ഇലന്തൂർ: ഇരട്ട നരബലി കേസിൽ പ്രതികളുമായി തുടർച്ചയായ നാലാം തവണയും തെളിവെടുപ്പ്. ഇന്ന് മുഹമ്മദ് ഷാഫിയേയും ഭഗവൽ സിങ്ങിനെയുമാണ് ഇലന്തൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരുടെ സാന്നിധ്യത്തിൽ ഡമ്മി പരീക്ഷണമാണ് നടന്നത്. കൊലനടത്തിയതും മൃതദേഹം മുറിച്ചതുമായ രീതികൾ ഇവിടെ പുനരാവിഷ്‌കരിച്ചു.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്ങ് എന്നിവരുമായി കടവന്ത്ര പൊലീസ് ഇലന്തൂരിലെത്തിയത്. പ്രധാനമായും കൊലപാതകം പുനരാവിഷ്‌ക്കരിക്കുകയായിരുന്നു ലക്ഷ്യം. ഡമ്മി ഉപയോഗിച്ചാണ് പരീക്ഷണം നടന്നത്. സ്ത്രീകളുടെ മൃതദേഹാവശിഷ്ടം പോസ്റ്റുമോർട്ടം നടത്തിയ കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാരും ഫോറൻസിക് വിദഗ്ധരും എറണാകുളം സിറ്റി പൊലീസ് കമ്മിഷണറും അടക്കമുള്ളവർ എത്തിയിരുന്നു.

പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുൻപ് പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് കടവന്ത്ര പൊലീസ്. കൊല്ലപ്പെട്ട പത്മയെ ഇലന്തൂരിലെത്തിച്ച സംഭവമാണ് കഴിഞ്ഞ ദിവസം പുനരാവിഷ്‌കരിച്ചത്. കൊലപാതകം നടന്ന സെപ്റ്റംബർ 26 ന് രാവിലെ 9.15 ന് ചിറ്റൂർ റോഡിലെ കൃഷ്ണ ഹോസ്പിറ്റലിന് സമീപത്ത് വച്ചാണ് പത്മയും മുഹമ്മദ് ഷാഫിയും കണ്ടത്. തുടർന്ന് ബൈക്കിൽ ഫാഷൻ സ്ട്രീറ്റിലേക്ക് പോയ ഷാഫി 9.25 ഓടെ സ്‌കോർപിയോ കാറുമായെത്തി പത്മയെ കയറ്റി ഇലന്തൂരിലെത്തിച്ച സംഭവങ്ങൾ പുനരാവിഷ്‌കരിച്ചിരുന്നു.

ഇന്ന് കൊലപാതകം നടത്തിയ രീതി പ്രതികൾ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ അടക്കമുള്ളവരുടെ മുന്നിൽ ഡമ്മി ഉപയോഗിച്ച് പുനരാവിഷ്‌കരിച്ചു. പൊലീസിന്റെ സഹായിയായി പ്രവർത്തിക്കുന്ന സോമൻ രണ്ടിടങ്ങളിൽ കുഴിയെടുക്കുകയും സെപ്ടിക് ടാങ്കിന്റെ മൂടി മാറ്റി പരിശോധന നടത്തുകയും ചെയ്തു. മരിച്ച സ്ത്രീകളുടെ വസ്ത്രങ്ങളും ബാഗും കത്തിച്ചതിന്റെ അവശിഷ്ടങ്ങളും ശാസ്ത്രീയ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. അഞ്ച് മണിയോടെ ഇവിടുത്തെ തെളിവെടുപ്പ് പൂർത്തിയാക്കി

പ്രതികളായ ഭഗവൽ സിങ്ങും ലൈലയും വസ്തു പണയം വച്ച് വായ്പ എടുത്ത പരിയാരം സർവീസ് സഹകരണ ബാങ്കിലും ഇവരെ എത്തിച്ച് തെളിവെടുത്ത ശേഷമാണ് അന്വേഷണ സംഘം മടങ്ങിയത്. കടവന്ത്ര പൊലീസ് പ്രധാനമായും പത്മയുടെ കൊലപാതകമാണ് അന്വേഷിക്കുന്നത്. പ്രതികളുടെ കസ്റ്റഡി കാലാവധി പൂർത്തിയാകുന്ന മുറക്ക് ആലുവ പൊലീസ് കസ്റ്റഡിയിൽ വാങ്ങി റോസിലിയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.