കൊച്ചി: പണമുണ്ടാക്കാനും, ലൈംഗിക മനോവൈകൃതങ്ങൾ സാധിച്ചെടുക്കാനും, ഇലന്തൂരിലെ ദമ്പതികളെ കരുവാക്കാൻ നിശ്ചയിച്ച മുഹമ്മദ് ഷാഫി ശ്രീദേവി എമ്മ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടാണ് ഉപയോഗിച്ചതെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഭഗവൽ സിങ്ങിന്റെ വിശ്വാസം പിടിച്ചുപറ്റി സിദ്ധനായി ഇലന്തൂരിലേക്ക് എത്താൻ ഷാഫിക്ക് വഴി ഒരുക്കിയതും ശ്രീദേവി അക്കൗണ്ട് തന്നെ. ഭഗവൽ സിങ്ങിന്റെ വിശ്വാസം നേടിയെടുക്കാൻ ഒരു ലൈംഗിക തൊഴിലാളിയുടെയും സഹായം തേടി.

എറണാകുളം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് കണ്ടെത്തിയ ലൈംഗിക തൊഴിലാളിയെ കൊണ്ട് ഫോണിൽ ഭഗവൽ സിംഗിനെ വിളിപ്പിച്ചു. ജീവിത പ്രശ്‌നങ്ങളും ശ്രീദേവി ഭഗവൽ സിംഗിനോട് പങ്കുവെച്ചു. ഗൾഫിൽ വെച്ച് ഭർത്താവ് കള്ളക്കേസിൽ ജയിലിലായെന്നും തൂക്കിക്കൊല്ലാൻ വിധിച്ചെന്നുമായിരുന്നു ഷാഫിയുടെ നിർദ്ദേശ പ്രകാരം ശ്രീദേവി പറഞ്ഞത്. ഒടുവിൽ ആഭിചാരത്തിന്റെ സഹായത്താൽ രക്ഷപ്പെട്ടുവെന്നും പറഞ്ഞു.

റോസാപ്പൂവ് പ്രൊഫൈൽ ചിത്രമായുള്ള 'ശ്രീദേവി'യുമായി മൂന്ന് വർഷത്തോളമാണ് ഭഗവൽ സിങ് നിരന്തരം ചാറ്റ് നടത്തിയത്. ആ വിശ്വാസമായിരുന്നു ഷാഫിയുടെ ആയുധമെന്നാണ് പൊലീസ് വിലയിരുത്തൽ. ഒടുവിൽ പൊലീസ് ക്ലബ്ബിൽ വെച്ച് ഷാഫിയാണ് 'ശ്രീദേവി' എന്ന് ഡിസിപി വെളിപ്പെടുത്തിയപ്പോഴാണ് ഭഗവൽ സിങ് തകർന്നുപോയി. 'തന്നെ വഞ്ചിച്ചല്ലോ'... എന്നായിരുന്നു ഇതിനോടുള്ള ഭഗവൽ സിങിന്റെ പ്രതികരണം. ഇതുകേട്ട് ലൈലയും തകർന്നു പോയി.ഷാഫിയുടെ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. 'ശ്രീദേവി' എന്ന പേരിലുള്ള അക്കൗണ്ടിലെ നൂറിലേറെ പേജുകൾ വരുന്ന സന്ദേശങ്ങൾ വിശദമായി പരിശോധിക്കും. മറ്റേതെങ്കിലും ദമ്പതികളെയും ഷാഫി വലയിലാക്കിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അതേസമയം, ഇരട്ട നരബലിക്കേസിൽ തുടരന്വേഷണത്തിന് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കാൻ എഡിജിപി വിജയ് സാഖറെ നിർദ്ദേശം നൽകി. ഡിജിപി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ യോഗത്തിലാണ് എഡിജിപി നിർദ്ദേശം നൽകിയത്. ഷാഫിയും ഭഗവൽ സിങ്ങും ലൈലയും കൂടുതൽ പേരെ ഇരകളാക്കിയിട്ടുണ്ടോയെന്ന് അന്വേഷിക്കണം. ഷാഫിയുടെ മുൻകാല കുറ്റകൃത്യങ്ങളെല്ലാം വിശദമായി പരിശോധിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സ്ത്രീകളുടെ മിസ്സിങ് കേസുകൾ ഗൗരവമായി പരിശോധിക്കണം. നിലവിൽ അന്വേഷണം എങ്ങുമെത്താത്ത കേസുകൾ വിശദമായി പരിശോധിക്കണം. ലഭിക്കുന്ന തെളിവുകൾ ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കി കൃത്യമായ ഉത്തരം കണ്ടെത്താൻ ശ്രമിക്കണമെന്നും അവലോകനയോഗത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ, ആലുവ റൂറൽ എസ്‌പി, നരബലിക്കേസിന് തുമ്പുണ്ടാക്കിയ കൊച്ചി ഡിസിപി ശശിധരൻ, പെരുമ്പാവൂർ എഎസ്‌പി തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. ഷാഫിക്ക് ലഹരിമാഫിയ, സെക്സ് റാക്കറ്റ് തുടങ്ങിയവയുമായി ബന്ധമുണ്ടോയെന്ന് വിശദമായി പരിശോധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഷാഫിയുടെ ഹോട്ടലിൽ സ്ഥിരമായി വന്നുപോയവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഭഗവൽ സിങ്ങിനും ലൈലയ്ക്കും 25 ലക്ഷത്തോളം രൂപയുടെ കടമുണ്ടെന്ന് കണ്ടെത്തി. ഇലന്തൂരിലെ രണ്ട് സഹകരണ ബാങ്കുകളിൽ നിന്നുള്ള വായ്പ മാത്രം 18 ലക്ഷം രൂപയാണ്. മറ്റു പലരിൽ നിന്നായി അഞ്ചു ലക്ഷത്തിലേറെ രൂപ കടംവാങ്ങിയതായുമാണ് വെളിപ്പെടുത്തൽ. ലൈലയുടെ അവിവാഹിതനായ സഹോദരന്റെ ഭൂമി പണയം വെച്ചും കടമെടുത്തു. ബാധ്യതകൾ മറികടക്കാനുള്ള എളുപ്പവഴിയായാണ് ഷാഫി നരബലി നിർദ്ദേശിച്ചത്.