- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എംഎൽഎയ്ക്കുവേണ്ടി കേസ് അട്ടിമറിക്കാൻ ശ്രമിച്ചു; മാധ്യമങ്ങൾക്ക് മുന്നിൽ ഇരയുടെ പേര് വെളിപ്പെടുത്തി; കൈക്കൂലി ലക്ഷ്യമിട്ട് ഇടപെടൽ നടത്തി'; കോവളം സി ഐക്ക് എതിരെയും പരാതി നൽകി യുവതി; എൽദോസ് കുന്നപ്പിള്ളിക്ക് കുരുക്ക് മുറുകുന്നു; വാട്‌സ് ആപ്പിലൂടെ ഭീഷണി സന്ദേശം അയച്ചതിന് പരാതി നൽകി ഇരയുടെ സുഹൃത്ത്
തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി പ്രതിയായ ബലാത്സംഗ കേസിൽ കോവളം സി ഐക്ക് എതിരെ പരാതി നൽകി ഇരയായ യുവതി. എം എൽ എയ്ക്കുവേണ്ടി കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ആണ് ഇരയായ യുവതി തിരുവനന്തപുരം പൊലീസ് കമീഷണർക്ക് പരാതി നൽകിയത്. കൈക്കൂലി ലക്ഷ്യമിട്ട് കേസ് അട്ടിമറിക്കാൻ സി ഐ കൂട്ടുനിന്നുവെന്നും, മാധ്യമങ്ങൾക്ക് മുന്നിൽ പേര് വെളിപ്പെടുത്തിയെന്നും ആണ് പരാതി.
എം എൽ എ നടത്തിയ ന്യായീകരണത്തിന്റെ ചുവടുപിടിച്ച് തനിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക വ്യക്തിഹത്യ നടക്കുകയാണെന്നും പരാതി നൽകിയിട്ടുണ്ട്. എം എൽ എയെ അനുകൂലിക്കുന്ന കോൺഗ്രസ് നേതാക്കളെയാണ് യുവതി പരാതിയിൽ ചൂണ്ടികാണിക്കുന്നത്. കേസന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ച് സംഘത്തിനാണ് യുവതി പരാതി നൽകിയത്.
യുവതി തട്ടിപ്പുകാരിയാണെന്നും പണത്തിന് വേണ്ടി എം എൽ എയെ കള്ളക്കേസിൽ കുടുക്കുകയാണെന്നുമാണ് സോഷ്യൽ മീഡിയയിലടക്കം ഇവർ നടത്തുന്ന പ്രചരണം. അതേ സമയം എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ വീണ്ടും പരാതി ഉയർന്നിട്ടുണ്ട്. ലൈംഗികപീഡന കേസിലെ സാക്ഷിയും ഇരയുടെ സുഹൃത്തുമായ യുവതിയാണ് എംഎൽഎ വാട്‌സ്ആപ്പിൽ ഭീഷണി സന്ദേശമയച്ചെന്നാരോപിച്ച് കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
വ്യാഴാഴ്ച പുലർച്ച 2.20നാണ് എംഎൽഎ യുവതിയുടെ വാട്‌സ് ആപ്പിലൂടെ ഭീഷണി സന്ദേശം അയച്ചത്. 'ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ച നിനക്കും നിന്റെ കുടുംബത്തിനും ഞാൻ വിശ്വസിക്കുന്ന കർത്താവായ യേശുക്രിസ്തു തക്കതായ മറുപടി നൽകും. എനിക്ക് നല്ല വിശ്വാസമുണ്ട്. പണത്തിനുവേണ്ടിയുള്ള കൊതി തീരുമ്പോൾ സ്വയം ചിന്തിക്കുക. ഞാൻ അതിജീവിക്കും. കർത്താവെന്റെ കൂടെയുണ്ടാകും' - എന്നായിരുന്നു സന്ദേശം.
അതേസമയം വിവാദം കത്തി ദിവസങ്ങൾ പിന്നിടുമ്പോഴും എൽദോസ് കുന്നപ്പിള്ളിൽ എം എൽ എ ഒളിവിൽ തുടരുകയാണ്. മുൻകൂർ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വിധി പറയുന്നതുവരെ എം എൽ എ ഒളിവിൽ തുടരാനാണ് സാധ്യത. മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയാൽ ഹൈക്കോടതിയെ സമീപിക്കാനാണ് എൽദോസിന്റെ നീക്കം. എം എൽ എ ഒളിവിലാണെങ്കിലും പെരുമ്പാവൂരിലെ എം എൽ എ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്.
പ്രതിഷേധം കണക്കിലെടുത്ത് എം എൽ എ ഓഫീസിന് പൊലീസ് സുരക്ഷ ഏർപെടുത്തിയിട്ടുണ്ട്. അതേസമയം എം എൽ എ പ്രതിയായ ബലാത്സംഗ കേസായതിനാൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. പീഡനക്കേസിൽ ദിവസങ്ങളായി പൊലീസും സ്വന്തം പാർട്ടി നേതാക്കളും തെരഞ്ഞിട്ടും എം എൽ എയുടെ പൊടി പോലും കിട്ടാതായതോടെ ഡി വൈ എഫ് ഐയും യുവമോർച്ചയുമടക്കമുള്ള യുവജന അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പ്രതിഷേധം കനത്തേക്കും.
മറുനാടന് മലയാളി ബ്യൂറോ