- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൽദോസ് കുന്നപ്പിള്ളിക്കെതിരെ മർദ്ദന പരാതിയിൽ മൊഴി നൽകാൻ അദ്ധ്യാപികയെത്തി; അന്വേഷണം നടക്കുന്ന കോവളം പൊലീസ് സ്റ്റേഷനിൽ എത്തി മൊഴി നൽകിയ ശേഷം വഞ്ചിയൂർ സ്‌റ്റേഷനിലും ഹാജരായി; സമ്മർദ്ദം മുറുകിയപ്പോൾ തമിഴ്‌നാട്ടിലേക്ക് മാറി നിന്നിരുന്നതായി അദ്ധ്യാപിക; പെരുമ്പാവൂർ എംഎൽഎക്കെതിരായ കേസ് ഒതുക്കി തീർക്കാനും സമ്മർദ്ദം
തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ മർദ്ദന പരാതി നൽകിയ യുവതി കേസിൽ മൊഴി നൽകാൻ ഹാജരായി. യുവതി പരാതി നൽകിയ കോവളം പൊലീസ് സ്‌റ്റേഷനിൽ എത്തിയതിന് ശേഷം വഞ്ചിയൂർ പൊലീസ് സ്‌റ്റേഷനിലും യുവതി എത്തി. പരാതിക്കാരിയെ കാണാനില്ലെന്ന് കാണിച്ച് സുഹൃത്ത് വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
എംഎൽഎക്കെതിരായ പരാതിയിലെ അന്വേഷണം നടക്കുന്ന കോവളം പൊലീസ് സ്റ്റേഷനിൽ ഹാജരായ ശേഷമാണ് അദ്ധ്യാപിക വഞ്ചിയൂരിലെത്തിയത്. വിവാദമായപ്പോൾ യുവതി തമിഴ്‌നാട്ടിലേക്ക് മാറി നിന്നു എന്നാണ സൂചന. കേസ് ഒതുക്കി തീർക്കാൻ ഇപ്പോഴും സമ്മർദ്ദമുണ്ടെന്നാണ് സൂചനകൾ.
എൽദോസ് കുന്നപ്പിള്ളിക്കൊപ്പം ഒരുമിച്ച് വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ വാക്കേറ്റമുണ്ടാകുകയും പിന്നാലെ എംഎൽഎ മർദ്ദിച്ചുവെന്നുമാണ് യുവതിയുടെ പരാതി. തിരുവനന്തപുരത്തെ ഒരു സ്‌കൂളിലെ അദ്ധ്യാപികയാണ് പരാതിക്കാരി. കഴിഞ്ഞ മാസം ഇരുവരും കോവളം സന്ദർശിക്കുന്നതിനിടെയാണ് മർദനമുണ്ടായതെന്നാണ് പരാതിയിലുള്ളത്. ഒരാഴ്ച മുമ്പാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീർഷണർക്ക് പരാതി ലഭിച്ചത്. പരാതിയിൽ കോവളം സിഐയാണ് അന്വേഷണം നടത്തുന്നത്.
അതേസമയം സംഭവത്തെ കുറിച്ച് അറിയില്ലെന്നും പരാതി പൊലീസ് അന്വേഷിക്കട്ടെയെന്നുമാണ് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. നേരത്തെ വട്ടിയൂർകാവിലെ അദ്ധ്യാപികയെ മൊഴി നൽകാൻ രണ്ട് വട്ടം വിളിപ്പിച്ചിട്ടും മൊഴി നൽകിയിരുന്നില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. എറണാകുളം സ്വദേശിനിയും എൽദോസ് കുന്നപ്പിള്ളി എം.എൽ എയുടെ സുഹൃത്തുമായ പരാതിക്കാരിയെയാണ് മൊഴി എടുക്കാനായി രണ്ട് വട്ടം കോവളം പൊലീസ് വിളിച്ചു വരുത്തിയത്. ഇവർ എൽദോസ് കുന്നപ്പിള്ളിക്കെതിരെ നൽകിയ പരാതിയുടെ ഭാഗമായാണ് പൊലീസ് വിളിച്ചു വരുത്തിയത്. എന്നാൽ ഇപ്പോൾ മൊഴി നൽകുന്നില്ലായെന്നും കൂടുതൽ സമയം വേണമെന്നും യുവതി പൊലീസിനോട് ആവിശ്യപ്പെട്ടതായാണ് വിവരം.
യുവതി മൊഴി നൽകാത്തതു കൊണ്ട് തന്നെ കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനാകാത്ത അവസ്ഥയിലായിരുന്നു പൊലീസ്. മൊഴി നൽകിയാൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച വകുപ്പുകൾ പൊലീസിന് ഇടേണ്ടതായി വരും. അങ്ങനെയെങ്കിൽ ജാമ്യം പോലും ലഭിക്കാത്ത കേസിൽ എം.എൽ എ പ്രതിയാകുന്ന അവസ്ഥയും ഉണ്ടാകും. ഇന്ന് യുവതി എന്ത് മൊഴിയാണ് നൽകിയത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
വട്ടിയൂർകാവിലെ സ്വകാര്യ സ്‌ക്കൂളിൽ അദ്ധ്യാപികയായ യുവതിക്ക് എൽദോസ് കുന്നപ്പിള്ളിയുമായി വർഷങ്ങളുടെ സൗഹൃദം ഉണ്ട്. സംഭവം നടന്ന ദിവസം എൽദോസ് കുന്നപ്പിള്ളിയും യുവതിയും കോവളം ഭാഗത്ത് ഉണ്ടായിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി ഇരുവരുടെയും മൊബൈലിന്റെ ടവർ ലൊക്കേഷൻ പരിശോധിക്കും. ഇതിന്റെ ഭാഗമായി ഇരുവരുടെയും ഫോൺ നമ്പരുകൾ സൈബർ സെല്ലിന് കൈമാറിയെന്നാണ് വിവരം.
മറുനാടന് മലയാളി ബ്യൂറോ