- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരി നഗരസഭ തങ്ങളുടെ ഫർണിച്ചർ കമ്പനിക്ക് താഴിട്ടതോടെ നാടുവിട്ട ദമ്പതികളെ ഇനിയും കണ്ടെത്താൻ കഴിഞ്ഞില്ല; സിപിഎം ഭരിക്കുന്ന നഗരസഭ പീഡിപ്പിച്ചത് മന്ത്രി പി.രാജീവിൽ നിന്ന് മികച്ച വ്യവസായ സംരംഭക പുരസ്‌കാരം നേടിയ രാജ്കബീറിനെയും കുടുംബത്തെയും
കണ്ണൂർ: സിപിഎം ഭരിക്കുന്ന തലശേരി നഗരസഭയുടെ പീഡനത്തിൽ മനംനൊന്ത്, നാടുവിട്ട വ്യവസായ അവാർഡ് ജേതാക്കളായ ദമ്പതികളെ കണ്ടെത്താനായില്ല. ഇവർക്കായി കോയമ്പത്തൂരിലും ചെന്നൈയിലും പാനൂർ പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കൈയേറ്റത്തിന്റെ പേരിൽ തലശേരി നഗരസഭ ഒഴിപ്പിച്ച ഫർണിച്ചർ കമ്പനി പൂട്ടിയതിനെ തുടർന്നാണ് ദമ്പതികൾ നാടുവിട്ടുപോയത്.
തലശേരി നഗരസഭയിലെ എരഞ്ഞോളി വ്യവസായ പാർക്കിലാണ് ദമ്പതികൾ വ്യവസായ പാർക്ക് നടത്തി വന്നത്. ഫർണിച്ചർ സ്ഥാപനത്തിന്റെ ഉടമകളായ പ്രമുഖബാലസാഹിത്യകാരനും അദ്ധ്യാപക അവാർഡ് ജേതാവുമായിരുന്ന കെ.തായാട്ടിന്റെ മകൻ പാനൂർ താഴെവീട്ടിൽ രാജ്കബീർ(58) ഭാര്യ ശ്രീദിവ്യ(48) എന്നിവരെ ചൊവ്വാഴ്‌ച്ച രാവിലെ മുതലാണ് കാണാതായത്. മികച്ച വ്യവസായികളെന്ന നിലയിൽ പി. രാജീവിൽ നിന്നും കഴിഞ്ഞ വർഷം കണ്ണൂർ നോർത്ത് മലബാർ ചേംബർ കൊമേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ പുരസ്‌കാരം നേടിയ സംരംഭകനാണ് രാജ്കബീർ. ഇയാളും മകൻ ദേവദത്തനും കൂടി ചേർന്നാണ് അന്ന് അവാർഡ് വാങ്ങിയത്.
എരഞ്ഞോളിയിൽ തലശേരി നഗരസഭയിലെ വ്യവസായ പാർക്കിലാണ് ദമ്പതികൾ ഫർണിച്ചർ ഫാക്ടറി നടത്തിയിരുന്നത്. പത്ത് ജീവനക്കാരുള്ള ഫാക്ടറി, നഗരസഭയുടെ സ്ഥലം കൈയേറിയെന്ന് ആരോപിച്ച് താഴിട്ടുപൂട്ടുകയായിരുന്നു. ഏഴു മുറികളുള്ള സ്ഥാപനത്തിന് ഏഴുപൂട്ടുകളാണ് ഇട്ടത്. ഇതോടെ ഇവർക്ക് നാലുലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ആ തുക ഗഡുക്കളാക്കി അടയ്ക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.
ഈ ഉത്തരവുമായി എത്തിയ ദമ്പതികളോട് ഉദ്യോഗസ്ഥരും നഗരസഭാ ഭരണാധികരികളും കയർത്തു സംസാരിച്ചു.പോരാത്തതിന് അപമാനിച്ചുവിടുകയും ചെയ്തുവെന്നാണ് പരാതി. ഇതോടെയാണ് അധികൃതരുടെ ക്രൂരമായ നടപടി ഇനി നമുക്ക് താങ്ങാനാവില്ല, ഞങ്ങൾ പോകുന്നു, ഞങ്ങളെയിനി അന്വേഷിക്കേണ്ട, ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ മുഴുവൻ ഉത്തരവാദിത്വവും ഞങ്ങളെ ദ്രോഹിച്ചവർക്ക് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിച്ച് ഞങ്ങളുടെ മൊഴിയെന്ന തലക്കെട്ടോടെ നവമാധ്യമങ്ങളിൽ പോസ്റ്റുചെയ്തതിനു ശേഷം ദമ്പതികൾ നാടുവിട്ടുപോയത്. സഹോദരൻ രാജേന്ദ്രൻ തായാട്ട് പാനൂർ പൊലിസിൽ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ദമ്പതികൾ പാലക്കാട് വഴി വാഹനത്തിൽ സഞ്ചരിച്ചതായി ക്യാമറ ദൃശ്യങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
നാടുവിട്ട ദമ്പതികളുടെ മൊഴി അടങ്ങുന്ന വാട്സ് ആപ്പ് കുറിപ്പ് ഇങ്ങനെ:
മുൻസിപ്പൽ അധികൃതരുടെ നിരന്തരമായ പീഡനവും പിഴയും നിമിത്തം കഴിഞ്ഞ ഒരുമാസത്തിലേറെ കാലമായി അധികൃതർ സീൽ ചെയ്ത നടപടി പ്രകാരം ഞങ്ങളുടെ കണ്ടിക്കൽ വ്യവസായ എസ്റ്റേറ്റിലെ സ്ഥാപനവും പത്ത് തൊഴിലാളികളും ഞങ്ങളും ഒരു വരുമാനവുമില്ലാതെ തെരുവിലായിരിക്കുകയാണ്. നിരവധി തവണ അധികൃതർക്കു മുൻപിൽ ദയക്ക് വേണ്ടി അപേക്ഷിച്ചുവെങ്കിലും യാതൊരു ദയയും അവർ നൽകിയില്ലെന്ന് മാത്രമല്ല ലൈസൻസ് റദ്ദു ചെയ്ത് സ്ഥാപനം സ്ഥിരമായി അടച്ചിടുന്നതിലേക്ക് കാര്യങ്ങൾ മാറുകയായിരുന്നു.
എല്ലാവർക്കും നീതി കിട്ടുമെന്ന് ഉറച്ചുവിശ്വസിക്കുന്ന ഞങ്ങൾക്ക് ബഹുമാനപ്പെട്ട ഹൈക്കോടതി നീതി നൽകി 19.08.2022ന് പുറപ്പെടുവിപ്പിച്ച ഉത്തരവിലൂടെ ലൈസൻസ് റദ്ദാക്കിയത് സ്റ്റേ നൽകി. തുറന്നുപ്രവർത്തിക്കാനും അധികൃതരോട് തുറന്നുകൊടുക്കാനും ഉത്തരവിറക്കി. പിഴതുകയായ 41,600 രൂപയും നഗരസഭയിൽ ഒടുക്കി. എന്നാൽ ഈ ഉത്തരവ് ഒന്നും അധികൃതർ പരിഗണിച്ചില്ലെന്നു മാത്രമല്ല ബഹുമാനപ്പെട്ട ഹൈക്കോടതി വിധിയെ പരിഹസിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായത്.
ഈ സമയം നഗരസഭ ഉത്തരവ് തന്നില്ലെന്നു മാത്രമല്ല വീണ്ടും പലകാരണങ്ങൾ പറഞ്ഞ് നിങ്ങളെ പൂട്ടിക്കാനും ഞങ്ങൾക്ക് കഴിയുമെന്ന ഒരു താക്കീതും തന്നു. ഭീഷണിയും പകപോക്കലും തുടരുന്നതിനാൽ ഞങ്ങൾ ആകെ ഭയന്നിരിക്കുകയാണ്. 18വർഷമായി നന്നായി നടന്നുപോകു ഞങ്ങളുടെ ബിസിനസ് തകർന്നിരിക്കുകയാണ്. തകർത്തിരിക്കുകയാണ്. ഒരു രക്ഷയുമില്ല വ്യവസായത്തിന്. മക്കളുടെ കാര്യം അവർ തന്നെ നോക്കട്ടെ. അധികൃതരുടെ ക്രൂരമായ നടപടി ഇനി നമുക്ക് താങ്ങാനാവില്ല. ഞങ്ങൾ പോകുന്നു. ഞങ്ങളെയിനി അന്വേഷിക്കേണ്ട. ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ മുഴുവൻ ഉത്തരവാദിത്വവും ഞങ്ങളെ ദ്രോഹിച്ചവർക്ക്.
ഞങ്ങൾ വിളിച്ചപ്പോൾ തന്നെപ്രതികരിച്ച വ്യവസായ മന്ത്രി പി.രാജീവൻ സാറിന് നന്ദി. അതു വരുന്ന തലമുറയ്ക്ക് നല്ലതിനാകട്ടെ. അദ്ദേഹം നടത്തുന്ന വ്യവസായ വികസനപദ്ധതികൾക്ക് ഇത്തരത്തിൽ ചില ആൾക്കാർ തുരങ്കം വയ്ക്കുന്നതാണെന്ന് കാണാതെ പോകരുത് സാർ. എന്നും കുറിപ്പിൽ പറയുന്നു. എന്നാൽ സംഭവത്തെ കുറിച്ചുതലശേരി നഗരസഭാ ചെയർപേഴ്സൺ ജമുനാടീച്ചർ, വൈസ് ചെയർമാൻ വാഴയിൽ ശശി എന്നിവർ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തെ കുറിച്ചു അന്വേഷണം നടത്തിവരികയാണെന്നാണ് ഇവരുടെ നിലപാട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്