പത്തനംതിട്ട: ഇരകളുടെ ശരീരം മുറിക്കാൻ കത്തി വാങ്ങിയെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ഇലന്തൂർ ഇരട്ടക്കൊലക്കേസ് പ്രതികളുമായി പൊലീസിന്റെ തെളിവെടുപ്പ്. പത്തനംതിട്ട ടൗണിൽ പൊലീസ് സ്റ്റേഷന് എതിർവശത്തുള്ള കത്തി വിൽപ്പന കേന്ദ്രത്തിലാണ് ഭഗവൽ സിങ്ങിനെ ഇറക്കി തെളിവെടുത്തത്. തുടർന്ന് ഇലന്തൂരിൽ കൊലപാതകം നടന്ന വീടിന് അടുത്തുള്ള തോട്ടിൽ ഇരകളുടെ ഫോൺ വലിച്ചെറിഞ്ഞുവെന്ന് മൊഴിയുടെ അടിസ്ഥാനത്തിൽ തെളിവെടുപ്പ് തുടരുകയാണ്.

പത്തനംതിട്ട മാർക്കറ്റ് റോഡിൽ പൊലീസ് സ്റ്റേഷന് മുന്നിലുള്ള കടയിൽ നിന്നുമാണ് കത്തി വാങ്ങിയതെന്ന് ഭഗവൽസിങ്ങ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. ഇതേ തുടർന്നാണ് ബുധനാഴ്ച ഉച്ചക്ക് 12.30 ന് തെളിവെടുപ്പിന് കൊണ്ടു വന്നത്. മുഖം മറച്ചാണ് കൊണ്ടു വന്നത്. മെറ്റാരു പൊലീസ് വാഹനത്തിൽ രണ്ടാംപ്രതി ലൈലയുമുണ്ടായിരുന്നു. ഭഗവൽസിങ്ങിനെ മാത്രമാണ് പുറത്തേക്ക് ഇറക്കിയത്. പാലക്കാട് സ്വദേശികൾ ഓണത്തോടനുബന്ധിച്ച്ആരംഭിച്ച കടയാണിത്.

മൂർച്ചയുള്ള വിവിധതരത്തിലുള്ള പാലക്കാടൻ കത്തികൾ ഇവിടെയുണ്ട്. കടയിലെ ജോലിക്കാർക്ക് ഭഗവൽ സിങ്ങിനെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇതിനിടയിൽ ചില ജോലിക്കാർമാറുകയും ചെയ്തിട്ടുണ്ട്. ഭഗവൽസിങുമായി തെളിവെടുപ്പിന് എത്തിയത് അറിഞ്ഞ് ധാരാളം ആളുകളും സ്ഥലത്ത് തടിച്ചുകൂടി. ഇതിന് ശേഷം പ്രതികളെ മലയാലപ്പുഴ റൂട്ടിലേക്ക് കൊണ്ടു പോയ ശേഷം ഇലന്തൂരിലെ വീട്ടിൽ കൊണ്ടുപോയി.

ഇവിടെ ഷാഫിയുടെ മൊഴിപ്രകാരം തോട്ടിൽ ഇരകളുടെ ഫോണിനായി തെരച്ചിൽ തുടരുകയാണ്. ശക്തമായ വെള്ളമൊഴുക്ക് തെരച്ചിലിന് തടസമാണ്. ഓണത്തിന് തുടങ്ങിയ കടയിൽ നിന്നും വാങ്ങിയ കത്തി ഉപയോഗിച്ച് രണ്ടാമത്തെ കൊലപാതകം മാത്രമാകും നടന്നിട്ടുണ്ടാവുക. ആ സ്ഥിതിക്ക് ആദ്യ കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങൾ എവിടെ എന്നത് സംബന്ധിച്ച ചോദ്യം അവശേഷിക്കുന്നു.