിഭാഗം കോടതിയിൽ എതിർത്തു. മാധ്യമശ്രദ്ധയ്ക്ക് വേണ്ടി പൊലീസ് കേസിനെ വഴിത്തിരിച്ചുവിടുകയാണെന്നും കസ്റ്റഡി അനുവദിക്കേണ്ടതില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
ഇലന്തൂർ നരബലിക്കേസിലെ പ്രതികളുടെ രണ്ടാം കസ്റ്റഡി കേസന്വേഷണത്തിൽ കൂടുതൽ നിർണായകമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പ്രതികൾ നടത്തിയ രണ്ടാമത്തെ കൊലപാതകമാണു പത്മയുടേതെന്നാണ് പുറത്തുവന്ന വിവരം. ഈ കേസിലാണ് പ്രതികളെ റിമാൻഡ് ചെയ്തു കസ്റ്റഡിയിൽ വാങ്ങി 12 ദിവസം ചോദ്യം ചെയ്തത്. റോസ്ലിയെ കാണാതായ സംഭവത്തിൽ കാലടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണു പ്രതികളുടെ അറസ്റ്റ് ഇന്നലെ വീണ്ടും രേഖപ്പെടുത്തിയത്.
പതികളെയും വീണ്ടും ചോദ്യം ചെയ്യുന്നതോടെ ആദ്യ കേസിൽ വെളിപ്പെടുത്താതിരുന്ന പല രഹസ്യങ്ങളും കണ്ടെത്താൻ കഴിയുമെന്നാണു പൊലീസിന്റെ പ്രതീക്ഷ. റോസ്ലി, പത്മ എന്നിവരെ കൂടാതെ മറ്റാരെയെങ്കിലും പ്രതികൾ കൊലപ്പെടുത്തിയിട്ടുണ്ടോയെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ഇലന്തൂരിലെ വീട്ടിലും പരിസരത്തും നടത്തിയ അന്വേഷണത്തിൽ 2 പേരുടെ മൃതദേഹ അവശിഷ്ടങ്ങളാണു കണ്ടെത്തിയതെന്നാണു പൊലീസ് കരുതുന്നത്. അവിടെ നിന്നു ശേഖരിച്ച ഡിഎൻഎ സാംപിളുകളുടെ പരിശോധനാ ഫലം വരുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരും.
ആദ്യഘട്ടം ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം തിങ്കളാഴ്ചയാണു പ്രതികളെ വീണ്ടും റിമാൻഡ് ചെയ്തത്. ഡിസിപി എസ്.ശശിധരനാണു രണ്ടു കേസുകളുടെയും മേൽനോട്ട ചുമതല. കൊല്ലപ്പെട്ട പത്മയുടെ സ്വർണാഭരണങ്ങൾ ഒന്നാംപ്രതി ഷാഫിയാണു പണയപ്പെടുത്തി പണം വാങ്ങിയതെങ്കിൽ റോസ്‌ലിയുടെ ആഭരണങ്ങൾ രണ്ടും മൂന്നും പ്രതികളായ ഭഗവൽസിങ്ങും ഭാര്യ ലൈലയുമാണു പത്തനംതിട്ടയിൽ പണയപ്പെടുത്തിയത്. ഇരകളായ സ്ത്രീകളുടെ മുഴുവൻ ശരീരഭാഗങ്ങളും വീണ്ടെടുക്കാൻ കഴിയാത്തതിനും രണ്ടാം ഘട്ട ചോദ്യം ചെയ്യലിൽ ഉത്തരം ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
കഴിഞ്ഞ ദിവസം ഇലന്തൂരിൽ വിശദമായ തെളിവെടുപ്പ് നടന്നിരുന്നു. കടവന്ത്രയിലെ പത്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള തെളിവെടുപ്പാണ് നടന്നത്. കാലടി മറ്റൂരിലെ റോസിലിയുടെ കൊലപാതകമാണ് ആദ്യം സംഭവിച്ചത്. പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതി അന്വേഷിക്കാൻ വൈകിയതിനാലാണ് രണ്ടാമത്തെ കൊലപാതകത്തിന് കാരണമായത് എന്ന രീതിയിലുള്ള വ്യഖ്യാനങ്ങൾ പുറത്തു വന്നിരുന്നു.
റോസിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ആരംഭിക്കുകയാണ്. റോസിലിയെ ഇവിടെ നിന്നും ഷാഫി കൊണ്ടുപോകുകയായിരുന്നില്ല, അവർ സ്വമേധയാ ചങ്ങനാശ്ശേരിയിലേക്ക് എത്തുകയായിരുന്നു. അവിടെ നിന്നാണ് ഇവർ ഷാഫിയുടെ വാഹനത്തിൽ കയറി ഇലന്തൂരിലേക്ക് പോയതെന്നാണ് അന്വേഷണ സംഘത്തിന് പ്രതികൾ നൽകിയ മൊഴി. അതനുസരിച്ചുള്ള വിശദമായ തെളിവെടുപ്പുകൾ ഉണ്ടാകും.
മറുനാടന് മലയാളി ബ്യൂറോ