തിരുവനന്തപുരം: കേരളത്തിലേക്ക് വൻതോതിൽ മയക്കുമരുന്നുകൾ ഒഴുകുന്നത് പതിവാകുന്നു. നഗര, ഗ്രാമ വ്യത്യാസമില്ലാതെ മയക്കുമരുന്ന് ഒഴുകിയെത്തുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. കുട്ടികളിൽ അടക്കം മയക്കുമരുന്നു ഉപയോഗം വർധിച്ചെന്ന വാർത്തകൾ പുറത്തുവന്നതോടെ ശക്തമായ നടപടികളുമായി എക്‌സൈസ് വകുപ്പും രംഗത്തുവന്നു. ഈ സ്‌പെ്ഷ്യൽ ഡ്രൈവിൽ തന്നെ കോടികളുടെ മയക്കുമരുന്നുകളാണ് പിടികൂടിയത്.

മയക്കുമരുന്നിനെതിരെ എക്സൈസ് നടത്തുന്ന സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി സെപ്റ്റംബർ 16 മുതൽ ഇന്നലെ വരെ 1024 കേസുകളിലായി 1038 പ്രതികളെ അറസ്റ്റ് ചെയ്തതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. 14.6 കോടി രൂപയുടെ മയക്കുമരുന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

957.7 ഗ്രാം എംഡിഎംഎ, 1428 ഗ്രാം മെത്താംഫിറ്റമിൻ, 13.9 ഗ്രാം എൽഎസ്ഡി സ്റ്റാമ്പ്, 245.5 ഗ്രാം ഹാഷിഷ് ഓയിൽ, 187.6 ഗ്രാം നർക്കോട്ടിക് ഗുളികകൾ, 16 ഇൻജക്ഷൻ ആംപ്യൂളുകൾ മുതലായവ പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമേ 147.7 കിലോ കഞ്ചാവ്, 181 കഞ്ചാവ് ചെടിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നവംബർ ഒന്നുവരെയാണ് മയക്കുമരുന്നിനെതിരെയുള്ള എക്സൈസ് സ്പെഷ്യൽ ഡ്രൈവ്.

തൃശൂരിലും എറണാകുളത്തുമാണ് ഏറ്റവുമധികം കേസുകൾ ഈ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കുറവ് കാസർഗോഡാണ്. എൻഫോഴ്സ്മെന്റ് ഡ്രൈവിൽ സജീവമായി പങ്കാളികളായ എക്സൈസ് സേനാംഗങ്ങളെ മന്ത്രി അഭിനന്ദിച്ചു. കൂടുതൽ ശക്തമായ നടപടികൾ വരും ദിവസങ്ങളിലും തുടരുമെന്നും മന്ത്രി അറിയിച്ചു.

സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എല്ലാ ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മയക്കുമരുന്ന് കേസിലുൾപ്പെട്ട 2324 കുറ്റവാളികളുടെ ഡാറ്റാബാങ്ക്(ഹിസ്റ്ററി ഷീറ്റ്) തയ്യാറാക്കി നിരീക്ഷിക്കുന്നുണ്ട്. വിദ്യാലയ പരിസരങ്ങളിൽ പ്രത്യേക നിരീക്ഷണവും എക്സൈസ് ഏർപ്പെടുത്തിയിട്ടുണ്ട്. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകൾ, ട്രെയിനുകൾ, അതിർത്തി ചെക്ക്പോസ്റ്റുകൾ, ഇടറോഡുകൾ എന്നിവിടങ്ങളിലെല്ലാം പരിശോധന ശക്തമായി തുടരുകയാണ്.