- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
രേഖകൾ ഇഡിക്ക് നൽകാതെ സിഎംആർഎൽ
കൊച്ചി: മാസപ്പടി കേസിൽ രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറാതെ സിഎംആർഎൽ. വീണയും എക്സാലോജിക്കുമായും ബന്ധപ്പെട്ട രേഖകൾ കൈമാറാനാകില്ലെന്നാണ് സിഎംആർഎൽ ഇഡിയെ അറിയിച്ചിരിക്കുന്നത്. രേഖകൾ അതീവ രഹസ്യസ്വഭാവമുള്ളതാണെന്നാണ് വാദം. കൂടാതെ മറ്റൊരു ഏജൻസി പരിശോധിച്ചു തീർപ്പുകൽപ്പിച്ചതാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക ഇടപാടുകളുടെ രേഖകളും കരാറുകളുമാണ് ഇഡി ആവശ്യപ്പെട്ടത്. ആവശ്യപ്പെട്ട രേഖകൾ ആദായനികുതി വകുപ്പിന്റെ സെറ്റിൽമെന്റ് നടപടികളുടെ ഭാഗമായതാണെന്ന് സിഎംആർഎൽ അറിയിച്ചു. സെറ്റിൽമെന്റ് കമ്മിഷന്റെ നടപടികൾ തീർപ്പാക്കിയതാണെന്നും മറ്റൊരു ഏജൻസികൾക്കും പുനഃപരിശോധിക്കാനാകില്ലെന്നും സിഎംആർഎൽ മറുപടി നൽകി. ആദായനികുതി നിയമത്തിലെ വിവിധ വകുപ്പുകൾ ചൂണ്ടിക്കാട്ടിയാണ് സിഎംആർഎൽ നീക്കം.
അതിനിടെ ചീഫ് ഫിനാൻസ് മാനേജർ പി സുരേഷ് കുമാർ കരാർ രേഖ ഹാജരാക്കിയില്ല. സുരേഷ് കുമാറിനെ ഇന്നും ചോദ്യംചെയ്യും. എക്സാലോജിക്കുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അറിയില്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥർ നൽകുന്നതെന്ന് ഇഡി പറയുന്നു. സുരേഷ് കുമാറിനെയും മുൻകാഷ്യർ വാസുദേവനെയും ഇന്നും ചോദ്യംചെയ്യും.
അതിനിടെ മാസപ്പടി കേസിൽ എസ്എഫ്ഐഒ, ഇഡി അന്വേഷണങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. കമ്പനിയുടെ ഹർജിയിൽ കമ്പനികാര്യ മന്ത്രാലയത്തിന് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. മാസപ്പടി കേസ് ആദായ നികുതി ഇന്ട്രിം സെറ്റിൽമെന്റ് ബോർഡ് തീർപ്പാക്കിയതാണെന്നും ഇനി മറ്റ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് സിഎംആർഎൽ ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത രേഖകളോ മൊഴിയുടെ വിവരങ്ങളോ മറ്റ് അന്വേഷണ ഏജൻസികൾക്ക് കൈമാറരുതെന്നും സിഎംആർഎൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ കൈമാറിയിട്ടുണ്ടെങ്കിൽ അത് ഉപയോഗിക്കാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു.
വനിതാ ജീവനക്കാരിയെ അടക്കം ഇഡി 24 മണിക്കൂർ നിയമവിരുദ്ധ കസ്റ്റഡിയിൽ വെച്ചെന്ന പരാതിയും സിഎംആർഎൽ കോടതിയിൽ ഉന്നയിച്ചു. വനിതാ ജീവനക്കാരിയെ ഇഡി രാത്രി കസ്റ്റഡിയിൽ വെച്ചെന്നാണ് പരാതി. ചോദ്യംചെയ്യലിന്റെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കാൻ നിർദ്ദേശിക്കണമെന്നും ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ വനിതാ ജീവനക്കാരിയെ വനിത ഉദ്യോഗസ്ഥയാണ് ചോദ്യം ചെയ്തതെന്ന് ഇഡി കോടതിയെ അറിയിച്ചു. ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കാൻ കമ്പനി എംഡി ശശിധരൻ കർത്ത മെഡിക്കൽ റിപ്പോർട്ട് കോടതിയിൽ നൽകിയിട്ടുണ്ട്. ഹർജി വെള്ളിയാഴ്ച കോടതി പരിഗണിക്കും.
സിഎംആർഎല്ലും എക്സാലോജിക് കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. എക്സാലോജിക്കിന് സിഎംആർഎല്ലിൽ നിന്ന് 1.72 കോടി ലഭിച്ചു എന്ന കണ്ടെത്തലായിരുന്നു കേസിന്റെ ആധാരം. ഐടി സേവനങ്ങളുടെ പ്രതിഫലം എന്ന നിലയിലാണ് ഈ പണം നൽകിയത് എന്നാണു വാദം. എന്നാൽ ഇല്ലാത്ത സേവനത്തിന്റെ പേരിലാണ് പണം നൽകിയത് എന്ന പരാതികളെ തുടർന്ന് കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിന്റെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് അന്വേഷണം ആരംഭിച്ചു.
ഇതിനു പിന്നാലെയാണ് ഇഡിയും കേസിൽ അന്വേഷണം ആരംഭിച്ചത്. സിഎംആർഎല്ലിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാവും ഈ കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരെ ഇഡി ചോദ്യം ചെയ്യുക. മുഖ്യമന്ത്രിയുടെ മകൾ അടക്കമുള്ളവരെക്കൂടി വിളിച്ചുവരുത്താനുള്ള നീക്കത്തിലാണ് കേന്ദ്ര അന്വേഷണ ഏജൻസി.