അടുർ: സിനിമയെ വെല്ലും ഏനാത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുള്ള ഇക്കഥ. രണ്ടു സുഹൃത്തുക്കൾ ഒരുമിച്ച് മദ്യപിക്കുന്നു. ഒരാൾ കുഴഞ്ഞു വീണു മരിക്കുന്നു. ഭയന്നു പോയ വീട്ടുടമ മൃതദേഹം വീടിന് പിന്നിലെ തൈത്തെങ്ങിന്റെ ചുവട്ടിൽ കൊണ്ടിട്ട് മണ്ണും പുല്ലും വാരിയിട്ട് ചാണക വെള്ളവും തളിക്കുന്നു. മൂന്നാം നാൾ ദുർഗന്ധം വമിച്ചപ്പോൾ നാട്ടുകാരും പൊലീസുമെത്തി മൃതദേഹം കണ്ടെടുത്തു. ഭയന്ന് ഒളിവിൽപ്പോയ വീട്ടുടമ പിന്നീട് സ്റ്റേഷനിൽ ഹാജരായി താൻ നിരപരാധിയാണെന്നും മരിച്ചത് ആരാണെന്നും വെളിപ്പെടുത്തുന്നു. എന്നാൽ, വീട്ടുടമയുടെ മൊഴി മരിച്ചയാളുടെ ബന്ധുക്കൾ അംഗീകരിക്കാതെ വന്നതോടെ മൃതദേഹം ഡിഎൻഎ പരിശോധന നടത്താൻ തീരുമാനം.

ഏനാത്ത് വേമ്പനാട്ട് മുക്ക് അജികുമാറിന്റെ വേമ്പനാട്ടഴികത്ത് വീടിന്റെ പിന്നിലുള്ള പ്രകാശിന്റെ പുരയിടത്തിൽ കഴിഞ്ഞ ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് കണ്ടത്. മുല്ലശ്ശേരിൽ മണിയൻ എന്നയാൾ വിവരം വാർഡ് അംഗവും കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റുമായ രാധാകൃഷ്ണനെ അറിയിക്കുകയായിരുന്നു. അദ്ദേഹം അറിയിച്ചതനുസരിച്ച് ഏനാത്ത് പൊലീസും ഉടൻ തന്നെ സ്ഥലത്തെത്തി. രണ്ട് ദിവസമായി ദുർഗന്ധമുയരുന്നുണ്ടായിരുന്നെന്നു സമീപവാസികൾ അറിയിച്ചു.

മൃതശരീരം അഴുകി പുഴുവരിച്ച നിലയിലാണ്, ആരുടേതെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. കാവികൈലി മാത്രമാണ് മൃതദേഹത്തിൽ ഉണ്ടായിരുന്നത്. അജികുമാർ ഒറ്റയ്ക്കാണ് താമസം. അതിഥി തൊഴിലാളികളും മറ്റും ഈ വീട്ടിലെത്താറുണ്ട് എന്ന് പറയപ്പെടുന്നു. മൃതദേഹം കണ്ടതിന് പിന്നാലെ അജികുമാറിനെ കാണാതായി. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയപ്പോൾ മരണ കാരണം ഹൃദയാഘാതമാണെന്ന് കണ്ടെത്തി.

ഈ വിവരം അറിഞ്ഞ അജികുമാർ ഏനാത്ത് സ്റ്റേഷനിൽ ഹാജരായി. മരിച്ചത് മലങ്കാവ് സ്വദേശി മോനച്ചനാണെന്ന് അജികുമാർ പൊലീസിനോട് പറഞ്ഞു. ഇരുവരും സുഹൃത്തുക്കളും ഒരുമിച്ച് മദ്യപിക്കുന്നവരുമാണ്. ഇടയ്ക്കിടെ മോനച്ചൻ അജിയുടെ വീട്ടിൽ എത്താറുണ്ട്. അവിവാഹിതനും അലഞ്ഞു നടക്കുന്നയാളുമാണ്. മൂന്നു ദിവസം മുൻപ് അജിയുടെ വീട്ടിൽ മോനച്ചനെത്തി. തുടർന്ന് ഇരുവരും മദ്യപിച്ചു.

അൽപം കഴിഞ്ഞപ്പോൾ മോനച്ചൻ അജിയോട് വെള്ളം ആവശ്യപ്പെട്ടു. വെള്ളം കുടിച്ചതിന് പിന്നാലെ മോനച്ചൻ കുഴഞ്ഞു വീണു. മദ്യപിച്ച് ബോധം പോയതാണെന്ന് കരുതി ഒരു പായ വിരിച്ച് അജി ഇയാളെ അതിൽ കിടത്തി. പിന്നീട് പുറത്തു പോയി വന്നപ്പോൾ മോനച്ചന്റെ ശരീരം തണുത്തു തുടങ്ങിയിരുന്നു. മോനച്ചൻ മരിച്ചു പോയെന്ന് മനസിലാക്കിയ അജി പേടിച്ചു. തുടർന്ന് മൃതദേഹം വീടിന് പിന്നിലെ പറമ്പിലെ തെങ്ങിൻ കുഴിയിൽ കൊണ്ടുതള്ളി. കുറച്ച് മണ്ണും വാരി മുകളിലിട്ടു. ദുർഗന്ധം വരാതിരിക്കാൻ ചാണകവും കലക്കിയൊഴിച്ചു.

മൃതദേഹം പൊലീസ് കണ്ടതോടെ സ്ഥലം വിടുകയായിരുന്നു അജി. മൃതദേഹം ജീർണിച്ച് തുടങ്ങിയതിനാൽ തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. അജിയുടെ മൊഴിപ്രകാരം മരിച്ചത് മോനച്ചൻ തന്നെയെന്ന് സ്ഥിരീകരിച്ചു. എന്നാൽ ക്ലൈമാക്സ് വരാനിരിക്കുന്നതേയുള്ളായിരുന്നു. ഇത് മോനച്ചനല്ലെന്ന് ബന്ധുക്കൾ തറപ്പിച്ചു പറഞ്ഞു. അവസാനം കണ്ടയാൾ എന്ന നിലയിൽ അജിയുടെ മൊഴി പൊലീസും വിശ്വാസത്തിലെടുത്തു. തർക്കം വന്നതോടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഡിഎൻഎ പരിശോധന വഴി മരിച്ചതാരെന്ന് സ്ഥിരീകരിക്കും.