- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിസാര കാര്യങ്ങൾക്കും സഹപ്രവർത്തകരുടെ മുന്നിൽ വച്ച് അപമാനിക്കൽ; ചിലപ്പോൾ മർദ്ദിച്ചിരുന്നുവെന്നും ആരോപണം; കുഞ്ഞിമംഗലത്ത് സഹകരണ സ്ഥാപനത്തിൽ ജീവനക്കാരി തൂങ്ങി മരിച്ച സംഭവത്തിൽ മുൻ ഭരണസമിതി പ്രസിഡന്റിന് എതിരെ കേസ്; ആത്മഹത്യാ കുറിപ്പിലും പരാമർശം
കണ്ണൂർ: കുഞ്ഞിമംഗലത്ത് സഹകരണസ്ഥാപനത്തിൽ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തിൽ മുൻ ഭരണസമിതി പ്രസിഡന്റിനെതിരെ പൊലീസ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കേസെടുത്തു. പൊലിസ് അറസ്റ്റു ചെയ്തു പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ചു മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ ഹർജി നൽകിയതിന് പിന്നാലെയാണ് ഇയാൾക്കെതിരെ ആത്മഹത്യാപ്രേരണകുറ്റം ചുമത്തി പരിയാരം കേസെടുത്തത്.
കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ അഗ്രിക്കൾച്ചർ വെൽഫേർ സൊസൈറ്റി മുൻ പ്രസിഡന്റും നിലവിൽ ഡയറക്ടറുമായ തെക്കുമ്പാട്ടെ ടി.വി.രമേശന്റെ (58) പേരിലാണ് കേസെടുത്തത്. രമേശൻ സീനയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് രമേശനെ പ്രതി ചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകിയത്.
ഇക്കഴിഞ്ഞ ജൂലായ്-31 നാണ് രാവിലെ 11.30 ന് കൊവ്വപ്പുറത്തെ സൊസൈറ്റി ഓഫീസിന്റെ താഴത്തെ മുറിയിൽ സീനയെ തൂങ്ങിയ നിലയിൽ കണ്ടത്. ചായ വയ്ക്കാനായി താഴത്തെ നിലയിലേക്ക് പോയതായിരുന്നു ഇവർ. സീന വരുന്നതു കാണാത്തതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ തെരച്ചിലാണ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ഉച്ചയ്ക്ക് രണ്ടുമണിയോടെ മരണമടയുകയായിരുന്നു.ദേഹത്ത് വസ്ത്രത്തിനിടയിലും മുറിയിലെ മേശയിൽ ഒട്ടിച്ചുവെച്ചതുമായ ആത്മഹത്യാകുറിപ്പ് പൊലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സീനയുടെ ബന്ധുക്കളേയും സഹപ്രവർത്തകരെയും വിശദമായി ചോദ്യം ചെയ്തിരുന്നു.
രമേശനാണ് തന്റെ മരണത്തിന് കാരണമെന്നും അയാളെ വിടരുതെന്നും സീനയുടെ ആത്മഹത്യാകുറിപ്പിൽ പരാമർശമുണ്ടായിരുന്നു. നിസാര കാര്യങ്ങളുടെ പേരിൽ രമേശൻ സീനയെ സഹപ്രവർത്തകരുടെ മുന്നിൽ വെച്ച് അപമാനിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായും ഇത് കടുത്ത മനോവിഷമത്തിന് ഇടയാക്കിയെന്നും പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
സഹപ്രവർത്തകരോടും സീന ഇത് പങ്കുവെച്ചതായി അവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സി.എംപി നേതാവായ രമേശൻ പ്രസിഡന്റായിരിക്കവെയാണ് സംഭവം നടന്നത്. ഇതിനു ശേഷം ബംഗളൂരുവിലേക്ക് കടന്ന രമേശൻ ഒളിവിലാണെന്നും ഇയാൾക്കായി അന്വേഷണമാരംഭിച്ചിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു.സീനയെഴുതിയ ആത്മഹത്യാ കുറിപ്പ് പൊലിസ് ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കി ഒറിജിനൽ തന്നെയാണെന്ന് തെളിയിച്ചിരുന്നു. സീനയുടെ മരണത്തിൽ ദുരൂഹതയാരോപിച്ചു ബന്ധുക്കളും നാട്ടുകാരും രംഗത്തു വന്നിരുന്നു. തൊഴിൽപരമായ പീഡനങ്ങൾ കാരണം സീന കടുത്ത മാനസിക സമ്മർദ്ദം അനുവഭിച്ചിരുന്നതായി ഇതിൽ ചിലർ അന്വേഷണസംഘത്തിന് മൊഴിനൽകിയിട്ടുണ്ട്.