- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിൽ കൊലചെയ്യപ്പെട്ട 15 കാരി എലൈന്റെ അമ്മ ഹോസ്പിറ്റൽ നഴ്സ്; മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനും മകളുടെ ഭാവിസ്വപ്നമായ വക്കീലാക്കുന്നതിനും പ്രൈവറ്റ് സ്‌കൂളിൽ വിടുന്നത് ജോലി ചെയ്ത് ലഭിക്കുന്ന പൈസ മിച്ചം വെച്ച്; കഴിഞ്ഞ ദിവസം 17 കാരനാൽ കൊല്ലപ്പെട്ട സ്‌കൂൾ കുട്ടിയുടെ കഥ
ലണ്ടൻ: കഴിഞ്ഞദിവസം ക്രോയ്ഡോണിൽ 17 കാരനാൽ അതിക്രൂരമായി കൊലചെയ്യപ്പെട്ട 15 കാരിയുടെ കഥ പുറത്തു വരുന്നു. ഒരു നിയമജ്ഞയാകണം എന്ന് സ്വപ്നം കണ്ടിരുന്ന മകളുടെ ആഗ്രഹപൂർത്തിക്കായി, ഏറെ കഷ്ടപ്പെട്ടാണെങ്കിലും എൻ എച്ച് എസ്സ് നഴ്സായ അമ്മ മകളെ സ്വകാര്യ സ്‌കൂളിൽ അയച്ചായിരുന്നു പഠിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം സ്‌കൂളിലേക്ക് പോകുന്ന വഴിയിലായിരുന്നു ഓൾഡ് പാലസ് ഓഫ് ജോൺ വിറ്റ്ഗിഫ്റ്റ് സ്‌കൂൾ വിദ്യാർത്ഥിനിയായ എലൈൻ ആൻഡം ആക്രമിക്കപ്പെട്ടത്.
മകൾക്ക് ശോഭനമായ ഒരു ഭാവിയൊരുക്കണമെന്ന ആഗ്രഹമായിരുന്നു എലൈന്റെ അമ്മയെ, തന്റെ മകളെ ഒരു സ്വകാര്യ സ്‌കൂളിൽ വൻ ഫീസ് നൽകി പഠിപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന് എലൈന്റെ മാതൃ സഹോദരി മറിയൻ പറയുന്നു. ഇപ്പോൾ ആ അമ്മ അനുഭവിക്കുന്ന മാനസിക വ്യഥ പറഞ്ഞറിയിക്കാൻ പറ്റില്ല എന്നും അവർ പറയുന്നു. കാലത്ത് ചിരിച്ച് യാത്രപറഞ്ഞിറങ്ങിയ മകൾ ഇനിയൊരിക്കലും തിരിച്ചു വരില്ലെന്ന് യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാൻ അവർക്ക് കഴിയുന്നില്ല.
എലൈന് കുത്തേറ്റ സ്ഥലത്തേക്ക് ഉടനടി തന്നെ കുടുംബാംഗങ്ങളെ എത്തിച്ചെങ്കിലും, ജീവനോടെ അവളെ ഒരുനോക്ക് കാണാൻ അവർക്കായില്ല. തങ്ങളുടെ ജീവിതത്തിന്റെ പ്രകാശമായിരുന്ന കൊച്ചുമിടുക്കിയുടെ വിയോഗം നിരവധി അംഗങ്ങളുള്ള ആ കൂട്ടുകുടുംബത്തിന് ഇനിയും താങ്ങാനാകുന്നില്ല. ഒരു വലീയ ജീവിതം മുന്നിൽ ബാക്കി വെച്ചിട്ടാണ് കേവലം പതിനഞ്ചാം വയസ്സിൽ അവൾ യാത്രയായതെന്ന് അവരെ ഏറെ വേദനിപ്പിക്കുന്നു.
ഇന്നലെ പൊലീസുകാർ ഉൾപ്പടെ നിരവധി പേർ സംഭവം നടന്ന സ്ഥലത്തെത്തി എലൈനിന്റെ ഓർമ്മക്ക് മുൻപിൽ പുഷ്പചക്രങ്ങൾ അർപ്പിച്ചു. മൗനപ്രാർത്ഥനയിൽ മുഴുകിയ പൊലീസ് ഉദ്യോഗസ്ഥരും ഏറെ അസ്വസ്ഥരായി ആണ് കാണപ്പെട്ടത്. കീസ്റ്റ് ക്രോയ്ഡോൺ സ്റ്റേഷനടുത്തുള്ള വിറ്റ്ഗിഫ്റ്റ് ഷോപ്പിങ് സെന്ററിൽ വച്ചായിരുന്നു നമ്പർ 60 ബസ്സിനുള്ളിൽ ആരംഭിച്ച വഴക്ക് കൊലപാതകമായി മാറിയത്. വാളുപോലെ നീണ്ട ഒരു കത്തികൊണ്ടായിരുന്നു കറുത്ത വസ്ത്രം ധരിച്ച കൗമാരക്കാരൻ എലൈന്റെ ജീവനെടുത്തത്.
സംഭവം നടന്ന ഉടൻ തന്നെ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയുടെ പുറകെ ബസ്സ് യാത്രക്കാരിൽ ചിലർ പാഞ്ഞെങ്കിലും പിടിക്കാനായില്ല. പിന്നീട് ഒരു മണിക്കൂറിന് ശേഷം അഞ്ചു മൈൽ ദൂരത്തുള്ള ന്യു ആഡിങ്ടണിൽ, ഒരു ട്രാമിനുള്ളിൽ നിന്നായിരുന്നു പൊലീസ് ഇയാളെ പിടികൂടീയത്. ഇയാൾക്കല്ലാതെ മറ്റാർക്കും ഈ കൊലപാതകത്തിൽ പങ്കില്ല എന്നാണ് പൊലീസ് പറയുന്നത്.




