കണ്ണൂർ: തലശേരി നഗരസഭയ്ക്കടുത്ത് എരഞ്ഞോളിയിലെ ആൾപാർപ്പില്ലാത്ത വീട്ടിലെ പറമ്പിൽ, ബോംബു പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. എരഞ്ഞോളി സ്വദേശി വേലായുധനാണ്(86) മരിച്ചത്. വീടിനടുത്തുള്ള ആൾ പാർപ്പില്ലാത്ത പറമ്പിൽ തേങ്ങ പെറുക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്. പറമ്പിൽ നിന്ന് കിട്ടിയ വസ്തു തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

തേങ്ങ പെറുക്കാനെത്തിയ വേലായുധൻ ബോംബാണെന്ന് മനസ്സിലാക്കാതെ അതെടുത്ത് നിലത്തടിച്ച് നോക്കുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തിൽ വേലായുധന്റെ കൈകൾ അറ്റുപോയി. ഗുരുതരമായി പരിക്കേറ്റ വേലായുധനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് ഓഫീസിനടുത്താണ് സംഭവം നടന്ന വീട്. സ്റ്റീൽ ബോബാണ് പൊട്ടിത്തറിച്ചതെന്ന് പൊലീസ് പറയുന്നു.

പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന തുടങ്ങി. കൂടുതൽ ബോംബുകൾ ഉണ്ടോ എന്നതുൾപ്പെടെ പരിശോധിക്കുന്നു. സംഭവ സ്ഥലത്ത് തലശേരി എ.സി.പി യുടെ നേതൃത്വത്തിൽ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. മൃതദേഹം പൊലിസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം, തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഒരു വർഷം മുൻപ് തലശേരി മേഖലയിൽ നിധി സൂക്ഷിക്കുന്ന പാത്രമാണെന്ന് കരുതി സ്റ്റീൽ പാത്ര ബോംബ് തുറക്കുന്നതിനിടെ പൊട്ടിത്തെറിച്ച് അസം സ്വദേശിയായ അച്ഛനും മകനും കൊല്ലപ്പെട്ടിരുന്നു. ആക്രി പൊറുക്കി ജീവിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്.. പാനൂരിൽ ബോംബ് നിർമ്മാണം നടക്കുന്ന വീട്ടിൽ ബോംബ് പൊട്ടി ഒരാൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വോട്ടെണ്ണലിനു ശേഷം ന്യൂ മാഹിയിൽ ബോംബേറ് നടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു