തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിക്ക് മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നിൽ പൊലീസിന്റെ വീഴ്ചയോ? കേസെടുക്കാൻ വൈകിയതാണ് എൽദോസിന് ജയിൽവാസം ഒഴിവാക്കാൻ സാഹായിച്ചതെന്ന് വ്യക്തം. കോവളത്ത് യുവതിയുമായി പോയെന്ന് സമ്മതിച്ചു കൊണ്ടാണ് എൽദോസ് ജാമ്യം നേടുന്നത്. കോവളത്ത് മർദ്ദനം ആരോപിക്കുന്ന യുവതി അതിന് ശേഷവും എംഎൽഎയ്‌ക്കൊപ്പം പോയെന്ന വസ്തുതയും കോടതി ജാമ്യം നൽകാൻ മുഖവിലയ്‌ക്കെടുത്തുവെന്ന് വേണം വിലയിരുത്താൻ.

സെപ്റ്റംബർ14 ന് കോവളം ഗസ്റ്റ് ഹൗസിൽ താമസിപ്പിക്കാമെന്ന് പറഞ്ഞ് കാറിൽ കൊണ്ടു പോകവേ മർദ്ദിച്ചെന്നും കോവളം സൂയിസൈഡ് പോയിന്റിൽ നിന്നും കാറിൽ നിന്നിറങ്ങി രക്ഷപ്പെട്ട് ഓടി ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിയെന്നും സംഭവം കണ്ട് ആൾക്കാർ കൂടി കോവളം പൊലീസ് എത്തിയപ്പോൾ ഭാര്യയെന്ന് പറഞ്ഞതിനാൽ പൊലീസ് തിരികെ പോയെന്നാണ്. തുടർന്ന് വീണ്ടും എം എൽ എ യുടെ കാറിൽ യാത്ര തുടർന്നു. എന്നാൽ നാട്ടുകാരോടോ പൊലീസിനോടോ യുവതി രക്ഷപ്പെടുത്തണമെന്ന സഹായമഭ്യർത്ഥിക്കുകയോ ആരോപിക്കുന്ന ബലാൽസംഗങ്ങൾ പറയുകയോ ചെയ്തില്ല. പൊലീസിനൊപ്പമോ പോയില്ല.

കമ്മീഷണർക്ക് 28 ന് നൽകിയ പരാതിയിലോ അത് പ്രകാരം കോവളം പൊലീസ് ഒക്ടോബർ 13 ന് എടുത്ത കേസിലോ പറഞ്ഞിട്ടില്ല. 14 ന് തന്റെ ഭാര്യ വീട്ടുകാർ പങ്കെടുക്കുന്നത ഒരു വിവാഹ പാർട്ടി കോവളം ഗസ്റ്റ് ഹൗസിൽ നടന്നു. അതിൽ പങ്കെടുക്കാനാണ് താൻ പോയത്. തന്റെ കൂടെ കുറേ നേരം കാറിൽ ഡ്രൈവർ ഡാമി ഓടിച്ച കാറിൽ കറങ്ങിയ ശേഷം വെളുപ്പിന് 3.30 ന് ജനറൽ ആശുപത്രിയിൽ താൻ എത്തിച്ച് ചികിത്സ ലഭ്യമാക്കി. ഡ്രൈവർ ഡാമിച്ചേട്ടന് ബി.പി കൂടിയതിനാൽ അവിടെ ചികിൽസിച്ചു.

ആശുപത്രിയിൽ യുവതി നൽകിയ അഡ്രസ് വേറെയാണ്. 30 വയസെന്ന് പറഞ്ഞു. താൻ കൊണ്ടുവന്നതാണെന്ന് ഡോക്ടർ വൂണ്ട് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിൽ ഡ്യൂട്ടി പൊലീസുണ്ടായിട്ടും പീഡന പരാതി ഉന്നയിച്ച് പോകാൻ ശ്രമിച്ചില്ല. സ്വമേധയാ തന്നോടൊപ്പം തിരികെ കാറിൽ വന്നതിനാൽ തട്ടിക്കൊണ്ടു പോകൽ കുറ്റം നിലനിൽക്കില്ല. തൽസമയം എംഎൽഎ ബോർഡ് വച്ച കാറിലാണോ കൊണ്ടുപോയതെന്ന കോടതിയുടെ ചോദ്യത്തിന് അല്ലെന്നായിരുന്നു അഭിഭാഷകന്റെ ഉത്തരം. എം എൽ എ യുടെ അതേ പാർട്ടിക്കാരിയാണോ യുവതിയെന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു മറുപടി.

കോവളത്ത് പോയില്ലെന്ന് തനിക്ക് കേസില്ലെന്ന് എൽദോസ് ബോധിപ്പിച്ചിരുന്നു. വിവാഹ പാർട്ടിക്ക് ബന്ധുക്കൾ റൂം ബുക്ക് ചെയ്ത് നടത്തിയ പാർട്ടിയിൽ യുവതി മോശക്കാരിയായീരുന്നെന്ന് അറിയാമായിരുന്നെങ്കിൽ താൻ കൊണ്ടു പോകില്ലായിരുന്നുവെന്നും എൽദോസ് വിശദീകരിക്കുന്നുണ്ട്. പിറ്റേന്ന് 15 ന് വൈകിട്ട് താൻ പേട്ടയിലെ വീട്ടിൽച്ചെന്ന് കെട്ടിയിട്ട് പീഡിപ്പിച്ചുവെന്നും മുമ്പും വിവാഹം കഴിച്ച് സംരക്ഷിച്ചു കൊള്ളാമെന്ന് പറഞ്ഞ് പീഡിപ്പിച്ചതായ കള്ളക്കേസാണ് ഇപ്പോൾ എടുത്തിട്ടുള്ളതെന്നും എൽദോസ് വാദിച്ചു.

മിസ്സിങ് കേസിന് മജിസ്‌ട്രേട്ട് മുമ്പാകെ യുവതിയെ ഹാജരാക്കിയപ്പോഴാണ് പീഡന വിവരം യുവതി മൊഴിയായി നൽകിയത്. താൻ നിരപരാധിയും കേസിനാസ്പദമായ യാതൊരു കുറ്റവും ചെയ്തിട്ടില്ല. ഫെയ്‌സ് ബുക്ക് അക്കൗണ്ട് ശരിയാക്കാമെന്ന് പറഞ്ഞ് തന്റെ മൊബൈൽ ഫോൺ യുവതി വാങ്ങി തട്ടിയെടുത്തു. തിരികെ ആവശ്യപ്പെട്ടിട്ടും തന്നിട്ടില്ല. ഹണി ട്രാപ്പ് സ്വഭാവക്കാരിയാണ് യുവതി. യുവതി 3 ലേറെ പ്രാവശ്യം വിവാഹിതയും 30 ഓളം കേസുകൾ വാദിയായും പ്രതിയായും സംസ്ഥാനത്തുടനീളം നിലവിലുണ്ട്. താൻ യുവതിയെ തട്ടിക്കൊണ്ടു പോകുകയോ ദേഹോപദ്രവം ഏൽപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും എൽദോസ് വിശദീകരിച്ചു.

സെപ്റ്റംബർ മാസം 14 ന് തട്ടിക്കൊണ്ടു പോകൽ നടന്നുവെന്നാണ് കേസ്. തട്ടിക്കൊണ്ടുപോയി മർദ്ദിക്കൽ അതിക്രമിച്ചു കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് കോവളം പൊലീസ് എൽദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് രണ്ടു പേരെക്കൂടി പ്രതിചേർത്തിട്ടുണ്ട്. അതേ സമയം അദ്ധ്യാപികയെ കാണാതായതിന് രജിസ്റ്റർ ചെയ്ത വുമൺ മിസ്സിങ് കേസിൽ മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കിയപ്പോഴാണ് അദ്ധ്യാപികയുടെ മർദ്ദന പൊലീസ് പരാതിയിലില്ലാത്ത പീഡന ആരോപണ സംഭവങ്ങൾ വിവരിച്ചത്.

എൽദോസ് കുന്നപ്പിള്ളി എംഎൽഎ പല സ്ഥലത്തുകൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് മജിസ്‌ട്രേറ്റിന് മുന്നിൽ യുവതി മൊഴി നൽകിയത്. പരാതി ഒത്ത് തീർപ്പാക്കാൻ പൊലീസ് ശ്രമിച്ചെന്നും മൊഴിയിൽ ആരോപണമുണ്ട്. എംഎൽഎ പലസ്ഥലത്തുകൊണ്ടുപോയി പീഡിപ്പിച്ചുവെന്നുവെന്നും ഇതിനെല്ലാം തെളിവുണ്ടെന്നുമാണ് മൊഴി. ഒന്നര വർഷത്തിലറെയായി എൽദോസുമായി സൗഹൃദമുണ്ട്. സൗഹൃദം പിന്നെ മറ്റ് ബന്ധത്തിലേക്ക് മാറി. ദേഹോപദ്രവും തുടർന്നതോടെ ബന്ധത്തിൽ നിന്നും പിന്മാറി.

ഇതിനിടെ സെപ്റ്റംബർ മാസം 14 ന് തിരുവനന്തപുരത്തെ വീട്ടിൽ നിന്നും ബലമായി പിടിച്ചിറക്കി കൊണ്ടുപോയി. കോവളം സൂയിസൈഡ് പോയിന്റിന് സമീപത്ത് വെച്ച് തന്നെ ദേഹോപദ്രവം ഏല്പിച്ചു എന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. ഇതൊന്നും പക്ഷേ കോടതി ഗൗരവത്തോടെ എടുത്തില്ല. എൽദോസ് കുന്നപ്പിള്ളിക്ക് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്. അഡി.സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. സംസ്ഥാനം വിട്ടുപോകരുതെന്നും ഫോണും പാസ്‌പോർട്ടും കോടതിയിൽ സമർപിക്കണമെന്നും കോടതി നിർദേശിച്ചു. സമൂഹമാധ്യമത്തിൽ പ്രകോപനമുണ്ടാക്കുന്ന പോസ്റ്റുകളിടരുത്. 22ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനും കോടതി നിർദേശിച്ചു. ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ എൽദോസ് കുന്നപ്പിള്ളി ഒളിവിലാണ്.

എൽദോസിനു ജാമ്യം നൽകരുതെന്നു പ്രോസിക്യൂഷൻ വാദിച്ചു. കൊലപാതകശ്രമത്തിനാണ് എൽദോസിനെതിരെ കേസ് എടുത്തിരിക്കുന്നത്. വേറെയും പ്രതികളുണ്ടെന്ന് പരാതിക്കാരി വ്യക്തമാക്കിയിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനും തുടരന്വേഷണം നടത്തുന്നതിനും എൽദോസിനെ പൊലീസ് കസ്റ്റഡിയിൽ ആവശ്യമാണ്. ജാമ്യം കൊടുത്താൽ തെളിവുകൾ നശിപ്പിക്കാനിടയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ശാരീരിക, മാനസിക, ലൈംഗിക കാര്യങ്ങളിൽ ഉന്നയിക്കുന്നത്. ആദ്യം തട്ടിക്കൊണ്ടുപോയെന്നു പറഞ്ഞ പരാതിക്കാരി പിന്നീട് പിഡീപ്പിച്ചെന്നു ആരോപണം ഉന്നയിച്ചു. ഇതിനുശേഷം വധശ്രമം നടത്തിയെന്നായി ആരോപണം. ഇതുപോലുള്ള വ്യക്തികളെ വിശ്വാസത്തിലെടുക്കാൻ കഴിയില്ല. എൽദോസിന്റെ രാഷ്ട്രീയഭാവി തകർക്കാനുള്ള ഭരണകൂടത്തിന്റെ നീക്കമാണിതെന്നു സംശയിക്കേണ്ടിയിരിക്കുന്നതായും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ബലാൽത്സംഗക്കുറ്റം ചുമത്തിയതോടെയാണ് മുൻകൂർ ജാമ്യപേക്ഷയുമായി എൽദോസ് കുന്നപ്പിള്ളി കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം 28നാണ് എൽദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ അദ്ധ്യാപിക പരാതി നൽകിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറിൽ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോൾ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. കമ്മിഷണർ കോവളം സിഐയ്ക്ക് പരാതി കൈമാറിയെങ്കിലും ഒക്ടോബർ എട്ടിനാണ് യുവതിയെ സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. കേസ് ഒത്തുതീർപ്പാക്കാൻ സിഐ ശ്രമിച്ചെന്നു യുവതി ആരോപിച്ചതിനെ തുടർന്ന് കോവളം സിഐയെ സ്ഥലം മാറ്റിയിരുന്നു.