- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരാറുകാരിൽ നിന്നും കടക്കാരിൽ നിന്നും പടി; പമ്പയിലെ പൊലീസുകാരനെതിരായ അന്വേഷണം അട്ടിമറിച്ചു; മൊഴി നൽകാൻ തയാറാകാതെ സഹപ്രവർത്തകർ; പമ്പ സ്റ്റേഷനിലെ ജോലി സുഖവാസം പോലെ; പമ്പയാറ്റിലെ മണൽ കടത്തലിനും പൊലീസിന്റെ തുണ
പമ്പ: ശബരിമല തീർത്ഥാടനകാലം കഴിഞ്ഞതിന് പിന്നാലെ കടക്കാരിൽ നിന്നും കരാറുകാരിൽ നിന്നും പടി വാങ്ങിയെന്ന് ആരോപണ വിധേയനായ പൊലീസുകാരനെതിരേ നടന്ന അന്വേഷണം അട്ടിമറിച്ചു. ഉന്നത പൊലീസുദ്യോഗസ്ഥയുടെ നേതൃത്വത്തിലാണ് അട്ടിമറിയെന്ന് പറയുന്നു. സഹപ്രവർത്തകരായ പൊലീസുകാർ മൊഴി നൽകാതെ നിസഹകരിച്ചതും അന്വേഷണത്തിന് വിലങ്ങു തടിയായി. തീർത്ഥാടന കാലത്ത് നൽകിയ വഴിവിട്ട സഹായങ്ങൾക്കുള്ള പ്രതിഫലമായിട്ടാണ് വൻ തുക കടക്കാരും കരാറുകാരും ചേർന്ന് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ഇത് ഒരു പൊലീസുകാരൻ മാത്രമായി അടിച്ചു മാറ്റുകയായിരുന്നു. പടിയുടെ പങ്ക് മറ്റുള്ളവർക്ക് കിട്ടാതെ പോയതോടെയാണ് വിവരം പുറത്തായതും സംസ്ഥാന ഇന്റലിജൻസും വിജിലൻസും അന്വേഷണം തുടങ്ങിയതും. ഈ വിവരം പുറത്തു വിട്ടത് മറുനാടനാണ്. പണി കിട്ടുമെന്ന് മനസിലായതോടെ പൊലീസുകാരൻ കൈപ്പറ്റിയ തുക ഉപേക്ഷിച്ചു.
പമ്പ സ്റ്റേഷനിലെ പടി നാട്ടുനടപ്പായി കണ്ടാണത്രേ നടപടി ഒഴിവാക്കിയിരിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന സംഭാവന സ്റ്റേഷനിലെ വണ്ടികളുടെ അറ്റകുറ്റപ്പണിക്കും മറ്റുമാണത്രേ ഉപയോഗിക്കുന്നത്. പമ്പ സ്റ്റേഷൻ നിലനിർത്തുന്നതു പോലും ഇവരാണത്രേ. സാമ്പത്തിക ഞെരുക്കമുള്ള സർക്കാരിൽ നിന്ന് കിട്ടാതെ വരുന്നതിനാൽ ഇത്തരം പടികളാണ് സ്റ്റേഷന്റെ പ്രവർത്തന മൂലധനം എന്നാണ് പറയുന്നത്. പമ്പ സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്കായി പൊലീസുകാരുടെ ഉന്തും തള്ളുമാണ്. ഒരു തരത്തിലുള്ള സുഖവാസമാണ് ഇവിടെ എന്നാണ് മുൻപ് ജോലി ചെയ്തിരുന്നവർ പറയുന്നത്. ഊഴമിട്ടാണ് ഡ്യൂട്ടി. അഞ്ചു ദിവസം ഡ്യൂട്ടി ചെയ്താൽ ഏഴു ദിവസം വീട്ടിൽ നിൽക്കാം. വർഷത്തിൽ മണ്ഡല-മകരവിളക്ക് കാലത്ത് മാത്രമാണ് മേലനങ്ങിയുള്ള പണിയുള്ളത്. ലോ ആൻഡ് ഓർഡർ വിഷയം കുറവാണ്. അപ്പോഴും പമ്പ സ്റ്റേഷനിലെ പൊലീസുകാർക്ക് ടേൺ ബാധകമാണ്.
ഏയ്ഞ്ചൽവാലി പ്രദേശത്ത് നദിയിൽ നിന്ന് മണൽവാരൽ ഉണ്ട്. ടിപ്പറിലാണ് കടത്ത്. പത്തനംതിട്ട-കോട്ടയം ജില്ലകളുടെ അതിർത്തിയാതിനാൽ കോട്ടയം ജില്ലയിലേക്കാണ് കടത്ത്. ചില എ.എസ്ഐമാർ നൈറ്റ് ഡ്യൂട്ടി ഓഫീസർ ചാർജുള്ളപ്പോഴാണത്രേ മണൽ കൊണ്ടു പോകുന്നത്. പ്രാദേശിക സിപിഎം നേതാക്കളാണ് മണൽ വാരൽ നടത്തുന്നത്. പൊലീസിന്റെ സഹായത്തോടെ അഞ്ചു ലോഡ് വരെ കൊണ്ടു പോകുന്നുണ്ട്. ആറ്റുമണലിന് മോഹവിലയാണ് ഇപ്പോൾ കിട്ടുന്നത്. ഇതിൽ ഒരു പങ്ക് പടിയായി ചില പൊലീസുകാരുടെ പോക്കറ്റിലേക്ക് പോകും. 2013 ന് ശേഷം പമ്പയാറ്റിൽ നിന്ന് മണൽ വാരുന്നതും കൊണ്ടു പോകുന്നതും ഇവിടെ നിന്ന് മാത്രമാണ്. മേലധികാരികളുടെ ശ്രദ്ധ പതിയാതെ ഇരിക്കുന്നത് ഇവർക്ക് തുണയാകുന്നു.