പത്തനംതിട്ട: ഒമ്പതു വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സരോജിനിയുടെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇലന്തൂർ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ മൊഴിയെടുത്തു. തിരുവല്ല ക്രൈംബ്രാഞ്ച് ഹോമിസൈഡ് വിഭാഗം യൂണിറ്റ് ഡിവൈ.എസ്‌പി കെ.ആർ. പ്രതീകിന്റെ നേതൃത്വത്തിലാണ് മൊഴിയെടുപ്പ്. സ്വാഭാവികമായ ഒരു നടപടി മാത്രമാണിതെന്ന് ഡിവൈ.എസ്‌പി പറഞ്ഞു. സരോജിനിയുടെ കൊലപാതകവും ഇലന്തൂർ കേസുമായി ബന്ധമുണ്ടെന്ന് ബന്ധുക്കൾ സംശയം ഉന്നയിച്ചതിനെ തുടർന്നാണ് മൊഴി എടുത്തത്. എല്ലാ സാധ്യതകളും പരിശോധിക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ പതിവ് നടപടി ക്രമം മാത്രമാണിതെന്നും രണ്ടു സംഭവങ്ങളുമായി ബന്ധിപ്പിക്കുന്ന സൂചനകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കാലഗണന വച്ചു നോക്കുമ്പോൾ ഇരു കേസുകളുമായി വിദൂരബന്ധം പോലുമില്ലെന്ന് നേരത്തേ് ഈ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് പൊലീസ് ഇൻസ്പെകറും നിലവിൽ പത്തനംതിട്ട ഡിവൈ.എസ്‌പിയുമായ എസ്. നന്ദകുമാർ പറഞ്ഞു. 2014 ലാണ് സരോജിനിയുടെ കൊലപാതകം നടന്നത്. ഇലന്തൂർ ഇരട്ടക്കൊല അതിനും എട്ടു വർഷത്തിന് ശേഷമാണ് നടക്കുന്നത്. ലൈലയും ഭഗവൽസിങും മുഖ്യപ്രതി ഷാഫിയുമായി പരിചയപ്പെടുന്നതു പോലും ഒരു വർഷം മുൻപാണ്. ആ നിലയ്ക്ക് പരിശോധിക്കുമ്പോൾ രണ്ടു സംഭവങ്ങളും തമ്മിലുള്ള ബന്ധം ഒരിക്കലും യോജിക്കുന്നില്ല. ഈ കേസ് ഏറ്റവുമധികം കാലം അന്വേഷിച്ചതും നന്ദകുമാറാണ്. ലോക്കൽ പൊലീസിന്റെ അന്വേഷണത്തിലെ വീഴ്ചകൾ കാരണം പല പ്രാഥമിക തെളിവുകളും കിട്ടാതെ വന്നതു കാരണം അന്വേഷണം അനിശ്ചിതത്വത്തിലാണ്. നിലവിലുള്ള അന്വേഷണ സംഘത്തിനും യാതൊരു തുമ്പും കിട്ടുന്നില്ല.

2014 സെപ്റ്റംബർ 14 നാണ് മല്ലപ്പുഴശേരി പഞ്ചായത്തിലെ നെല്ലിക്കാല കോളനിയിലെ താമസക്കാരി ആയിരുന്ന സരോജനിയുടെ മൃതദേഹം കുളനടഇലവുംതിട്ട റോഡിലെ പൈവഴിക്ക് സമീപം കാണപ്പെട്ടത്. ദേഹമാസകലം വെട്ടേറ്റ് രക്തം വാർന്നാണ് മൃതദേഹം കിടന്നത്. പൊലീസ് എത്തി നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. സരോജിനി കാരംവേലിയിലുള്ള ഹോമിയോ ഡോക്ടറുടെ വീട്ടിൽ ജോലിക്കാരി ആയിരുന്നു. ദിവസവും രാവിലെ വന്ന് വൈകുന്നേരം മടങ്ങിപ്പോകും. കാരംവേലിയിൽ നിന്നും നെല്ലിക്കാല എത്തി ചെറിയ നടപ്പാത വഴിയാണ് വീട്ടിലേക്ക് പോയിരുന്നത്. പതിവ് പോലെ അന്നും ഇവർ നെല്ലിക്കാല കടക്കുന്നത് കണ്ടവരുണ്ട്.

എന്നാൽ രാത്രി ആയിട്ടും ഇവർ വീട്ടിൽ എത്തിയില്ല. ഇതിനടുത്ത് അന്നൊരു വിവാഹവും നടക്കുന്നുണ്ടായിരുന്നു. ഇവിടേക്ക് പോയതാകാം എന്ന് ബന്ധുക്കൾ കരുതി. തൊട്ടടുത്ത ദിവസം പുലർച്ചെ ആറന്മുള-കുളനട റോഡിൽ പൈവഴിക്കും ഉള്ളന്നൂരിനും മദ്ധ്യേ ഒരു മൃതദേഹം ഇത് വഴി വാഹനത്തിൽ പോയവർ കണ്ടെത്തി. പൊലീസ് എത്തി കൂടുതൽ തെളിവെടുപ്പിലാണ് ഇത് സരോജിനി ആണെന്ന് വ്യക്തമായത്. പിന്നീട് അടൂർ ഡിവൈ.എസ്‌പി നസീമിന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നു.

ഭർത്താവിനെയും കുടുംബക്കാരെയും മുഴുവൻ ദിവസങ്ങളോളം ചോദ്യം ചെയ്തു. സരോജനിക്ക് ജോലി കൊടുത്ത ഡോക്ടറെയും ചോദ്യം ചെയ്യലിലൂടെ പീഡിപ്പിക്കുക ആയിരുന്നു. സരോജിനിയെ കാണാതായ ദിവസം സമീപത്ത് വിവാഹ ചടങ്ങിന് എത്തിയവരെയും വെറുതെ വിട്ടില്ല. പൊലീസ് നിരന്തരമായി അന്വേഷിച്ചെങ്കിലും പ്രതിയെ പിടിക്കാൻ കഴിഞ്ഞില്ല. മകനും ഭർത്താവും എല്ലാം പൊലീസിന്റെ പരിധിയിൽ തന്നെ നിലനിന്നു. ഗുണ്ടകൾ അന്ന് ഇവിടങ്ങളിൽ കറങ്ങുന്നതായി പരാതികൾ ഉയർന്നിരുന്നു. സന്ധ്യ കഴിഞ്ഞാൽ ആരും പുറത്തിറങ്ങാത്ത സ്ഥിതി ഏറെ നാൾ തുടർന്നു. അന്ന് മൃതദേഹം കണ്ടെത്തുമ്പോൾ 48 മുറിവുകൾ ഉണ്ടായിരുന്നു. ഒരു കൈ അറ്റ നിലയിൽ ശരീരത്തു നിന്നും രക്തം പൂർണ്ണമായും ഒഴുകി പോയ സ്ഥിതിയിലുമായിരുന്നു. സരോജിനിയുടെ വീട്ടിൽ നിന്നും ഒരു പാടം കടന്നാൽ ഇലന്തൂരിലെ നടന്ന കടകം പള്ളിൽ എത്താം.

ഈ വഴിയിൽ സന്ധ്യ ആയാൽ പിന്നെ അന്നും ഇന്നും ആളനക്കം കുറവുമാണ്.ഇപ്പോഴത്തെ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സരോജിനിയുടെ മരണം കൂടി ഉൾപ്പെടുത്തണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെട്ടത്. അന്ന് നാട്ടിൽ പല അഭ്യൂഹങ്ങളും പ്രചരിച്ചു. അർധരാത്രിക്ക് ശേഷം ഒരു ടിപ്പറിൽ ആരോ കൊണ്ടിട്ടതാണ് മൃതദേഹം എന്ന നിഗമനത്തിലെത്തി. കുറിയാനിപ്പള്ളിയിലേക്ക് വരുന്ന റോഡിന്റെ വയൽക്കരയുള്ള കുളത്തിൽ കൊണ്ടിടാൻ കൊണ്ടുവന്ന മൃതദേഹം ബൈക്ക് യാത്രികരെ കണ്ട് ധൃതിപ്പെട്ട് റോഡരികിൽ തള്ളിയതാണെന്ന വിവരവും പുറത്തു വന്നു. ലൈംഗിക പീഡനം ഉണ്ടായി എന്ന് ഇൻക്വസ്റ്റ് വേളയിൽ തന്നെ പൊലീസ് സംശയിച്ചിരുന്നു. നഗ്നദേഹം പരിശോധിച്ച ശേഷം അന്നത്തെ പന്തളം പൊലീസ് ഇൻസ്പെക്ടർ റെജി ഏബ്രഹാം ഇക്കാര്യം മാധ്യമ പ്രവർത്തകരോട് പങ്ക് വച്ചിരുന്നു.

കുറിയാനിപ്പള്ളി റോഡിലെ വയലരികിലുള്ള കുളത്തിൽ ആൾക്കാർ വലിയ തോതിൽ ഇറച്ചി മാലിന്യങ്ങൾ തള്ളൂമായിരുന്നു. അറവ് ശാലകളിൽ നിന്ന് കൊണ്ടിടുന്ന മൃഗാവശിഷ്ടങ്ങളിൽ നിന്നും കോഴി വേസ്റ്റിൽ നിന്നും ദുർഗന്ധം വമിക്കുമായിരുന്നു. ഈ നാറ്റമാണ് ഉണ്ടാവുക എന്ന ചിന്തയിൽ ഈ കുളത്തിൽ മൃതദേഹം താഴ്‌ത്തിയാൽ പിടിക്കപ്പെടില്ല എന്ന കണ്ടെത്തലും കൊലയാളികൾക്ക് ഉണ്ടായിരുന്നുവെന്നും അന്ന് സംശയം ഉയർന്നിരുന്നു. ഈ കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന്റെ പേരിൽ ലോക്കൽ പൊലീസിലെ ഉദ്യോഗസ്ഥരുടെ പേരിൽ ഇപ്പോഴും നടപടി തുടരുന്നുണ്ട്.