പത്തനംതിട്ട: ഇലന്തൂർ നരബലി കേസിൽ പൊലീസ് തെളിവു ശേഖരിക്കുന്നത് തുടരുന്നു. കേസിൽ കൃത്യമായെ തെളിവുകൾ ശേഖരിച്ചു കുറ്റപത്രം കുറ്റമറ്റതാക്കുക എന്നാണ് പൊലീസ് ലക്ഷ്യമിടുന്നത്. ഇലന്തൂരിൽ കൊല്ലപ്പെട്ട റോസ്‌ലിയുടെ മൊബൈൽ ഫോണും ബാഗും പൊലീസ് കണ്ടെത്തി. ഇവ ബന്ധുക്കൾ സ്ഥിരീകരിച്ചതായാണു വിവരം. മുഖ്യപ്രതി ഷാഫിയെ ചോദ്യം ചെയ്തതിൽ നിന്നാണു നിർണായക വിവരം പൊലീസിനു ലഭിച്ചത്. എന്നാൽ ഇവ എവിടെ നിന്നാണു കണ്ടെത്തിയതെന്ന വിവരം പുറത്തു വിട്ടിട്ടില്ല.

ഇതിനിടെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ കൂടുതൽ രക്ത സാംപിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി ശേഖരിച്ചു. പത്മയുടെ മക്കളുടെയും സഹോദരിയുടെയും, റോസ്ലിയുടെ മകളുടെയും രക്തസാംപിളുകളുമാണു വീണ്ടും ശേഖരിച്ചത്. പരിശോധനാ ഫലം ലഭിക്കുന്ന മുറയ്ക്കു ശരീരഭാഗങ്ങൾ ചേർത്തു വച്ചുള്ള പരിശോധന കോട്ടയം മെഡിക്കൽ കോളജിൽ ആരംഭിക്കും. നരബലിക്കേസിലെ പ്രതികളായ ഭഗവൽസിങ്ങിനെയും ഭാര്യ ലൈലയെയും പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങളിലെത്തിച്ചു തെളിവെടുപ്പു നടത്തിയെങ്കിലും കാര്യമായ തെളിവുകൾ കണ്ടെത്താനായില്ല.

റോസ്ലിയെയും പത്മയെയും കൊലചെയ്യാൻ ഉപയോഗിച്ച കത്തി വാങ്ങിയതെന്നു കരുതുന്ന പത്തനംതിട്ട നഗരത്തിലെ കടയിലായിരുന്നു ആദ്യം തെളിവെടുപ്പ്. പത്മയുടെ കൊലപാതകം നടന്നതിന്റെ അടുത്ത ദിവസങ്ങളിൽ ഭഗവൽസിങ്ങിന്റെ വീട്ടിൽ ചികിത്സയ്ക്കായെത്തിയ മലയാലപ്പുഴയിലെ യുവാവിന്റെ വീടിന്റെ പരിസരത്തും മറ്റൊരു കടയുടെ സമീപത്തും പ്രതികളെ എത്തിച്ചു. ഇലന്തൂർ ജംക്ഷനിൽ പ്ലാസ്റ്റിക് കയറും മറ്റും വിൽക്കുന്ന കടയിലും കാർഷികോപകരണ വിൽപനശാലയിലും തെളിവെടുപ്പ് നടത്തി. ഒരിടത്തും പ്രതികളെ വാഹനത്തിൽ നിന്നു പുറത്തിറക്കിയില്ല.

ബുധനാഴ്ച ഉച്ചയ്ക്ക് ഈ കടയിലേക്ക് എത്തിയ അന്വേഷണം സംഘം 15 മിനിറ്റോളം അവിടെ തെളിവെടുത്തു. ഭഗവൽ സിങ്ങിനെ മാത്രമേ പുറത്തേക്കിറക്കിയുള്ളൂ. ഇവിടെനിന്നാണ് കത്തി വാങ്ങിയതെന്ന് പ്രതി പറഞ്ഞു. കടയിലുണ്ടായിരുന്ന ജോലിക്കാർക്ക് ഇയാളെ തിരിച്ചറിയാൻ സാധിച്ചില്ല. ഭഗവൽസിങ് കത്തി വാങ്ങാനെത്തിയ ദിവസം കടയിലുണ്ടായിരുന്ന തൊഴിലാളികൾ സ്വദേശങ്ങളിലേക്ക് പോയിരിക്കുകയാണെന്ന് ഉടമ പറഞ്ഞു. പാലക്കാട് സ്വദേശികളുടെ കടയാണിത്.

പിന്നീട് ഇരുവരെയും ഇലന്തൂരിലെ വീട്ടിലെത്തിച്ചു. ലൈലയെ വീടിനുള്ളിലേക്കും ഭഗവൽ സിങ്ങിനെ അടുത്തുള്ള തോടിനു സമീപത്തേക്കു കൊണ്ടുപോയി. പത്മയുടെ മൊബൈൽ ഫോൺ തോട്ടിൽ ഉപേക്ഷിച്ചിട്ടുണ്ടെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തിരച്ചിൽ. 1.30ന് തുടങ്ങിയ തിരച്ചിൽ 2 മണിക്കൂറിലേറെ നീണ്ടു. എന്നാൽ തെളിവുകളൊന്നും കണ്ടെത്താനായില്ല. 5.45ന് ഇരുവരെയും എറണാകുളത്തേക്കു തിരികെക്കൊണ്ടു പോയി.

അതേസമയം കൊല്ലപ്പെട്ട പത്മയുടെ പാദസരത്തിനായി മുഖ്യപ്രതി മുഹമ്മദ് ഷാഫിയെയും കൂട്ടി പൊലീസും മുങ്ങൽ വിദഗ്ധരും കുട്ടനാട് പള്ളിക്കൂട്ടുമ്മയിൽ എസി കനാലിൽ തിരച്ചിൽ നടത്തി. എന്നാൽ കണ്ടെത്താനായില്ല. വെള്ളിപ്പാദസരം കുട്ടനാട്ടിലെ ജലാശയത്തിൽ ഉപേക്ഷിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തിരച്ചിൽ.

കൊല്ലപ്പെട്ട സ്ത്രീകളുടെ മാംസം, മുഖ്യപ്രതി ഷാഫി കൊച്ചിയിലേക്കു കൊണ്ടുവന്നതായുള്ള വിവരത്തെ തുടർന്നു പ്രതിയുടെ ഹോട്ടലിൽ പൊലീസ് പരിശോധന നടത്തി. കഴിഞ്ഞ ജൂൺ ആദ്യ ആഴ്ചയിലും സെപ്റ്റംബർ അവസാന ആഴ്ചയിലുമാണു കൊലപാതം നടത്തിയത്. രണ്ടു തവണയും ഇരകളുടെ മാംസം കൊച്ചിയിലെക്കു കൊണ്ടുവന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. അമാനുഷിക ശക്തി നേടാനായി മനുഷ്യമാംസം കഴിക്കുന്ന ചിലരെ തനിക്ക് അറിയാമെന്നും അവർ പണം നൽകി മാംസം വാങ്ങുമെന്നും കൂട്ടുപ്രതികളായ ഭഗവൽ സിങ്, ലൈല എന്നിവരോടു ഷാഫി പറഞ്ഞിരുന്നു.