- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരീക്ഷണവും മദ്യപിച്ച ശേഷമുള്ള സംസാരവും കൊലപാതകിയെ കാട്ടിക്കൊടുത്തു; ഡിഎൻഎ പരിശോധന സംശയത്തെ സ്ഥിരീകരണമാക്കി; ഏരൂർ വിളക്കുപാറയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ മോഹനനെ കുടുക്കിയത് പൊലീസിന്റെ ജാഗ്രത
കൊല്ലം: ഏരൂർ വിളക്കുപാറയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിലാകുന്നത് ആറുമാസത്തെ അന്വേഷണ മികവിൽ. വിളക്കുപാറ ദർഭപ്പണ ശരണ്യാലയത്തിൽ മോഹനനാ(60)ണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 26-ന് വൈകീട്ടാണ് ഒറ്റയ്ക്കു താമസിച്ചിരുന്ന വീട്ടിലെ കിടപ്പുമുറിയിൽ മൃതദേഹം കണ്ടെത്തിയത്.
മരണം കൊലപാതകമാണെന്നു പൊലീസ് കണ്ടെത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ബലാത്സംഗത്തിനിടെ കഴുത്തുഞെരിച്ചുള്ള കൊലപാതകമെന്നായിരുന്നു തെളിഞ്ഞത്. കഴുത്തിലെ എല്ലുകൾക്ക് ക്ഷതം സംഭവിച്ചിട്ടുള്ളതായും നെഞ്ചിലും വയറ്റിലും ചുണ്ടിലും മുറിവേറ്റ പാടുകളുള്ളതായും തെളിഞ്ഞു. പുനലൂർ ഡിവൈ.എസ്‌പി. ബി.വിനോദിന്റെ നേതൃത്വത്തിൽ പ്രദേശവാസികളായ നൂറോളം പേരെ പൊലീസ് ചോദ്യംചെയ്തു. 15 പേരെ ഡി.എൻ.എ. പരിശോധനയ്ക്കും വിധേയമാക്കി. പരിശോധനാഫലത്തിൽ മോഹനന്റെ ഡി.എൻ.എ.യുമായി സാമ്യമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
മോഹനനെയും മൂന്നുതവണ ചോദ്യംചെയ്തിരുന്നു. എന്നാൽ പൊലീസിന്റെ നിരന്തരമുള്ള നിരീക്ഷണവും മദ്യപിച്ചശേഷമുള്ള മോഹനന്റെ സംസാരവുമാണ് മോഹനനാണ് കൊലപാതകം നടത്തിയതെന്ന സംശയം സജീവമാക്കിയത്. തുടർന്ന് ഡി എൻ എ പരിശോധന നടത്തി. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തു വീണ്ടും ചോദ്യംചെയ്തതോടെ മോഹനൻ കുറ്റം സമ്മതിക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കൊലപാതകം നടന്ന വീട്ടിലെത്തിച്ചു ശനിയാഴ്ച തെളിവെടുപ്പ് നടത്തി.അടുക്കളവഴി വീട്ടിനുള്ളിൽ കടന്നതും കൊലപാതകം നടത്തിയ രീതിയും പ്രതി പൊലീസിനു കാണിച്ചുകൊടുത്തു.
റൂറൽ പൊലീസ് മേധാവി കെ.ബി.രവി, ഡിവൈ.എസ്‌പി. ബി.വിനോദ്, ഏരൂർ എസ്.എച്ച്.ഒ. എം.ജി.വിനോദ്, എസ്‌ഐ. ശരലാൽ, എസ്.സി.പി.ഒ. ദീപക്, സി.പി.ഒ. ആദർശ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. തെളിവുകൾ ശേഖരിച്ച് പ്രതിയിലേക്കെത്തിയ അന്വേഷണസംഘത്തെ അഭിനന്ദിക്കുന്നതായി റൂറൽ പൊലീസ് മേധാവി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ