തിരുവല്ല: ഭാര്യയുടെ അഭിഭാഷകനും ജഡ്ജിയും ഒത്തു കളിച്ച് കേസ് നീട്ടി വയ്ക്കുന്നുവെന്ന് ആരോപിച്ച് തൂമ്പയുമായി വന്ന മർച്ചന്റ് നേവി മുൻ ക്യാപ്ടൻ കുടുംബകോടതി ജഡ്ജിയുടെ കാർ അടിച്ചു തകർത്തു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മംഗലാപുരം കുലായി ഹോസ്പിറ്റൽ പോസ്റ്റൽ അതിർത്തിയിൽ അതുല്യ നഗറിൽ ജയപ്രകാശ്(55) ആണ് പിടിയിലായത്. നഗരസഭാ വളപ്പിൽ പ്രവർത്തിക്കുന്ന കുടുംബ കോടതിക്ക് മുന്നിൽ ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം.

കുടുംബ കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനമാണ് അടിച്ചു തകർത്തത്. ജയപ്രകാശും ഭാര്യയുമായുള്ള വിവാഹ മോചനം സംബന്ധിച്ച കേസ് കാലങ്ങളായി നീട്ടി വയ്ക്കുന്നതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. ഭാര്യയുടെ വക്കീലും ജഡ്ജിയും തമ്മിൽ ഒത്തുകളിക്കുന്നു എന്നും പ്രതി ആരോപിക്കുന്നു. വിവാഹമോചനം, ഭാര്യയ്ക്ക് ജീവനാംശം നൽകൽ, സ്ത്രീധനം തിരികെ നൽകുക തുടങ്ങിയ വിവിധ കേസുകൾ ഇയാൾക്കെതിരെയുണ്ട്.

കോടതിയുടെ സമീപമുള്ള ചന്തയിൽ നിന്ന് തൂമ്പാ മേടിച്ചു കൊണ്ടുവന്നാണ് പ്രതി കാർ അടിച്ചു തകർത്തത്. ജയപ്രകാശ് മർച്ചന്റ് നേവിയിൽ ക്യാപ്റ്റൻ ആയിരുന്നു. 2017 ൽ ആണ് സർവീസിൽ നിന്നും വിരമിച്ചത്. സ്ത്രീധനമായി ലഭിച്ച സ്വർണാഭരണങ്ങൾ തിരിച്ച് വേണമെന്നും ജീവനാംശം നൽകണമെന്നും ആവശ്യപ്പെട്ട് അടൂർ കടമ്പനാട് സ്വദേശിയായ ഭാര്യ പത്തനംതിട്ട കോടതിയിൽ പരാതി നൽകിയിരുന്നു.

ഈ കേസ് ജനുവരിയിലാണ് തിരുവല്ല കുടുംബ കോടതിയിലേക്ക് മാറ്റിയത്. സ്വയം കേസ് വാദിക്കുന്നയാളാണ് ജയപ്രകാശ്.