ഇലന്തൂർ: നരബലി നടന്ന ഇലന്തൂരിലെ കടകംപള്ളി വീട്ടുവളപ്പിൽ പൊലീസ് അരിച്ചു പെറുക്കി പരിശോധിക്കുന്നു. ശാസ്ത്രീയ പരിശോധനയിൽ വീട്ടിനുള്ളിലെ ഫ്രിഡ്ജിൽ രക്തക്കറ കണ്ടെത്തി. കൊല്ലപ്പെട്ടവരുടെ മാംസം ദീർഘനാൾ ഫ്രിഡ്ജിൽ വച്ചിരുന്നതായിട്ടാണ് പൊലീസ് സംശയിക്കുന്നത്.

പ്രതികളുടെ കുറ്റസമ്മത മൊഴി അടിസ്ഥാനമാക്കി രണ്ടിടത്താണ് പ്രധാനമായും പരിശോധന നടന്നത്. വീടിനോട് ചേർന്ന കാവിലും പരിസരത്തും വീടിന്റെ തെക്കു ഭാഗത്തുമായിട്ടാണ് പരിശീലനം സിദ്ധിച്ച പൊലീസ് നായകളെ നിയോഗിച്ച് പരിശോധന നടന്നത്. പുറത്ത് നായകളുടെ പരിശോധന നടക്കുന്നതിനിടെ വീടിനുള്ളിൽ സയന്റിഫിക് പരിശോധന പൂർത്തിയായി. അതിന് ശേഷമാണ് പ്രതികളെ ഓരോന്നായി ഉപയോഗിച്ച് ഡമ്മി പരിശോധനയും ചോദ്യം ചെയ്യലും നടന്നത്. ആദ്യം കയറ്റിയ ഭഗവൽ സിങ്ങിന്റെ ചോദ്യം ചെയ്യൽ കഴിഞ്ഞു. നിലവിൽ ലൈലയുടെ ചോദ്യം ചെയ്യലാണ് നടക്കുന്നത്. ഏറ്റവും ഒടുവിയായി മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്യും.

കോടതി കസ്റ്റഡിയിൽ വിട്ട മൂന്നു പ്രതികളുമായിട്ടുള്ള തെളിവെടുപ്പിൽ നിർണായക പങ്കു വഹിക്കുന്നത് മായ, മർഫി എന്നീ പരിശീലനം സിദ്ധിച്ച രണ്ടു നായകളാണ്. പറമ്പിലെ കാവിന് സമീപം നായകൾ അസ്വാഭാവികമായി പ്രതികരിച്ചതിനെ തുടർന്ന് ഇവിടം കുഴിച്ചു നോക്കാനുള്ള നടപടികൾ ആരംഭിച്ചു.

മൂന്നു വാഹനങ്ങളിലായിട്ടാണ് മൂന്നു പ്രതികളെ എത്തിച്ചത്. ആദ്യത്തേതിൽ ഷാഫിയും രണ്ടാം വാഹനത്തിൽ ലൈലയും മൂന്നാമത്തേതിൽ ഭഗവൽ സിങ്ങുമായിരുന്നു. നായകൾ അസ്വാഭാവികമായി പ്രതികരിച്ചതിനെ തുടർന്ന് ഭഗവൽ സിങ്ങിനെ മാത്രം ആ സ്ഥലത്തേക്ക് കൊണ്ടു വന്നു. അഞ്ചു മിനുട്ടോളം സിങ്ങുമായി പൊലീസ് സംസാരിച്ചു. അതിന് ശേഷം ഇയാളെ വാഹനത്തിലേക്ക് മടക്കി.

10 മീറ്റർ ആഴത്തിൽ വരെയുള്ള മനുഷ്യ ശരീരങ്ങൾ മണം പിടിച്ച് കണ്ടെത്താൻ കഴിയുന്ന നായകളാണ് മായയും മർഫിയും. പെട്ടിമുടി ദുരന്തത്തിൽ നിർണായ പങ്കു വഹിച്ച മായയ്ക്ക് ഇവിടെയും ശരീരാവശിഷ്ടങ്ങളുണ്ടെങ്കിൽ തിരിച്ചറിയാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇതു വരെ നായകൾ അത്തരം സൂചന നൽകിയിട്ടില്ല. എന്നാൽ, അസ്വാഭാവികമായി പ്രതികരിച്ച സ്ഥലങ്ങളിൽ കുഴിക്കാനാണ് പൊലീസ് തയ്യാറെടുക്കുന്നത്. കാവിന് സമീപം കല്ലുവെട്ടാങ്കുഴി പോലെയുള്ള ഭാഗമാണ് പൊലീസ് സംശയിക്കുന്നത്.

മറ്റു രണ്ടു പേരെയും ഒഴിവാക്കി ഭഗവൽ സിങ്ങിനെ മാത്രം പൊലീസ് ആശ്രയിക്കുന്നത് സത്യം തിരിച്ചറിയാനുള്ള മാർഗമാണെന്ന് വേണം കരുതാൻ. വൈദ്യനെ മാപ്പുസാക്ഷിയാക്കിയാകും തുടരന്വേഷണം നടക്കുക. ദൃക്സാക്ഷിയില്ലാത്ത കേസിൽ മാപ്പുസാക്ഷിക്ക് പ്രത്യേക പ്രാധാന്യമുണ്ട്.