കൊച്ചി: ഇലന്തൂർ നരബലി കേസിൽ പൊലീസ് പുറത്തുവിട്ടത് പാതി വിവരങ്ങൾ മാത്രം. പ്രതികൾ കൊലപ്പെടുത്തിയ സ്ത്രീകളുടെ മാംസം കഴിച്ചുവെന്ന മൊഴിയിലും കൂടുതൽ അന്വേഷണം നടക്കും. ആഭിചാര ക്രിയയാണോ അതോ അവയവ കച്ചവടമാണോ എന്നും സ്ഥിരീകരിക്കാനുണ്ട്. ഞെട്ടിക്കുന്ന വിവരങ്ങൾ ഇനിയും പുറത്തുവരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അതിനാലാണ് പലചോദ്യങ്ങൾക്കും ഇപ്പോൾ മറുപടി പറയാത്തതെന്നും പൊലീസ് തന്നെ പറയുന്നു.

സെപ്റ്റംബർ 27 ന് വനിതയെ കാണാനില്ലെന്ന പരാതിയിൽ കടവന്ത്ര സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ലോട്ടറി വിൽപ്പനക്കാരിയാണ്, ഒറ്റയ്ക്കാണ് താമസം, 52 വയസുള്ള തമിഴ്‌നാട് സ്വദേശിയാണ് എന്ന് വിവരം മാത്രമായിരുന്നു സഹോദരിയുടെ പരാതിയിൽ നിന്നും മനസ്സിലായത്. കാണാതായ പത്മം ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം പോലും അറിയില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇതൊരു സാധാരണ കേസല്ലെന്ന് മനസിലാക്കിയെന്ന് സിഎച്ച് നാഗരാജു പറഞ്ഞു. ഡിസിപി ശശിധരനാണ് ഇതാരു തിരോധന കേസ് മാത്രമല്ലെന്ന് മനസിലാവുന്നതെന്ന് അറിയിച്ച നാഗരാജു അന്വേഷണ സംഘത്തെ അഭിനന്ദിച്ചു.

കടവന്ത്രയിലെ മിസിങ് കേസ് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഡി.സി.പി.ക്ക് ചില സംശയങ്ങൾ തോന്നിയിരുന്നു. ഇതാണ് പിന്നീട് വിശദമായ അന്വേഷണത്തിലേക്ക് നീണ്ടതും. 'ഒരുകേസിനെക്കുറിച്ച് കേൾക്കുമ്പോൾ നമുക്ക് പലതും തോന്നാറുണ്ട്. അങ്ങനെ തോന്നിയാൽ ചിലത് ശരിയാകും. ഇവിടെയും അത് ശരിയായി'- എന്നായിരുന്നു അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഡി.സി.പി.യുടെ മറുപടി. കടവന്ത്രയിലെ കേസ് അറിഞ്ഞപ്പോൾ തന്നെ ഇത് സൂക്ഷിക്കണം, സംഗതി പ്രശ്നമാണ് എന്നാണ് ഡി.സി.പി. ആദ്യം പറഞ്ഞതെന്ന് സഹപ്രവർത്തകരും പറഞ്ഞു.

ഒരു മങ്ങിയ ദൃശ്യത്തിൽ നിന്നാണ് ഇരട്ട നരബലിക്കേസിൽ നിർണായക തെളിവു ലഭിച്ചതെന്ന് ഡിസിപി എസ് ശശിധരൻ പറഞ്ഞു. കടവന്ത്രയിൽനിന്നു പത്മ എന്ന സ്ത്രീയെ കാണാതായ കേസ് രജിസ്റ്റർ ചെയ്തതു ശ്രദ്ധയിൽപ്പെട്ടപ്പോൾ ഇതു കൊലപാതകമാണ്, അവർ എവിടെയും പോയതല്ല എന്നു മനസിലൊരു തോന്നലുണ്ടായി. ആ തോന്നലിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിന് നിർദ്ദേശിച്ചു. ഇത്തരത്തിലുള്ള തന്റെ തോന്നലുകൾ പലപ്പോഴും ശരിയാകുന്നതാണു പതിവ്. അന്വേഷണത്തിനു തീരുമാനിച്ചതോടെ അരിച്ചുപെറുക്കിയായിരുന്നു അന്വേഷണം. കൊച്ചിയിൽനിന്ന് ഇവർ ഒരു വാഹനത്തിൽ കയറുന്നതിന്റെ തെളിച്ചമില്ലാത്ത ദൃശ്യം ലഭിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായതെന്നും അദ്ദേഹം പറഞ്ഞു.

പത്മ തിരോധാനക്കേസ് ഒരു ഹെർക്കുലിയൻ ടാസ്‌ക് ആയിരുന്നു. കൊച്ചിയിൽ അരിച്ചുപെറുക്കിയായിരുന്നു അന്വേഷണം. കൊച്ചിയിലെ ചിറ്റൂർ റോഡിൽ കൃഷ്ണ ഹോസ്പിറ്റലിന് സമീപത്തു നിന്നും പത്മ ഒരു വാഹനത്തിൽ കയറുന്നതിന്റെ തെളിച്ചമില്ലാത്ത ദൃശ്യം ലഭിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായതെന്നും ഡിസിസി ശശിധരൻ പറഞ്ഞു. വെള്ള സ്‌കോർപിയോ കാറിലാണ് പത്മ പോയത്.

തുടർന്നുള്ള അന്വേഷണം തിരുവല്ല വരെയെത്തി. കേസുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷാഫിയെയാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. എന്നാൽ കൊടുംകുറ്റവാളിയായ ഷാഫിയിൽ നിന്നും വിവരങ്ങളൊന്നും കിട്ടിയില്ല. ലൈലയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിലൂടെയാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. തെളിവുകളുടേയും അന്വേഷണ തന്ത്രങ്ങളുടേയും അടിസ്ഥാനത്തിൽ സത്യം പുറത്തുകൊണ്ടു വരികയായിരുന്നു.

ആദ്യഘട്ടത്തിൽ മൂന്ന് ലക്ഷമാണ് ഭഗവൽ സിങ്, ലൈല ദമ്പതികൾ ഷാഫിക്ക് കൈമാറിയത്. പിന്നെയും പണം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണ്. കൊലപാതകത്തിന് കത്തികളും വെട്ടുകത്തിയുമാണ് ഉപയോഗിച്ചിരിക്കുന്നത്. ആയുധങ്ങളുടെ കാര്യത്തിൽ ഇനിയും അന്വേഷണം നടത്തേണ്ടതുണ്ട്. ഇവർക്ക് സാമ്പത്തിക ബാധ്യതകളുണ്ട് എന്ന് പറയുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിലും കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. ഈ വീട്ടിൽ നിന്ന് ഒരു പുസ്തകം കണ്ടെത്തിയിട്ടുണ്ട്. ആഭിചാരക്രിയയുമായി ബന്ധപ്പെട്ടതാണോ എന്ന കാര്യം പരിശോധിക്കുമെന്നും കൊച്ചി ഡിസിപി പറഞ്ഞു.