- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
എരഞ്ഞോളിയിലേത് തെയ്യപ്പറമ്പിലെ പകയോ?
കണ്ണൂർ: കണ്ണൂരിൽ ബോംബു രാഷ്ട്രീയം കൊണ്ടു പൊറുതിമുട്ടി ജനങ്ങൾ. ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമാണ് ജില്ലയിലെ പല മേഖലകളിലുമുള്ളത്. സി.പി. എം പ്രവർത്തകരിൽ ചിലർ ചേരിതിരിഞ്ഞു ഏറ്റുമുട്ടന്നതാണ് പാർട്ടി ഗ്രാമങ്ങളിൽ സംഭവിക്കുന്നത്. എരഞ്ഞോളിയിൽ ഇരുവിഭാഗവും തമ്മിൽ മാസങ്ങൾക്കു മുൻപ് തെയ്യപറമ്പിൽ നടന്ന ഏറ്റുമുട്ടലാണ് ബോംബു നിർമ്മാണത്തിലേക്ക് എത്തിയതെന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം. ഇതിനു ശേഷവും ഇവിടെ ഗ്യാങ് വാറുണ്ടായി ചിലർക്ക് പരുക്കേറ്റിരുന്നു. ഇതിന് തിരിച്ചടിക്കാനാണ് ബോംബു സൂക്ഷിച്ചതെന്നും സംഭവത്തിൽ രാഷ്ട്രീയമില്ലെന്നാണ് പൊലിസ് നൽകുന്ന സൂചന.
പാനൂർ മൂളിയത്തോടിലും ബോംബ് സ്ഫോടനത്തെ തുടർന്ന് സി.പി. എം പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. ഇതു ഇരുസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമാണെന്നാണ് അന്ന് സി.പി. എം വിശദീകരിച്ചിരുന്നത്. ചെറിയ ഇടവേളയ്ക്കുശേഷം കണ്ണൂരിൽ വീണ്ടും ബോംബ് പൊട്ടിയപ്പോൾ ചിതറിയത് നിരപരാധിയായ വൃദ്ധന്റെ ജീവിതമാണ്. വീടിനോട് ചേർന്ന ആളൊഴിഞ്ഞ പറമ്പിൽ തേങ്ങപെറുക്കാൻ പോയപ്പോഴാണ് എരഞ്ഞോളി കുടക്കളത്ത് ആയിനാട്ട് വേലായുധൻ എന്ന എൺപത്തേഴുകാരൻ സ്റ്റീൽ ബോംബ് പൊട്ടികൊല്ലപ്പെട്ടത്. തലശേരി, പാനൂർ, കൂത്തുപറമ്പ്, ചൊക്ലി മേഖലകളിലെ ആളൊഴിഞ്ഞ പറമ്പുകളിലും കുറ്റിക്കാടുകളിലും വീടുകളിലും ബോംബ് നിർമ്മാണം നിർബാധം തുടരുന്നതിനു തെളിവാണ് എരഞ്ഞോളിയിലെ ദാരുണസംഭവം.
എതിരാളികളെ ലാക്കാക്കി നിർമ്മിക്കുന്ന രാഷ്ട്രീയ ബോംബുകൾക്ക് ഇരകളാകുന്നത് പലപ്പോഴും ഒന്നുമറിയാത്ത മനുഷ്യരാണെന്നു മാത്രം. അതിൽ കുട്ടികളും അതിഥിത്തൊഴിലാളികളും സ്ത്രീകളുമുണ്ട്. 1998 സെപ്റ്റംബർ 25ന് തലശ്ശേരി കല്ലിക്കണ്ടി റോഡരികിൽനിന്നു കിട്ടിയ സ്റ്റീൽപാത്രം തുറക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചാണ് അമാവാസി എന്ന തമിഴ് നാടോടി ബാലനു ഗുരുതരപരുക്കേറ്റത്. അമാവാസിയുടെ വലതുകണ്ണും ഇടതുകൈയും നഷ്ടപ്പെട്ടു.
2000 സെപ്റ്റംബർ 27ന് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ദിനത്തിലാണ് സഹോദരനൊപ്പം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അഞ്ചു വയസുകാരിയായ അസ്‌നയുടെ നേർക്ക് ബോംബ് വന്നുവീണത്. ബോംബേറിൽ ഗുരുതര പരുക്കേറ്റ അസ്‌നയുടെ വലതുകാൽ മുറിച്ചുമാറ്റേണ്ടിവന്നു. ജില്ലയിൽ കാൽനൂറ്റാണ്ടിനിടെ 10 പേരാണ് ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. നൂറോളം പേർക്കു പരുക്കേറ്റു. മൂന്നു വർഷത്തിനിടെ പത്തിടത്താണ് ബോംബ് സ്‌ഫോടനങ്ങളുണ്ടായത്. നാലുപേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരുക്കേറ്റു.
പരുക്കേറ്റവരിൽ അഞ്ചുപേർ 12 വയസ്സിൽ താഴെയുള്ളവരായിരുന്നു. 2022 ജൂലൈ അഞ്ചിനു മട്ടന്നൂരിൽ ആക്രിസാധനങ്ങൾ സൂക്ഷിച്ച വീട്ടിലുണ്ടായ ഉഗ്രസ്‌ഫോടനത്തിൽ അസം ബാർപേട്ട സ്വദേശി ഫസൽഹഖ്(52), മകൻ ഷാഹിദുൽ ഇസ്ലാം(24) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രിസാധനങ്ങളിലുണ്ടായിരുന്ന സ്റ്റീൽ ബോംബ് തുറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. 2022 ഫെബ്രുവരി 12നു തോട്ടടയിൽ വിവാഹപാർട്ടിക്കു നേരെയുണ്ടായ ബോംബേറിൽ ഏച്ചൂർ പാതിരിപ്പറമ്പ് സ്വദേശി ജിഷ്ണു(26) കൊല്ലപ്പെട്ടു. ആറു പേർക്കുപരുക്കേറ്റു. വഴിയിൽ ഉപേക്ഷിച്ച ബോംബ്, ഐസ്‌ക്രീം ബോളാണെന്നു കരുതി എറിഞ്ഞു കളിച്ചപ്പോൾ പൊട്ടിത്തെറിച്ച് മാസങ്ങൾക്കുമുമ്പ് മൂന്നു കുട്ടികൾക്കും പരുക്കേറ്റു.
നിർമ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് മരണപ്പെടുന്നവർക്കും പരുക്കേൽക്കുന്നവർക്കും ജില്ലയിൽ കുറവില്ല. രണ്ടരമാസം മുമ്പാണ് പാനൂർ മുളിയാത്തോട്ടിൽ നിർമ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ കൈവേലിക്കൽ കാട്ടീന്റവിട ഷെറിൻ കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകർക്കു പരുക്കേറ്റു. തെരഞ്ഞെടുപ്പുകാലത്ത് എതിരാളികളെ ഭയപ്പെടുത്താനും പാർട്ടിഗ്രാമങ്ങളിലെ മോധാവിത്തം ഉറപ്പാക്കാനുമാണ് ജില്ലയിൽ ബോംബ് പരീക്ഷണങ്ങൾ നടക്കാറുള്ളതെങ്കിലും അടുത്തിടെയായി എപ്പോൾ എവിടെ വേണമെങ്കിലും സ്‌ഫോടനം നടന്നേക്കാമെന്ന ആധിയിലാണ് നാട്ടുകാർ. അക്രമരാഷ്ട്രീയം ഉപേക്ഷിച്ചെന്ന് രാഷ്ട്രീയ നേതാക്കൾ ആണയിടുമ്പോഴാണ് ജില്ലയിൽ പലയിടത്തും ബോംബ് സ്‌ഫോടനങ്ങൾ തുടർക്കഥയാകുന്നത്.
പാനൂർ വടക്കേ പൊയിലൂർ മൈലാടി കുന്നിൽനിന്ന് 2008 നവംബർ 13ന് പൊലിസ് പിടികൂടിയത് 125 നാടൻ ബോംബുകളാണ് സംസ്ഥാന ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബോംബുകൾ പിടികൂടിയ കേസായിരുന്നു അത്. ഇത്രയേറെ ബോംബുകൾ ആരാണുണ്ടാക്കിയതെന്നു കണ്ടെത്താൻ ഇക്കാലമായിട്ടും പൊലിസിനു കഴിഞ്ഞില്ല. ഈ കേസിൽ മാത്രമല്ല, ബോംബുകൾ പിടികൂടുന്ന മിക്ക കേസുകളിലും ഇതുതന്നെ സ്ഥിതി. സ്‌ഫോടകവസ്തു നിയമപ്രകാരം കേസെടുക്കുമെങ്കിലും നിർമ്മിച്ചയാളെയോ പ്രേരിപ്പിച്ചയാളെയോ കണ്ടെത്താനാവില്ലെന്നു മാത്രം. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കണ്ണൂരിൽ ആളൊഴിഞ്ഞ പറമ്പിൽനിന്നും മറ്റുമായി പൊലിസ് കണ്ടെടുത്തത് 250 ബോംബുകളാണ്. ഒപ്പം ബോംബ്‌നിർമ്മാണ സാമഗ്രികളും കണ്ടെടുക്കുന്നുണ്ട്.
ഇതിനിടെ എരഞ്ഞോളി കൂടക്കളത്ത് ബോംബ് പൊട്ടി വയോധികൻ മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട വേലായുധന്റെ അയൽവാസി സീനയെന്ന വീട്ടമ്മയാണ് രംഗത്തെത്തിയത്. സി.പി. എം പ്രവർത്തകർ ബോംബുണ്ടാക്കുന്നതു കാരണം ഇവിടെ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് വേദനയോടെ അവർ പറഞ്ഞു. ആളൊഴിഞ്ഞ വീടുകളെല്ലാം സി.പി. എമ്മുകാരുടെ ബോംബു നിർമ്മാണ ഹബ്ബാണ്. ഞങ്ങളുടെ മക്കൾക്ക് തൊടിയിലും പറമ്പിലും ഓടിക്കളിക്കണം. സഹികെട്ടാണ് ഇതുപറയുന്നത്. വീടുവാടകയ്ക്ക് കൊടുത്തപ്പോൾ വാടകക്കാർ ബോംബുണ്ടെന്ന് പറഞ്ഞ് അവർ ഒഴിഞ്ഞു പോയി. ഇവിടെ വീട്ടുപറമ്പിൽ കണ്ട ബോംബ് മൂന്ന് സിപിഎമ്മുകാരാണ് മാറ്റിയത്.
പ്രദേശത്ത് സ്ഥിരമായി ബോംബ് നിർമ്മാണം നടക്കുന്നുണ്ടെന്ന് യുവതി ആരോപിച്ചു. തൊട്ടടുത്ത പറമ്പിൽ നിന്ന് പോലും നേരത്തെയും ബോംബുകൾ കണ്ടെടുത്തിട്ടുണ്ട്. പൊലീസിനെ അറിയിക്കാതെ സിപിഐഎം പ്രവർത്തകർ ബോംബുകൾ എടുത്തുമാറ്റി. ഭയന്നിട്ടാണ് ആരും പ്രതികരിക്കാതിരിക്കുന്നതെന്നും അവർ പറഞ്ഞു. സഹികെട്ടാണ് തുറന്നു പറയുന്നത്. ജീവിക്കാൻ അനുവദിക്കണമെന്നാണ് പാർട്ടിയോടുള്ള അപേക്ഷ. ബോംബ് പൊട്ടി മരിക്കാൻ ആഗ്രഹമില്ല. ഇത്തരക്കാരെ നേതൃത്വം നിയന്ത്രിക്കണമെന്നും ഇതു പറഞ്ഞതിൽ തന്റെ വീടിന് നേരെ ബോംബെറിയാൻ സാധ്യതയുണ്ടെന്നും സീന പറഞ്ഞു. ഇതെല്ലാം സിപിഎം നിഷേധിച്ചു. സീന കോൺഗ്രസുകാരിയാണെന്നാണ് സിപിഎം ആരോപിക്കുന്നത്.
കണ്ണൂർ എരഞ്ഞോളി കുടക്കളം സ്വദേശി വേലായുധൻ(86) ആണ് കഴിഞ്ഞ ദിവസം ബോംബ് പൊട്ടി മരിച്ചത്. ഒഴിഞ്ഞ പറമ്പിൽ തേങ്ങയെടുക്കാൻ പോകുന്നതിനിടെയാണ് ബോംബ് പൊട്ടിയത്. വെടിമരുന്നുകളും സ്‌ഫോടക സാമഗ്രികളും ദുരുപയോഗം ചെയ്ത് ബോംബ് നിർമ്മാണവും മറ്റും നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ് നിയമസഭയിൽ പറഞ്ഞിരുന്നു. എരഞ്ഞോളി മേഖലയിൽ ബോംബുകൾക്കായി പൊലിസിൽ വ്യാപകമായ തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും ഒന്നും കണ്ടെത്താനായില്ല. കണ്ണൂരിൽ നിന്നെത്തിയ ബോംബ് ഡോഗ് സ്‌ക്വാഡുകളും കതിരൂർ പൊലിസുമാണ് റെയ്ഡ് നടത്തിയത്.
തലശേരി എ.സി.പി ഷഹൻഷായുടെ നേതൃത്വത്തിൽ സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്. ഇവിടെ ഇരുസംഘങ്ങൾ തമ്മിൽ നേരത്തെ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതിൽ ചിലർക്ക് പരുക്കേറ്റിരുന്നു. ഇതിനെ തുടർന്നാണ് ബോംബുശേഖരിച്ചതെന്നാണ് പൊലിസ് നൽകുന്ന വിവരം.