നാഗ്പൂർ: നാഗ്പൂരിലെ രാംടെക്കിൽ മരണാനന്തര ചടങ്ങുകൾക്കായി ഒരുങ്ങിയ വീട്ടിൽ അത്ഭുതകരമായ സംഭവങ്ങൾ. മരിച്ചെന്ന് കരുതി സംസ്കാരത്തിന് ഒരുക്കിയ 103 വയസ്സുകാരി ഗംഗാബായ് സഖാരെ ചിതയിലേക്കെടുക്കും മുമ്പ് ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചുവന്നു. യാദൃശ്ചികമെന്ന് പറയട്ടെ, തിങ്കളാഴ്ച വൈകുന്നേരത്തോടെ മരിച്ചതായി കരുതിയ മുത്തശ്ശിക്ക് ചൊവ്വാഴ്ച രാവിലെയാണ് ജീവൻ തിരികെ ലഭിച്ചത്, അന്ന് അവർ തന്‍റെ 103-ാം ജന്മദിനം ആഘോഷിക്കുകയും ചെയ്തു.

തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഗംഗാബായ് മരിച്ചതായി വീട്ടുകാർ ഉറപ്പിച്ചത്. തുടർന്ന് ബന്ധുക്കളെ വിവരമറിയിക്കുകയും സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ മൃതദേഹം പുതിയ സാരി ഉടുപ്പിച്ച് ചിതയിലേക്കെടുക്കാൻ തയ്യാറാക്കി വെച്ചിരിക്കുകയായിരുന്നു.

ബന്ധുക്കളെല്ലാം അന്ത്യോപചാരം അർപ്പിക്കാൻ എത്തിയ ആ നിമിഷം, മുത്തശ്ശിയെ ചിതയിലേക്ക് വയ്ക്കുന്നതിന് തൊട്ടുമുമ്പ്, അവരുടെ കാൽവിരലുകൾ അനങ്ങുന്നത് പേരക്കുട്ടി രാകേഷ് സഖാരെയുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ മൂക്കിൽ വെച്ചിരുന്ന പഞ്ഞി മാറ്റിയപ്പോൾ ഗംഗാബായ് ആഴത്തിൽ ശ്വാസമെടുക്കുകയും കണ്ണുതുറക്കുകയും ചെയ്തു.

മരിച്ചെന്ന് കരുതിയ പ്രിയപ്പെട്ട മുത്തശ്ശി കണ്ണ് തുറന്നതോടെ, അതുവരെ ദുഃഖം തളംകെട്ടിനിന്ന വീട്ടിൽ സന്തോഷം അണപൊട്ടി. മരണാനന്തര ചടങ്ങുകൾക്കായി കെട്ടിയ പന്തൽ നിമിഷങ്ങൾക്കുള്ളിൽ ആഘോഷപ്പന്തലായി മാറി. ഗംഗാബായിയുടെ ജന്മദിനം കൂടിയാണെന്ന് തിരിച്ചറിഞ്ഞതോടെ കുടുംബം കേക്ക് കൊണ്ടുവരികയും എല്ലാവർക്കും മധുരം നൽകി ഈ അസാധാരണ സംഭവം ആഘോഷിക്കുകയും ചെയ്തു.