- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏനാദിമംഗലത്തെ വീടു കയറി ആക്രമണം: വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ 10 പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു; വീട് തല്ലി തകർത്ത് ഉപകരണങ്ങൾ കിണറ്റിലിട്ട സംഘത്തിൽ ഉണ്ടായിരുന്നത് പതിനഞ്ചോളം പേർ
അടൂർ: കാപ്പാ കേസിലുൾപ്പെട്ട പ്രതിയും സഹോദരനും നടത്തിയ ഗുണ്ടാ വിളയാട്ടത്തിന് നടത്തിയ തിരിച്ചടിക്കിടെ വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ 10 പ്രതികൾ കൂടി അറസ്റ്റിൽ. ഏനാദിമംഗലം ചാങ്കൂർ ഒഴുകുപാറ വടക്കേചരുവിൽ സുജാത(64)യാണ് കഴിഞ്ഞ ഞായറാഴ്ച രാത്രി 10.30 ന് ഒരു സംഘം ആളുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കമ്പിവടി കൊണ്ട് തലയ്ക്ക് അടിയേറ്റുണ്ടായ പരുക്കിനെ തുടർന്നാണ് മരണം. കേസിൽ ഏനാദിമംഗലം കുറുമ്പകര എൽസി ഭവനിൽ ആനന്ദന്റെ മകൻ അനീഷിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
കുറുമ്പകര മുകളുവിള പടിഞ്ഞാറ്റേതിൽ ജിതിൻ, മാരൂർ കാട്ടുകാലയിൽ സുരേന്ദ്രൻ, സുധീഷ്, പൂവണ്ണം മൂട്ടിൽ വിളയിൽ സജിത്, മാരൂർ കാട്ടുകാലയിൽ എലിമുള്ളതിൽ മേലേതിൽ ശ്യാം, ശരത്, കുറുമ്പകര അയണിവിള പടിഞ്ഞാറ്റേതിൽ ഉന്മേഷ്, ചീനിവിള വീട്ടിൽ രതീഷ്, ചീനിവിള അൽ അമീൻ മൻസിലിൽ അൽ അമീൻ (28), മരുതിമൂട് മാഹീൻ മൻസിലിൽ ഷാനവാസ് (34) എന്നിവരാണ് അറസ്റ്റിലായത്.
പതിനഞ്ചോളം വരുന്ന സംഘമാണ് വീട്ടിൽ കയറി ആക്രമണം നടത്തിയതെന്ന് അയൽവാസികൾ പൊലീസിനോട് പറഞ്ഞിരുന്നു. വീട് മുഴുവനും തല്ലിത്തകർക്കുകയും ഉപകരണങ്ങൾ നശിപ്പിച്ച് മുൻപിലുള്ള കിണറ്റിലിടുകയും ചെയ്തു. വീട്ടിലെ വളർത്തുനായയെയും വെട്ടിപ്പരുക്കേൽപ്പിച്ചു. തലയ്ക്ക് മാരകമായി പരുക്കേറ്റ സുജാതയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരണം സംഭവിച്ചു. ആക്രമണത്തിൽ തലച്ചോറിന് ക്ഷതമേൽക്കുകയും വാരിയെല്ലിന് പൊട്ടലുണ്ടാവുകയും ചെയ്തു. ശനിയാഴ്ച വൈകിട്ട് കുറുമ്പകര മുളയങ്കോട് വസ്തു തർക്കത്തെ തുടർന്നുണ്ടായ സംഘർഷമാണ് പ്രശ്നങ്ങളുടെ തുടക്കം.
ബന്ധുക്കൾ തമ്മിലുള്ള വഴിത്തർക്കം തീർക്കുന്നതിനായി സുജാതയുടെ മക്കളായ സൂര്യലാൽ(24), ചന്ദ്രലാൽ(21) എന്നിവർ അവരുടെ വളർത്തു നായയുമായി അവിടെയെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇവർ കൊണ്ടുവന്ന വളർത്തുനായ മൂന്ന് പേരെ കടിക്കുകയും ചെയ്തു. ഇതിന് പ്രതികാരമായിട്ടാണ് ഞായറാഴ്ച രാത്രി സംഘം ചേർന്ന് സുജാതയുടെ വീടിന് നേരെ ആക്രമണം നടത്തിയത്. ഈ സമയം സൂര്യലാലും ചന്ദ്രലാലും വീട്ടിൽ ഉണ്ടായിരുന്നില്ല. ഇരുവരും പൊലീസിന്റെ ഗുണ്ടാലിസ്റ്റിൽപ്പെട്ടവരാണ്.
സുജാതയുടെ കൊലപാതകത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഒളിവിൽ പോയ പ്രതികൾക്കയി അടൂർ പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. പ്രതികൾ കറവൂർ സന്യാസികോണിലുള്ള ബന്ധു വീട്ടിലുണ്ടെന്ന് തിരിച്ചറിഞ്ഞ് ബുധനാഴ്ച പുലർച്ചെ സ്ഥലത്തെത്തിയെങ്കിലും പൊലീസിനെ കണ്ട് കാട്ടിനുള്ളിലേക്ക് കടന്നു. തുടർന്ന് അടൂരിൽ നിന്നും കൂടുതൽ പൊലീസ് എത്തി കറവൂർ പുന്നല വനമേഖലകളിൽ തിരച്ചിൽ നടത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി അടൂർ ഡിവൈ.എസ്പി ആർ. ബിനു പറഞ്ഞു. പ്രതികളെ ഒളിവിൽ താമസിപ്പിച്ചവർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. സുജാതയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം ഇവരുടെ മക്കളെ ഏനാത്ത് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമ കേസിലേക്ക് അടൂർ, ഏനാത്ത് പൊലീസ് സംഘങ്ങളുടെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്തിരുന്നു.
പൊലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷ്, സബ് ഇൻസ്പെക്ടർമാരായ വിപിൻ കുമാർ, മനീഷ് എം, കെ.എസ്. ധന്യ, ജലാലുദ്ദീൻ റാവുത്തർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അജിത്ത്, രാജേഷ് ചെറിയാൻ, സൂരജ് ആർ കുറുപ്പ്, റോബി ഐസക്, സിവിൽ പൊലീസ് ഓഫീസർമാരായ പ്രവീൺ, നിസാർ എം, മനീഷ് രാജേഷ്, ശ്രീജിത്ത്, അനൂപ എസ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്