കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെപയ്യാമ്പലം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശനിയാഴ്ച്ച പകല്‍ 2.30 ന് നടന്നപിഎസ്സി പരീക്ഷയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് കോപ്പിയടിച്ച കേസില്‍ മുഖ്യപ്രതി പെരളശേരി മുണ്ടലൂരിലെമുഹമ്മദ് സഹാദിന്റെ കൂട്ടാളിയായ പെരളശ്ശേരി മുണ്ടലൂര്‍ സ്വദേശിയായ യുവാവും പിടിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പെരളശേരി മുണ്ടലൂരിലെ എ.സബീലിനെയാണ് (23) കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞസെപ്റ്റംബര്‍ 27-ന് നടന്ന അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയ്ക്കുള്ള പരീക്ഷയിലാണ് സംഭവം. പരീക്ഷയ്ക്കിടെ ബട്ടണ്‍ ക്യാമറ വഴി ചോദ്യപേപ്പര്‍ സുഹൃത്തായ സ ബീലിന് അയച്ചു കൊടുത്ത് ബ്ലൂടൂത്ത് ഹെഡ്‌സെറ്റിലൂടെ ഉത്തരങ്ങള്‍ കൈപ്പറ്റി പരീക്ഷയെഴുതുകയായിരുന്നു മുഹമ്മദ് സഹാദ്. പൊലിസ് ഇന്‍സ്‌പെക്ടര്‍ പരീക്ഷയുള്‍പ്പെടെ സഹാദ് എഴുതിയ നാലോളം പരീക്ഷകളില്‍ ഇങ്ങനെ ക്രമക്കേട് നടത്തിയെന്നാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്'

പൊലിസ് നടത്തിയ ചോദ്യം ചെയ്യലില്‍ നാലോളം പരീക്ഷകളില്‍ സമാനമായ രീതിയില്‍ കോപ്പിയടിച്ചിട്ടുണ്ടെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ പോലും ഉപയോഗിച്ചിരുന്നതായും കണ്ടെത്തി.

കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നിര്‍ദ്ദേശപ്രകാരം എസ്.ഐ ദീപ്തി വി.വി., എസ്.ഐ അനുരൂപ് കെ., എസ്.ഐ വിനോദ് കുമാര്‍ പി., എസ്.സി.പി.ഒ സജിത്ത്, സി.പി.ഒ രോഹിത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പി. എസ് സി ഇന്റലിജന്‍സ് സ്‌ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷാ സെന്ററില്‍ പരിശോധന നടത്തിയത്.

ഇതിനിടെ പരീക്ഷാ ഹാളില്‍ നിന്നും ഓടി രക്ഷപ്പെട്ട മുഹമ്മദ് സഹാദിനെ കണ്ണൂര്‍ ടൗണ്‍ പൊലിസ് പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാളുടെ മൊഴി പ്രകാരമാണ് കൂട്ടാളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈടെക് കോപ്പിയടിക്ക് പിന്നില്‍ വന്‍ സംഘമുണ്ടെന്ന് പൊലിസ് തുടക്കത്തില്‍ സംശയിച്ചിരുന്നുവെങ്കിലും ഒടുവില്‍ അന്വേഷണം സഹദിന്റ സുഹൃത്തായ സ ബീലിലേക്ക് ഒതുങ്ങുകയായിരുന്നു. ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും വാങ്ങി ഒന്നിച്ചു ചോദ്യം ചെയ്യാന്‍ പൊലിസ് തീരുമാനിച്ചിട്ടുണ്ട്.