- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
എക്‌സാലോജിക് മാസപ്പടിയിലും ഇഡി ഇടപെടൽ തുടങ്ങി
കൊച്ചി:കരുവന്നൂരിന് ഒപ്പം എക്‌സാലോജിക്കിലും കുരുക്ക് മുറുക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മാസപ്പടി കേസിൽ പ്രാഥമിക വിവര ശേഖരണം ഇഡി പൂർത്തിയാക്കി. ഈസാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാണ് തീരുമാനം. കരിമണൽ കർത്തയുടെ കമ്പനിയ ജീവനക്കാർ നൽകുന്ന മൊഴി അതിനിർണ്ണായകമാകും.
നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ ഉദ്യോഗസ്ഥക്ക് ഇഡി നോട്ടീസ് നൽകി. കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസിൽ നിർദ്ദേശം നൽകിയിരിക്കുന്നത്. ഫിനാൻസ് ചുമതല ഉള്ള ഉദ്യോഗസ്ഥനെയാണ് നാളെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുള്ളത്. ആദായ നികുതി സെറ്റിൽമെന്റ് ബോർഡിന്റെ വിധിയാണ് ഈ കേസിന് ആധാരം. ഈ വിധിയെ അംഗീകരിച്ച് സ്ിഎംആർഎൽ നികുതി വെട്ടിപ്പിൽ പിഴയടച്ച് ഒഴിവായി. ഈ സാഹചര്യത്തിൽ ഇഡിക്ക് മുമ്പിൽ അന്ന് ആദായ നികുതി സെറ്റിൽമെന്റ് ബോർഡിന് മുന്നിൽ നൽകിയ മൊഴി ആവർത്തിക്കുമോ എന്നതാണ് നിർണ്ണായകം.
ആ മൊഴി നിരസിക്കാൻ പറ്റാത്ത സാഹചര്യം സിഎംആർഎല്ലിന് മുന്നിലുണ്ട്. കാരണം വിധിക്കെതിരെ അവർ അപ്പീൽ പോയില്ല. അത് അംഗീകരിച്ച് കേസൊഴിവാക്കുകയും ചെയ്തു. പിഴയടച്ച ഈ കേസിൽ ഇനി മൊഴി മാറ്റിയാൽ അത് പുതിയ പ്രശ്‌നമാകും. പിണറായി വിജയന്റെ മകൾ വീണ വിജയനും അവരുടെ സോഫ്റ്റ് വെയർ സ്ഥാപനമായ എക്‌സാലോജിക്കിനും കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് ഇല്ലാത്ത സേവനത്തിന് ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ.
ഇതുകൂടാതെ ലോൺ എന്ന നിലയിലും വീണയ്ക്ക് പണം നൽകിയിരുന്നു. ഇക്കാര്യത്തിൽ കേന്ദ്ര സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും അന്വേഷണം തുടരുന്നതിനിടെയാണ് ഇഡി അ്വേഷണവും നടക്കുന്നത്. വീണ വീജയൻ, എക്‌സാലോജിക് കമ്പനി, സിഎംആർഎൽ, പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസി എന്നിവരാണ് നിലവിൽ അന്വേഷണ പരിധിയിലുള്ളത്. ഇതിനെല്ലാം ആധാരം സെറ്റിൽമെന്റ് ബോർഡിന് മുന്നിലെ സിഎംആർഎല്ലിന്റെ മൊഴികളാണ്. അത് ഇഡിക്ക് മുന്നിലും ആവർത്തിച്ചാൽ വീണാ വിജയൻ പ്രതിസന്ധിയിലാകും.
സിഎംആർഎല്ലുമായുള്ള സാമ്പത്തിക ഇടപാടിന് പുറമേ വീണ വിജയന്റെ സ്ഥാപനം നടത്തിയ മറ്റ് സാമ്പത്തിക ഇടപാടുകളും പരിശോധിക്കുമോയെന്ന് വ്യക്തമല്ല. എന്നാൽ ഇല്ലാത്ത സേവനത്തിന് വീണയുടെ കമ്പനി പണം വാങ്ങിയത് കള്ളപ്പണം വെളുപ്പിക്കലിന്റെ പരിധിയിൽ വരുമെന്നാണ് ഇഡി കണക്കുകൂട്ടുന്നത്. സിഎംആർഎല്ലിന്റെ ബാലൻസ് ഷീറ്റിൽ കള്ളക്കണക്കിന്റെ പെരുക്കങ്ങളുണ്ടെന്ന് ആദായ നികുതി വകുപ്പും കണ്ടെത്തിയിരുന്നു.
അന്വേഷണത്തിന്റെ അടുത്ത പടിയായി വീണയടക്കമുള്ള എതിർകക്ഷികളിൽ നിന്ന് രേഖകൾ ആവശ്യപ്പെടും. സഹകരിച്ചില്ലെങ്കിൽ റെയ്ഡ് ചെയ്ത് പിടിച്ചെടുക്കും. തുടർന്നാകും ചോദ്യം ചെയ്യൽ. ആവശ്യമെങ്കിൽ സ്വത്തുക്കൾ മരവിപ്പിക്കുന്നതടക്കമുള്ള നടപടികളിലേക്ക് എൻഫോഴ്‌സ്‌മെന്റിന് കടക്കാം.
സിപിഎം പ്രതിക്കൂട്ടിൽ നിൽക്കുന്ന കരുവന്നൂരിൽ ഇഡി ചോദ്യം ചെയ്യലുകൾ നടത്തുന്നുണ്ട്. അറസ്റ്റിലേക്കും കടക്കുമെന്നാണ് സൂചന. ഇതിനിടെയാണ് എക്‌സാലോജിക്കിലെ അന്വേഷണം.