കൽപറ്റ: കേരളത്തിൽ വ്യാജ കോൾ സെന്ററും. സ്വകാര്യ ഓൺലൈൻ ഷോപ്പിങ് കമ്പനിയുടെ ലക്കി ഡ്രോ സമ്മാന പദ്ധതിയിൽ ആഡംബര കാർ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ച് വൈത്തിരി സ്വദേശിയിൽ നിന്ന് 12 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് പുതിയ തട്ടിപ്പിന്റെ സാധ്യതകൾ മലയാളിയും പരീക്ഷിച്ചെന്ന് വ്യക്തമാകുന്നത്. രണ്ടു മലയാളികളാണ് അറസ്റ്റിലായത്.

മലയാളികൾ അടങ്ങുന്ന വ്യാജ കോൾ സെന്റർ തട്ടിപ്പു സംഘത്തെ ന്യൂഡൽഹിയിൽ നിന്ന് വയനാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാർ ഗയ സ്വദേശി സിന്റു ശർമ (31), തമിഴ്‌നാട് സേലം സ്വദേശി അമൻ (19), എറണാകുളം സ്വദേശിയും ഡൽഹിയിൽ സ്ഥിരതാമസക്കാരനുമായ അഭിഷേക് (24), പത്തനംതിട്ട സ്വദേശിയും ന്യൂഡൽഹിയിൽ സ്ഥിരതാമസക്കാരനുമായ പ്രവീൺ (24) എന്നിവരെയാണ് പിടികൂടിയത്.

വൈത്തിരി സ്വദേശി ഓൺലൈൻ ഷോപ്പിങ് ആപ് വഴി സാധനം വാങ്ങിയിരുന്നു. ദിവസങ്ങൾക്കു ശേഷം 15 ലക്ഷം രൂപ സമ്മാനം ലഭിച്ചുവെന്ന് മൊബൈൽ ഫോണിൽ സന്ദേശം ലഭിച്ചു. പിന്നാലെ, റജിസ്‌ട്രേഷൻ ഫീസ് ഇനത്തിൽ ചെറിയ തുക അടയ്ക്കാൻ ആവശ്യപ്പെട്ടു. പിന്നീട് തട്ടിപ്പു സംഘം തന്ത്രപൂർവം വിവിധ ഫീസ് ഇനത്തിൽ 12 ലക്ഷത്തോളം രൂപ വാങ്ങിയെടുത്തു. സംശയം തോന്നിയത് നിർണ്ണായകമായി. വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ പരാതിക്കാരൻ സൈബർ പൊലീസിനെ സമീപിച്ചു.

തട്ടിപ്പുകാർ ഉപയോഗിച്ച സിം കാർഡുകളും പണം സ്വീകരിച്ച ബാങ്ക് അക്കൗണ്ടുകളും ബംഗാൾ സ്വദേശികളായ ദരിദ്രരുടെ പേരിലുള്ളതായിരുന്നു. പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകൾ തട്ടിപ്പുസംഘം പണം കൊടുത്ത് വാങ്ങിയെന്നാണ് നിഗമനം. തട്ടിപ്പു വഴി ഈ അക്കൗണ്ടുകളിലെത്തുന്ന പണം ഡൽഹിയിൽനിന്നു ബിഹാറിലെത്തി മുഖം മറച്ച് എടിഎമ്മുകളിൽനിന്ന് പിൻവലിക്കും. സാധാരണക്കാരുടെ പേരിൽ അക്കൗണ്ട് എടുത്ത് എടിഎം കൈക്കലാക്കിയായിരുന്നു തട്ടിപ്പ്.

കഴിഞ്ഞ മാസം അന്വേഷണ സംഘം ഡൽഹിയിലെത്തി പ്രതികളുടെ ടവർ ലൊക്കേഷനുകളിൽ ഒരാഴ്ച തുടർച്ചയായി തിരച്ചിൽ നടത്തിയെങ്കിലും സംഘത്തെ കുറിച്ച് വിവരം ലഭിച്ചില്ല. ഇതിനിടെ തട്ടിപ്പു സംഘത്തിന് ബാങ്ക് അക്കൗണ്ടുകൾ വിൽപന നടത്തിയ ഒരാളെ പൊലീസ് കണ്ടെത്തി. ഇയാളിൽ നിന്ന് കിട്ടിയ വിവരമാണ് നിർണ്ണായകമായത്. തട്ടിപ്പു സംഘത്തിലെ ബിഹാർ സ്വദേശി സ്ഥിരമായി ഒരു പെൺസുഹൃത്തിനെ സന്ദർശിക്കാറുണ്ടെന്നു വിവരം ലഭിച്ചു. ഈ പെൺകുട്ടിയെ കസ്റ്റഡിയിലെടുത്തു. ഇതു മനസ്സിലാക്കിയ പ്രതികൾ ബിഹാറിലേക്കു രക്ഷപ്പെട്ടു.

കേരളത്തിലെത്തിയ അന്വേഷണ സംഘം 150 ഫോൺ നമ്പറുകളുടെ 5 ലക്ഷത്തോളം കോളുകൾ വിശകലനം ചെയ്തു. ഇതിൽ നിന്നും തട്ടിപ്പു സംഘത്തിലെ ബിഹാർ സ്വദേശിക്ക് 10 മാസം മുൻപ് ഒരു കേരള സിമ്മിൽനിന്ന് സന്ദേശം വന്നതായി സൂചന ലഭിച്ചു. ആ ഫോൺ നമ്പറാണ് പ്രതികളെ കണ്ടെത്തുന്നതിൽ നിർണ്ണായകമായത്. മലയാളിയെ ആ അന്വേഷണം കുടുക്കി. തുടർന്ന് കഴിഞ്ഞയാഴ്ച വീണ്ടും അന്വേഷണ സംഘം ഡൽഹിയിലെത്തി. ഒരാഴ്ചയോളം പിന്തുടർന്ന അന്വേഷണ സംഘം വ്യാജ കോൾ സെന്റർ പ്രവർത്തിക്കുന്നത് ഡൽഹിയിലെ പിത്തൻപുര എന്ന സ്ഥലത്തെ ഒരു കെട്ടിടത്തിലെ 7ാം നിലയിലാണെന്നു കണ്ടെത്തി.

തുടർന്ന് ഇരച്ചുകയറി ബലപ്രയോഗത്തിലൂടെ പ്രതികളെ കീഴ്‌പ്പെടുത്തുകയായിരുന്നു. 32 മൊബൈൽ ഫോണുകളും ആയിരക്കണക്കിന് ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങൾ അടങ്ങിയ രേഖകളും പിടിച്ചെടുത്തു.തട്ടിപ്പു കേന്ദ്രമാണെന്ന് അറിയാതെ 15 സ്ത്രീകളും ഇവിടെ ജോലി ചെയ്തിരുന്നു. അവരെ അറസ്റ്റു ചെയ്തില്ല. അന്വേഷണവുമായി സഹകരിക്കാമെന്ന ഉറപ്പു വാങ്ങി വിട്ടയച്ചു.