കൊച്ചി: ഇലന്തൂരിലെ നരബലികൾ മറ്റാർക്കെങ്കിലും വേണ്ടിയോ? നരബലിയുടെ ദൃശ്യങ്ങൾ പ്രതികൾ ക്യാമറയിലാക്കിയെന്നാണ് സംശയം. ഷൂട്ട് ചെയ്തിട്ടുണ്ടെങ്കിൽ അത് മറ്റൊരാൾക്ക് വേണ്ടിയാകാം. ഈ ദൃശ്യങ്ങൾ കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങി. സൈബർ കുറ്റാന്വേഷകരുടെ സഹകരണത്തോടെ ഇന്റർനെറ്റിലെ അധോലോകമായ ഡാർക് വെബിൽ പൊലീസ് പരിശോധന നടത്തുന്നുണ്ട്. ഡാർക്ക് വെബിലെ നിഗൂഢ ഇടങ്ങളായി അറിയപ്പെടുന്ന 'റെഡ് റൂമു'കളിൽ തത്സമയ കൊലപാതകങ്ങളും ആത്മഹത്യാരംഗങ്ങളും പ്രത്യക്ഷപ്പെടാറുള്ളതായി റിപ്പോർട്ടുണ്ട്. ഇലന്തൂർ ആഭിചാര കൊലപാതകത്തിന്റെ ദൃശ്യങ്ങൾ ഇങ്ങനെ വന്നിട്ടുണ്ടോ എന്നാണ് പരിശോധന. അതിനിടെ ഷാഫിയുടെ ഭാര്യയും സംശയ നിഴലിലാണ്.

ഇലന്തൂരിൽ വിശദപരിശോധനയ്ക്ക് അന്വേഷണസംഘം തയ്യാറെടുക്കുകയാണ്. കൂടുതൽ ഇരകൾ ഉണ്ടോയെന്ന് സംശയമുള്ളതിനാൽ മൃതദേഹം കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിച്ചായിരിക്കും പരിശോധന. കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാഫി ഉൾപ്പെടെ കേസിലെ പ്രതികളെല്ലാം നിലവിൽ പൊലീസ് ക്ലബ്ബിലാണുള്ളത്. ഇവരെ നിലവിൽ പരിശോധനയ്ക്കായി എത്തിച്ചിട്ടില്ല. ചോദ്യം ചെയ്യൽ പൂർത്തിയാകുന്ന മുറയ്ക്ക് ഇവരെ തെളിവെടുപ്പിന് എത്തിക്കാനാണ് നീക്കം. മുഹമ്മദ് ഷാഫിയുടെ വീട്ടിലും ഹോട്ടലിലും പൊലീസ് വെള്ളിയാഴ്ച പരിശോധന നടത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങൾ ഷാഫിയുടെ ഭാര്യയോടും മക്കളോടും ചോദിച്ചറിഞ്ഞു. നരബലിക്ക് ഇരയാക്കിയ സ്ത്രീകളെ ഇലന്തൂരിൽ എത്തിച്ച വാഹനത്തിന്റെ രേഖകൾ ഉൾപ്പെടെ ഹോട്ടലിൽനിന്നു പിടിച്ചെടുത്തു. ഷാഫിയുടെ ഭാര്യയുടെ മൊഴികളിൽ നിരവധി അസ്വാഭാവികതകളുണ്ട്. ഇത് അവരേയും സംശയ നിഴലിൽ നിർത്തുന്നു. നരബലിയിൽ കൂടുതൽ ഇരകളുണ്ടെന്ന് തെളിഞ്ഞാൽ അത് നിർണ്ണായകമാകും. മറ്റുള്ളവർക്ക് വേണ്ടിയായിരുന്നു കൊലയെന്ന ചർച്ച സജീവമാകും. അതിനൊപ്പം അവയവ കടത്ത് അടക്കം ചർച്ചകളിലേക്ക് എത്തുകയും ചെയ്യും.

തുടക്കത്തിൽ ഷാഫിയെ മാത്രമായിരുന്നു പൊലീസിന് സംശയം. എന്നാൽ ഷാഫി ഒന്നും സമ്മതിച്ചുമില്ല. ഇതിനിടെയാണ് കസ്റ്റഡിയിലിരുന്ന ഷാഫിയുടെ മൊബൈൽ ഫോണിലേക്ക് ലൈലയുടെ വിളിയെത്തിയത്. 10-ന് രാത്രി 10.30-ന് ഭഗവൽസിങ്ങിന്റെ വീട്ടിൽ ആറന്മുള പൊലീസ് എത്തിയിരുന്നു. പൊലീസ് മടങ്ങിയശേഷം ആശങ്ക പങ്കുവെക്കാനാണ് ലൈല ഷാഫിയുടെ മൊബൈലിലേക്ക് വിളിക്കുന്നത്. ഇലന്തൂരിൽ പത്മയെത്തിയെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ആറന്മുള പൊലീസ് ഭഗവൽ സിങ്ങിന്റെ വീട്ടിലെത്തിയത്. പത്മയെ കണ്ടോ എന്ന് അറിയുക മാത്രമായിരുന്നു ലക്ഷ്യം.

എന്നാൽ പൊലീസ് എത്തിയത് ലൈലയ്ക്ക് ആശങ്കയായി. അവർ ഉടനെ ഷാഫിയെ വിളി തുടങ്ങി. ഈ സമയം പത്മയെ വാഹനത്തിൽ കടത്തിക്കൊണ്ടുപോയതിന്റെ പേരിൽ ഷാഫിയെ പൊലീസ് ചോദ്യംചെയ്യുകയായിരുന്നു. മേശപ്പുറത്തിരുന്ന ഫോണിൽ ലൈലയെന്ന പേരിൽ തുരുതുരാ കോളുകൾ വരുന്നത് കണ്ടതോടെ പൊലീസ് ഉദ്യോഗസ്ഥർക്ക് സംശയമായി. തുടർന്നുള്ള ചോദ്യംചെയ്യലിലാണ് ഷാഫി കാര്യങ്ങൾ തുറന്നുപറയുന്നത്. ഇതോടെ അർധരാത്രിതന്നെ പൊലീസ് ഇലന്തൂരിലേക്ക് തിരിച്ചു.

പത്താംതീയതി ഉച്ചയോടെ ഭഗവൽസിങ്ങിനെയും ലൈലയെയും കസ്റ്റഡിയിലെടുത്തു. തുടർന്ന് മൂവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്തു. ആദ്യം റോസ്‌ലിൻ കൊല്ലപ്പെട്ടതും ഇതോടെ വെളിപ്പെട്ടു. ഇങ്ങനെയാണ് നരബലിയുടെ ചുരുൾ അഴിയുന്നത്. നരബലിക്കിരയായ റോസ്ലി, പത്മ എന്നിവരുടെ മൃതദേഹത്തിൽനിന്നു മുഹമ്മദ് ഷാഫി ഊരിയെടുത്ത സ്വർണാഭരണങ്ങൾ പണയം വച്ചതിന്റെ രസീതുകൾ ഷാഫിയുടെ വീട്ടിൽനിന്നു പിടിച്ചെടുത്തു. കൊല്ലപ്പെട്ട സ്ത്രീകളിൽ നിന്നെടുത്ത 39 ഗ്രാം സ്വർണമാണു സമീപത്തെ പണമിടപാടു സ്ഥാപനത്തിൽ പണയം വച്ചതെന്നാണു ഷാഫിയുടെ മൊഴി.

1,1 ലക്ഷം രൂപയ്ക്കാണ് ആഭരണങ്ങൾ പണയപ്പെടുത്തിയിരുന്നത്.ഇതിൽ 40000 രൂപ ഭാര്യ നബീസയ്ക്ക് കൈമാറി. ഇക്കാര്യം നബീസയും സമ്മതിച്ചിട്ടുണ്ട്. വണ്ടി വിറ്റുകിട്ടിയ പണമാണിതെന്നാണ് ഷാഫി പറഞ്ഞിരുന്നത്. ഇതുപയോഗിച്ച് പണയംവച്ചിരുന്ന സ്വർണം എടുത്തുവെന്നും നബീസ പറഞ്ഞു. വീട്ടിലുണ്ടായിരുന്ന ഷാഫിയുടെ മകളിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. പ്രതികളുമായി എത്തി തെളിവെടുപ്പ് നടക്കുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും ഇവരെയാരെയും സ്ഥലത്ത് എത്തിച്ചിരുന്നില്ല.

മുഹമ്മദ് ഷാഫിയുടെ മൊബൈൽ പൊലീസ് തെരഞ്ഞെങ്കിലും കിട്ടിയില്ല. ശ്രീദേവിയെന്ന വ്യാജപ്പേരിൽ ഷാഫി മറ്റു പ്രതികളുമായി ചാറ്റ് നടത്തിയിരുന്ന ഫോൺ നേരത്തേ പൊലീസ് പിടിച്ചെടുത്തിരുന്നു. എന്നാൽ, കേസിലെ നിർണായക തെളിവായ ഷാഫിയുടെ മൊബൈൽ വീട്ടിലുണ്ടായ വഴക്കിനിടെ എറിച്ചുപൊട്ടിച്ചുകളഞ്ഞുവെന്നാണ് ഭാര്യ നബീസയുടെ മൊഴി. നിർണായക തെളിവായ ഫോൺ നശിപ്പിക്കപ്പെട്ടെങ്കിൽ കേസിൽ അതു തിരിച്ചടിയാകുമെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടു തന്നെ ഫോണിനായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

ഷാഫി മിക്ക ദിവസവും മദ്യപിച്ച് ലക്കുകെട്ടാണ് വീട്ടിൽ വന്നിരുന്നത്. രാത്രി 12 മണിക്കുശേഷമാണ് ഇയാൾ വീട്ടിലെത്തിയിരുന്നത്. വീട്ടിലെത്തിയാൾ ഭാര്യയും മകളുമായും വഴക്കും പതിവാണെന്ന് അയൽവാസികൾ പറയുന്നു. പത്മയുടെ പണ്ടങ്ങൾ പണയപ്പെടുത്തി കിട്ടിയ തുകയിൽ 40,000 ഭാര്യയ്ക്കു നൽകിയശേഷമുള്ള തുക എവിടെയാണെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഷാഫിയുടെ ഫെയ്സ് ബുക്ക് അക്കൗണ്ടിൽ പാസ്വേഡ് ഉപയോഗിച്ച് തുറന്ന് പൊലീസ് വിശദമായ പരിശോധന നടത്തുകയാണ്. ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഷാഫി ഫെയ്സ് ബുക്ക് അക്കൗണ്ടുണ്ടാക്കി ചാറ്റ് ചെയ്തുവെന്നാണ് പൊലീസ് കണ്ടെത്തിയതെങ്കിലും പിന്നിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നു പരിശോധിക്കുന്നുണ്ട്. എന്നാൽ, ഷാഫിയുടെ ഒരു ഇടപാടുമായും തനിക്ക് ബന്ധമില്ലെന്നു നബീസ ആവർത്തിച്ചു.