- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസാഫ് ബാങ്കിന്റെ മൈക്രോ എടിഎമ്മിൽ നിന്നും പണം പിൻവലിച്ചവരുടെ അക്കൗണ്ടിൽ നിന്നും വീണ്ടും പണം നഷ്ടമായി; സംഭവം കോട്ടയം ഏന്തയാറ്റിൽ; പണം നഷ്ടമായവർ പരാതിയുമായി രംഗത്ത്; ആക്ഷൻ കൗൺസിൽ രൂപീകരിച്ചു
കോട്ടയം: ഇസാഫ് ബാങ്കിന്റെ പേരിലുള്ള മൈക്രോ എ. ടി. എമ്മിൽ സമീപിക്കുന്നവരിൽ നിന്നും വ്യാപക തോതിൽ പണം നഷ്ടപ്പെടുന്നതായി പരാതി. പണം നഷ്ടമായവർ പൊലീസിൽ പരാതി നൽകി. സംഭവവുമായി ബന്ധപെട്ടവരെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി. കോട്ടയം ഏന്തയാറ്റിൽ ജനസേവന േകന്ദ്രം നടത്തുന്നവർക്കാണ് മൈക്രോ എ. ടി. എം. ഫ്രാഞ്ചൈസി നൽകിയിരിക്കുന്നത്. മലയോര പ്രദേശമായ ഇവിടെ ബാങ്ക് ഇല്ലാത്തതിനാൽ സാധാരണക്കാരായ നിരവധി പേരാണ് പണം നിക്ഷേപിക്കുന്നതിനും സ്വീകരിക്കുന്നതിനും ഇവിടെ സമീപിച്ചിരുന്നത്.
ഇങ്ങനെ പണമിടപാട് നടത്തുന്നവരെയാണ് ചൂഷണം ചെയ്തതെന്നാണ് പരാതി. പണം നഷ്ടമായ രണ്ടു പേർ പരാതിയുമായി പൊലീസിനെ സമീപിച്ചു. ഇളംകാട് ഓലിക്കൽ ലീലാമ്മ ബേബി, ഏന്തയാർ ഷിറിൽ പി. കുര്യൻ എന്നിവരാണ് പരാതി നൽകിയിരിക്കുന്നത്. സാധാരണക്കാരായ വീട്ടമ്മമാരുടെയും ഇതരസംസ്ഥാന തൊഴിലാളികളുടെയും പണമാണ് ഇത്തരത്തിൽ നഷ്ടമായത്. പണം പിൻവലിച്ച് നിമിഷങ്ങൾ കഴിഞ്ഞ് വീണ്ടും പണം പിൻവലിച്ചതായി മെസേജ് വരും.
സാധാരണക്കാർ ഈ മെസേജ് ശ്രദ്ധിക്കാറുമില്ല. പലരും ബാങ്കിൽ പോയി നോക്കുമ്പോഴാണ് പണം ഇല്ലായെന്ന് വിവരം അറിയുന്നത്. ലീലാമ്മ ബേബി ജൂൺ മാസമാണ് 10,000 രൂപ പിൻവലിച്ചത്. സെക്കന്റുകൾ കഴിഞ്ഞ് 6450 രൂപ കൂടി പിൻവലിച്ചു. ബാങ്കിലെത്തി ബുക്ക് പതിപ്പിച്ചപ്പോഴാണ് പണം നഷ്ടമായത് അറിയാൻ കഴിഞ്ഞത്. സി. എസ്. സി നടത്തുന്നവരെ സമീപിച്ചപ്പോൾ പണം നിങ്ങൾക്ക് തന്നതായി പറഞ്ഞു. പിന്നീട് ഇവർ തമ്മിൽ തർക്കമായി. തുടർന്നാണ് പൊലീസിൽ പരാതി നൽകുന്നത്.
കട നടത്തുകയായിരുന്ന ഷിറിൽ പി. കുര്യൻ പെട്ടെന്നുള്ള ആവിശ്യത്തിന് ഒരാളെ പണം പിൻവലിക്കാൻ അയച്ചു. 5000 രൂപ പിൻവലിച്ച ശേഷം വീണ്ടും 5000 രൂപ പിൻവലിച്ചതായി മെസ്സേജ് വന്നു. പിന്നീട് ബാങ്ക് സ്റ്റേറ്റ്‌മെന്റ് എടുത്ത ശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളി നാട്ടിലേക്ക് 10,000 രൂപ അയച്ചപ്പോൾ പോയത് 1000 രൂപ.
പിന്നീട് തൊഴിലാളി കരഞ്ഞുബഹളം ഉണ്ടാക്കിയതോടെ പണം തിരികെ നൽകുകയായിരുന്നു. പണം നഷ്ടമായ പലരുമായി തർക്കത്തിൽ ഏർപ്പെടുന്നതായും പ്രശ്നം രൂക്ഷമായാൽ പണം തിരികെ നൽകുമെന്നും പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
മറുനാടന് മലയാളി ബ്യൂറോ