പത്തനംതിട്ട: കോട്ടയത്ത് സ്വകാര്യ ബാങ്ക് കൊള്ളയടിച്ച കേസിൽ പിടികിട്ടാനുള്ള പ്രതി ഫൈസൽരാജ് ചില്ലറക്കാരനല്ല. കൂടൽ, പത്തനാപുരം പൊലീസ് സ്റ്റേഷനുകളുടെ അതിർത്തിയായ പാടം സ്വദേശിയായ ഫൈസൽ രാജ് പത്തനാപുരത്തെ സ്വകാര്യ ധനകാര്യ സ്ഥാപനം കൊള്ളയടിച്ച് കൈക്കലാക്കിയത് നാലര കിലോ സ്വർണമാണ്. കൂടൽ പൊലീസ് സ്റ്റേഷനിൽ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾക്കെതിരേ കാപ്പ ചുമത്താനുള്ള അപേക്ഷ പൊലീസ് നൽകിയിരുന്നുവെങ്കിലും ജില്ലാ കലക്ടർ നിരസിക്കുകയായിരുന്നു.

കഴിഞ്ഞ മാസം ഏഴിന് കുറിച്ചി മന്ദിരം കവലയിൽ പോളച്ചിറ പാറപ്പുറം പരമേശ്വരൻ നായരുടെ ഉടമസ്ഥതയിലുള്ള സുധാ ഫിനാൻസിന്റെ ഷട്ടർ കുത്തിത്തുറന്ന് 1.25 കോടിയുടെ പണയസ്വർണവും എട്ടു ലക്ഷം രൂപയുമാണ് ഫൈസലും കൂട്ടുകാരൻ പത്തനംതിട്ട കൂടൽ കലഞ്ഞൂർ അനീഷ് ഭവനത്തിൽ അനീഷ് ആന്റണി(25)യും ചേർന്ന് മോഷ്ടിച്ചത്. എസ്‌പി കാർത്തികിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിനൊടുവിൽ അനീഷ് പിടിയിലായെങ്കിലും ഫൈസൽ രാജിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

പത്തനാപുരം സ്റ്റേഷനിൽ രണ്ടു മോഷണക്കേസുകളിൽ പ്രതിയാണ് ഫൈസൽ രാജ്. കഴിഞ്ഞ വർഷം മെയ്‌ 16 ന് പത്തനാപുരത്തെ സ്വകാര്യ ധനകാര്യ സ്ഥാപനമായ പത്തനാപുരം ബാങ്ക് കുത്തിത്തുറന്ന് നാലര കിലോ സ്വർണമാണ് ഫൈസൽ രാജ് മോഷ്ടിച്ചത്. ഈ കേസിൽ ഇയാൾ അറസ്റ്റിലാവുകയും ചെയ്തിരുന്നു. അതിന് മുൻപാണ് മറ്റൊരു മോഷണക്കേസിൽ ഇയാൾ പ്രതിയായത്. 2020 ൽ ഒരു പടക്കമേറ് കേസിൽ ഫൈസലിനെയും അനീഷിനെയും കൂടൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എക്സ്പ്ലോസീവ്സ് ആക്ട് പ്രകാരം എടുത്ത കേസിൽ ഇരുവരും റിമാൻഡിലാവുകയും ചെയ്തു. സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനൊടുവിലാണ് ഇവർ പടക്കമേറ് നടത്തിയത്.

കവർച്ച, ഗുണ്ടാ ആക്രമണം തുടങ്ങി നിരവധി കേസുകൾ ആയപ്പോൾ ഇയാൾക്കെതിരേ കാപ്പ ചുമത്തുന്നതിന് കൂടൽ പൊലീസ് കലക്ടർക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ, ജില്ലാ കലക്ടർ ഇത് നിരസിച്ചു. ഫൈസൽ രാജ് തുടർച്ചയായ കേസിൽ പ്രതിയായിരുന്നതിനാൽ ഇയാൾക്കെതിരേ 107 പ്രകാരം ബോണ്ട് എടുത്തിരുന്നു. ബോണ്ട് ലംഘനം നടത്തിയതിനാൽ അതിന്റെ റിപ്പോർട്ട് നൽകിയാൽ മതിയാകുമെന്ന് പറഞ്ഞാണ് കാപ്പ നിരസിച്ചത്. അതനുസരിച്ച് ബോണ്ട് ലംഘനം സംബന്ധിച്ച് പൊലീസ് റിപ്പോർട്ട് കൊടുക്കുകയും സബ്ഡിവിഷണൽ മജിസ്ട്രേറ്റ് വിളിച്ചു വരുത്തി വീണ്ടും ഒരു ലക്ഷം രൂപയുടെ ബോണ്ട് വയ്പിച്ചു. അതിന് ശേഷവും ലംഘനം നടത്തിയതിനാൽ രണ്ടു ലക്ഷത്തിന്റെ ബോണ്ട് വച്ചു. അതിന് ശേഷം 110 പ്രൊസീഡിയർ തുടങ്ങി ഗുണ്ടാ ആക്ടിൽ ചേർക്കാനുള്ള നടപടി ക്രമങ്ങൾ നടത്തി വരികയാണ്.

കോട്ടയത്ത് നിന്ന് വിവരം കിട്ടിയതിൻ പ്രകാരം പത്തനാപുരം പൊലീസ് ഫൈസൽ രാജിനെ വിളിപ്പിച്ചെങ്കിലും അപകടം മണത്ത് ഇയാൾ മുങ്ങുകയാണുണ്ടായത്. ഇയാൾക്കായി അന്വേഷണം തുടർന്നു വരികയാണെന്ന് കോട്ടയം എസ് പി പറയുന്നു.