കുറവിലങ്ങാട്: ബംഗളുരുവിൽ നിന്നെത്തിയ എസി ബസിന്റെ വരവിൽ പന്തികേട്. ഒടുവിൽ എക്സൈസിന്റെ പരിശോധനയിൽ മണികിലുക്കം. മതിയായ രേഖകൾ ഇല്ലാതെ അനധികൃതമായി കടത്താൻ ശ്രമിച്ച വെള്ളി ആഭരണങ്ങൾ പിടികൂടി. കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിക്കാണ് സംഭവം നടന്നത്. എം സി റോഡിൽ കോഴാ മിനി സിവിൽ സ്റ്റേഷൻ്റെ മുന്നിൽ കുറവിലങ്ങാട് എക്സൈസ് ഇൻസ്പെക്ടർ രാഹുൽ രാജിൻ്റെ നേത്യത്വത്തിലുള്ള സംഘം നടത്തിയ വാഹന പരിശോധനയിലാണ് അനധികൃതമായി കടത്താൻ ശ്രമിച്ച ഉരുപ്പടികൾ പിടികൂടിയത്.

മതിയായ രേഖകൾ ഇല്ലാതെ അന്തർ സംസ്ഥാന ബസിൽ കടത്തുക ആയിരുന്ന 15 ലക്ഷത്തിലധികം രൂപയുടെ വെള്ളി ആഭരണങ്ങളാണ് പിടികൂടിയത്. ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി അന്തർ സംസ്ഥാന ബസുകളിൽ മദ്യവും മയക്കുമരുന്നും കടത്തിക്കൊണ്ട് വരുന്ന സംഘത്തെ പിടി കൂടുന്നതിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് ആഭരണങ്ങൾ പിടികൂടിയത്.

നാല് ചാക്കുകളിലായിട്ടാണ് വെള്ളി ആഭരണങ്ങൾ ഉണ്ടായിരുന്നത്. ബസിന്റെ വരവിൽ തന്നെ സംശയം തോന്നിയ എക്സൈസ് പിടിച്ചുനിർത്തി പരിശോധിച്ചു. അപ്പോഴാണ് ചാക്കു കെട്ടുകളിൽ ഒളിപ്പിച്ച നിലയിൽ വെള്ളി ആഭരണങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ തമിഴ്നാട് സേലം സ്വദേശിയായ കേശവൻ (40) എന്നയാളെയും എക്സൈസ് സംഘം പിടികൂടി ജി.എസ്. ടി വകുപ്പിന് കൈമാറുകയും ചെയ്തു.

എന്താണ് ഓണം സ്പെഷ്യൽ ഡ്രൈവ്?

സാധാരണ ഓണക്കാലത്ത് വ്യാജമദ്യം ഒഴുകാന്‍ സാധ്യത ഉള്ളതിനാൽ എക്സൈസ് ഓണം സ്പെഷ്യല്‍ ഡ്രൈവ് നടത്തുന്നത്. ഓണത്തോട് അനുബന്ധിച്ച് സ്പിരിറ്റ് കടത്ത്, മദ്യത്തില്‍ വീര്യവും അളവും കൂട്ടാന്‍ മായം ചേര്‍ക്കുക ,വ്യാജവാറ്റ് തുടങ്ങിയവയ്ക്കടക്കം സാധ്യത ഉണ്ടെന്നാണ് എക്സൈസ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് വ്യാപകമായി പരിശോധന നടത്തുന്നത്.

ബാറുകള്‍, കള്ളു ഷാപ്പുകള്‍ എന്നിവിടങ്ങളിലും സംസ്ഥാനാതിര്‍ത്തി പ്രദേശങ്ങളിലും പരിശോധന കര്‍ശനമാക്കും. സ്ഥിരം ലഹരി കേസുകളില്‍ പെടുന്നതും, ജാമ്യത്തിലുള്ളതുമായ പ്രതികളെ സദാ നേരം നിരീക്ഷിക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിക്കും.