കൊച്ചി: എക്‌സാലോജിക്ക് സിഎംആർഎൽ അനധികൃത പണമിടപാടു സംബന്ധിച്ച കേസിൽ ഇ.ഡിയുടെ അന്വേഷണത്തിൽ സിപിഎമ്മിന്റെ അവസാന പ്രതീക്ഷയും തെറ്റി. കേസിൽ ഇടപെടാതെ ഹൈക്കോടതി കേന്ദ്ര ഏജൻസിക്ക് നൽകുന്നത് പൂർണ്ണ അധികാരങ്ങളാണ്. ഇതോടെ അതിനിർണ്ണായക നീക്കങ്ങളിലേക്ക് കാര്യങ്ങൾ മാറും. ആദ്യം ചോദ്യം ചെയ്യൽ. തൽകാലം അറസ്റ്റ് ചെയ്യില്ലെങ്കിലും ഭാവിയിൽ അതിന് സാധ്യത ഏറെയാണ്.

അന്വേഷണവും നടപടികളും സമൻസും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ, മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്ത, കമ്പനി ഉദ്യോഗസ്ഥർ തുടങ്ങിയവർ നൽകിയ ഹർജിയാണ് ജസ്റ്റിസ് ടി.ആർ.രവി പരിഗണിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) നടപടികൾ ആരംഭിക്കാനുള്ള കുറ്റകൃത്യമില്ലെന്നും ഇ.ഡിക്ക് അന്വേഷണം നടത്താനുള്ള നിയമാധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സ്റ്റേ ആവശ്യം ഉന്നയിച്ചത്.

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്എഫ്‌ഐഒ) ഫയൽ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നതെന്നു ഹർജിക്കാർ അറിയിച്ചു. കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയ അന്വേഷണം മാത്രമാണു നടക്കുന്നതെന്നും ഹർജിക്കാർക്കായി ഹാജരായ സുപ്രീം കോടതി അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര ചൂണ്ടിക്കാട്ടി. കമ്പനി നിയമപ്രകാരം എസ്എഫ്‌ഐഒ അന്വേഷണം ആരംഭിച്ചാൽ മറ്റ് അന്വേഷണ ഏജൻസികൾക്ക് ഇതു സംബന്ധിച്ച ഇടപാടുകളോ കുറ്റകൃത്യമോ അന്വേഷിക്കാനാവില്ലെന്നും വ്യക്തമാക്കി.

വിശദമായ വാദം വേണമെന്നും മറുപടി സത്യവാങ്മൂലം നൽകാൻ സമയം വേണമെന്നും ഇ.ഡിക്കായി ഹാജരായ അഡ്വ. ജയശങ്കർ വി.നായർ വാദിച്ചു. ഹർജിക്കാർ ചോദ്യംചെയ്യാനായി ഹാജരായാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കില്ലെന്നും അറിയിച്ചു. തുടർന്ന് ഹർജിക്കാർക്ക് ഹാജരാകാനുള്ള സമയം ഹൈക്കോടതി 15 വരെ നീട്ടി നൽകി. ഹർജി മെയ്‌ 22ന് പരിഗണിക്കാൻ മാറ്റി. എസ്.എൻ.ശശിധരൻ കർത്തയ്ക്കു പുറമേ, സീനിയർ മാനേജർ എൻ.സി.ചന്ദ്രശേഖരൻ, സീനിയർ ഓഫിസർ അഞ്ജു റേച്ചൽ കുരുവിള, ചീഫ് ഫിനാൻസ് ഓഫിസർ കെ.എസ്.സുരേഷ്‌കുമാർ എന്നിവരാണു ഹർജി നൽകിയത്.

വെള്ളിയാഴ്ച ഹാജരാകാൻ നിർദ്ദേശിച്ചവർക്ക് തിങ്കളാഴ്ച ഹാജരാകാമെന്ന് കോടതി വ്യക്തമാക്കി. മറ്റുള്ളവർ നോട്ടീസിൽ പറയുന്ന തീയതികളിൽ ഹാജരാകണമെന്നും നിർദ്ദേശിച്ചു. ഇതോടെ കർത്ത അടക്കമുള്ളവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരും. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനും കേസിൽ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയേക്കും.

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസിൽ തിങ്കളാഴ്ച ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയത് സിഎംആർഎൽ എംഡി അടക്കം നാല് പേർക്കാണ്. ശശിധരൻ കർത്തയ്ക്ക് പുറമെ കമ്പനി ചീഫ് ഫിനാൻസ് ഓഫീസർ കെ എസ് സുരേഷ് കുമാർ, മാനേജർ എൻ സി ചന്ദ്രശേഖരൻ, സീനിയർ ഐടി ഓഫിസർ അഞ്ജു, എന്നിവർ ആണ് ഹാജരാകേണ്ടത്.

സിഎംആർഎൽ കമ്പനിയും വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സലോജിക് കമ്പനിയും തമ്മിൽ ഉണ്ടാക്കിയ സാമ്പത്തിക ഇടപാടിന്റെ രേഖകളും പണം കൈമാറിയ ഇൻവോയ്‌സുകളും ലെഡ്ജർ അക്കൗണ്ടും ചോദ്യം ചെയ്യൽ എത്തുമ്പോൾ ഹാജരാക്കാനും ഇ ഡി നിർദ്ദേശിച്ചിട്ടുണ്ട്. ഈ മാസം എട്ടിന് ഹാജരാകാൻ ആയിരുന്നു നേരത്തെ ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയതെങ്കിലും ഉദ്യോഗസ്ഥരാരും ഹാജരായിരുന്നില്ല. കോടതി നിർദ്ദേശമുള്ളതുകൊണ്ട് ഇനി ഹാജരായേ മതിയാകൂ എന്നതാണ് അവസ്ഥ.