കൊച്ചി: ഇലന്തൂർ നരബലി കേസിലെ മൂന്നാം പ്രതി ലൈലയുടെ ജാമ്യാപേക്ഷ എറണാകുളം മജിസ്‌ട്രേട്ട് കോടതി തള്ളിയതുകൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത വ്യക്തിിയെന്ന നിലയിൽ. അന്വേഷണം പൂർത്തിയാക്കും മുൻപു പ്രതികളിൽ ഒരാൾക്കു ജാമ്യം ലഭിക്കുന്നതു തെളിവുകൾ നശിപ്പിക്കാൻ വഴിയൊരുക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. റോസ്ലിയെ കൊലപ്പെടുത്തിയ കേസിൽ ലൈല ഇപ്പോൾ കാലടി പൊലീസിന്റെ കസ്റ്റഡിയിലാണ്.

റോസിലിയുടെ കഴുത്തിന് വെട്ടിയത് ലൈലയെന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കിയത്. ഇലന്തൂർ കവലയിലെ പണമിടപാടു സ്ഥാപനത്തിൽ ഭഗവൽ സിങ് പണയം വച്ച സ്വർണം റോസ്‌ലിയുടേതാണെന്നു തെളിഞ്ഞിട്ടുണ്ട്. പത്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് ജാമ്യം തേടിയത്. ലൈല കേസിലെ പ്രധാന പ്രതിയല്ലെന്നും തെളിവ് നശിപ്പിക്കാൻ കൂട്ടുനിൽക്കുക മാത്രമാണ് ചെയ്തതെന്നും ജാമ്യഹർജിയിൽ ലൈലയുടെ അഭിഭാഷകൻ വാദിച്ചു.

ഒന്നാം പ്രതിയുടെ കുറ്റസമ്മതത്തിൽ ലൈലയെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ല. മുൻകാല ക്രിമിനൽ പശ്ചാത്തലമില്ല. എത് തരത്തിലുമുള്ള നിബന്ധനകളും അംഗീകരിക്കാൻ തയ്യാറാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹം ഉൾപ്പെടെ കണ്ടെടുത്തത് ലൈലയുടെ മൊഴിയിൽനിന്നാണെന്നും ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകൻ വാദിച്ചു.

എന്നാൽ, കൊലപാതകത്തിൽ ലൈലയ്ക്ക് നിർണായക പങ്കുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. റോസ്ലിന്റെ കഴുത്ത് വെട്ടിയത് ഒന്നാം പ്രതിയും ലൈലയും ചേർന്നാണ്. പത്മയുടെ കൊലപാതകവും ലൈലയുടെ സഹായത്തോടെയാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

അതേസമയം ഇലന്തൂരിലെ പ്രതികളുടെ വീടിനു സമീപം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹഭാഗങ്ങൾ കൊല്ലപ്പെട്ട തമിഴ്‌നാട് സ്വദേശിനി പത്മയുടേതാണെന്നു ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ഫൊറൻസിക് ലബോറട്ടറിയുടെ പരിശോധനാ ഫലം പൊലീസിനു ലഭിച്ചു. പത്മയുടേതെന്നു കരുതുന്ന 56 ശരീര ഭാഗങ്ങളാണു ഡിഎൻഎ. പരിശോധനയ്ക്ക് അയച്ചത്. അതിലൊന്നിന്റെ ഫലമാണു ലഭിച്ചത്. ബാക്കി ഫലങ്ങളും ലഭിച്ചാൽ മാത്രമേ കൂടുതൽ പേർ കൊല്ലപ്പെട്ടിട്ടുണ്ടോയെന്നു കണ്ടെത്താൻ കഴിയൂ.

കാലടി സ്വദേശിനി റോസ്ലിയുടെതെന്നു കരുതുന്ന മൃതദേഹ ഭാഗങ്ങളുടെ ഡിഎൻഎ ഫലം ലഭിച്ചിട്ടില്ല. അറസ്റ്റിലായ മുഖ്യപ്രതി ഷാഫി, ഭഗവൽ സിങ് എന്നിവരുടെ ചോദ്യം ചെയ്യലും തുടരുകയാണ്. കളമശ്ശേരിയിൽ പൊലീസ് കേന്ദ്രത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യൽ. കാലടി സ്വദേശി റോസ്ലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് മൂന്നു പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.